May 26, 2024

Login to your account

Username *
Password *
Remember Me

കരിക്കുലം രൂപകല്പനയിൽ വിദ്യാർത്ഥികേന്ദ്രീകൃത സമീപനം വേണം: മന്ത്രി ഡോ. ആർ ബിന്ദു

കരിക്കുലം രൂപകല്പനയിൽ വിദ്യാർത്ഥികേന്ദ്രീകൃത സമീപനം വളർത്തിയെടുക്കുന്നതിന് ഊന്നൽ വേണമെന്ന് ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. ഉന്നതവിദ്യാഭ്യാസ കരിക്കുലം കമ്മിറ്റിയുടെ ആദ്യയോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മന്ത്രി.


പുതിയ കരിക്കുലവും സിലബസും രൂപീകരിക്കുമ്പോൾ ഉന്നതവിദ്യാഭ്യാസത്തിനും തൊഴിലിനുമിടയിലെ വിടവ് നികത്തുന്നതിൽ ശ്രദ്ധ ചെലുത്തണം. അത്യാധുനിക സൗകര്യങ്ങൾ ലഭ്യമാക്കുമ്പോൾ തന്നെ, നവസംരംഭകത്വവും നൂതനത്വവും സമ്മേളിക്കുന്ന ജൈവികവ്യവസ്ഥ വികസിപ്പിച്ചെടുക്കുന്നതാവണം പുതിയ കരിക്കുലം - മന്ത്രി ബിന്ദു പറഞ്ഞു.


നാലുവർഷ ബിരുദസംവിധാനത്തിലേക്കു കടക്കുമ്പോൾ മറ്റെല്ലാറ്റിനുമൊപ്പം സുപ്രധാന മേഖലകളായി നൈപുണ്യവികാസവും ലിംഗനീതിയും പാരിസ്ഥിതിക അവബോധവും ഭരണഘടനയോടുള്ള കൂറും ഏറ്റെടുക്കുന്നത് ഉറപ്പാക്കണം. മൂന്നാംവർഷത്തോടെ എക്‌സിറ്റ് ഓപ്ഷൻ ലഭ്യമാക്കാം; നാലാം വർഷത്തോടെ ഓണേഴ്‌സ് ബിരുദവും നൽകാം.


പൊതു ചട്ടക്കൂടിനുള്ളിൽ നിലയുറപ്പിച്ച് പരമാവധി പാഠ്യപദ്ധതി ലക്ഷ്യങ്ങൾ ആർജ്ജിക്കാൻ സർവ്വകലാശാലകൾ സ്വന്തം സ്വയംഭരണപദവി ഉപയുക്തമാക്കണം. കാലത്തിനൊത്ത വഴക്കവും സർഗ്ഗവൈഭവവും പ്രോത്സാഹിപ്പിക്കുമ്പോൾ തന്നെ, ഇന്റേൺഷിപ്പിനും നൈപുണ്യ പരിശീലനത്തിനും കലയ്ക്കും കായികവിദ്യാ മികവിനും ക്രഡിറ്റ് നൽകപ്പെടണം. പ്രവൃത്തി സമയത്തിലും ലൈബ്രറി, കമ്പ്യൂട്ടർ സൗകര്യം, ലാബുകൾ എന്നിവയ്ക്കുള്ള സമയക്രമത്തിലും നിബന്ധനകളിൽ ഇളവുണ്ടാവണം.


ഫലാധിഷ്ഠിത വിദ്യാഭ്യാസ സമ്പ്രദായത്തിൽ (ഔട്ട്കം ബെയ്‌സ്ഡ് എഡുക്കേഷൻ) ഊന്നലോടെ പുതുതലമുറ കോഴ്‌സുകളും വിഷയാന്തരപഠന പദ്ധതികളും തുടങ്ങാനാവണം - മന്ത്രി നിർദ്ദേശിച്ചു.


ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ. രാജൻ ഗുരുക്കൾ, കരിക്കുലം കമ്മിറ്റി ചെയർമാൻ ഡോ. സുരേഷ് ദാസ്, ഉന്നതവിദ്യാഭ്യാസ കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ. രാജൻ വറുഗീസ്, പ്രൊഫ. ഗംഗൻ പ്രതാപ് (കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലാ മുൻ വൈസ് ചാൻസലർ), പ്രൊഫ. എം എസ് രാജശ്രീ (എ പി ജെ അബ്ദുൾ കലാം ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസലർ), പ്രൊഫ. മീന ടി പിള്ള (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ്, കേരള സർവ്വകലാശാല), പ്രൊഫ. അംബർ ഹബീബ് (സ്‌കൂൾ ഓഫ് നാച്ചുറൽ സയൻസസ്, ശിവ് നാദർ യൂണിവേഴ്‌സിറ്റി), പ്രൊഫ. കെ ജി ഗോപ്ചന്ദ്രൻ (ഓപ്‌റ്റോ ഇലക്ട്രോണിക്‌സ് വിഭാഗം, കേരള സർവ്വകലാശാല), പ്രൊഫ. നന്ദകുമാർ കളരിക്കൽ (സ്‌കൂൾ ഓഫ് നാനോ സയൻസ് ആൻഡ് നാനോ ടെക്‌നോളജി, എം ജി സർവ്വകലാശാല), ഡോ. എ. സന്തോഷ് (മദ്രാസ് ഐ ഐ ടി), പ്രൊഫ. എ പ്രവീൺ (സിവിൽ എഞ്ചിനീയറിംഗ് വിഭാഗം, രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, കോട്ടയം), ഡോ. സി. പത്മനാഭൻ (ഇംഗ്ലീഷ് വിഭാഗം, മട്ടന്നൂർ കോളേജ്), പ്രൊഫ. ഗബ്രിയേൽ സൈമൺ തട്ടിലിൽ (കൊമേഴ്‌സ് വിഭാഗം, കേരള സർവ്വകലാശാല), ഡോ. ആൽഡ്രിൻ ആന്റണി (കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല ഫിസിക്‌സ് വിഭാഗം) എന്നിവരും ഇംപ്ലിമെന്റേഷൻ സെൽ റിസർച്ച് ഓഫീസർമാരായ ഡോ. കെ. സുധീന്ദ്രൻ, ഡോ. ഷഫീഖ് വി എന്നിവരും യോഗത്തിൽ പങ്കെടുത്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായുള്ള 28 വിഷയ വിദഗ്ധർ ഓൺലൈനിലും യോഗത്തിൽ പങ്കാളികളായി.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.