ന്യൂഡൽഹി: സംഘപരിവാറിന്റെ ഹിന്ദുത്വ പരീക്ഷണശാലയായ ഗുജറാത്തിൽ രണ്ടു പതിറ്റാണ്ടിലേറെയായി എതിരില്ലാതെ കുതിക്കുന്ന ബിജെപിക്ക് ഇക്കുറി കാര്യങ്ങള്‍ അത്ര സുഗമമല്ല. 1995 മുതൽ ബിജെപിയും കോൺഗ്രസും മുഖാമുഖം ഏറ്റുമുട്ടുന്ന ഗുജറാത്തിൽ മൂന്നാം ശക്തിയായി ആം ആദ്‌മി പാർടി എത്തിയതോടെ ഇക്കുറി തെരഞ്ഞെടുപ്പു ചിത്രം മാറി. വിലക്കയറ്റം, തൊഴിലില്ലായ്‌മ തുടങ്ങിയവ ശക്തമായ ഭരണവിരുദ്ധ വികാരം സൃഷ്ടിക്കുന്നുണ്ട്.
പ്രചാരണരംഗത്ത് മുന്നിൽ ബിജെപിയും എഎപിയുമാണ്. രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്രയുടെ തിരക്കിലായതിനാൽ കോൺഗ്രസ് കേന്ദ്ര നേതൃത്വം ഗുജറാത്തിലേക്ക് ശ്രദ്ധതിരിച്ചിട്ടില്ല. സംസ്ഥാനത്തെ അഞ്ചു മേഖലയായി തിരിച്ച് ചൊവ്വാഴ്‌ചമുതൽ ‘പരിവർത്തൻ സങ്കൽപ്പ്’ യാത്രയ്‌ക്ക് കോൺഗ്രസ് തുടക്കമിട്ടു. സ്ഥാനാർഥിനിർണയം അടക്കമുള്ള കാര്യങ്ങളിലേക്ക് കടക്കേണ്ടതിനാല്‍ യാത്രയുമായി അധികദിവസം മുന്നോട്ടുപോകാനാകില്ല.
നരേന്ദ്ര മോദി ദേശീയ രാഷ്ട്രീയത്തിലേക്ക് മാറിയശേഷം ഗുജറാത്തിൽ ബിജെപി നേതൃപ്രതിസന്ധിയിലാണ്. മോദിക്കുശേഷം കഴിഞ്ഞ എട്ടുവർഷ കാലയളവിൽ മൂന്നു മുഖ്യമന്ത്രിമാർ മാറിമാറി വന്നു. നിലവിലെ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഒരു വർഷംമുമ്പ് മാത്രമാണ് അധികാരമേറ്റത്. ഈ തെരഞ്ഞെടുപ്പിലും മോദിയെ മുൻനിർത്തിയാണ് ബിജെപി നീങ്ങുന്നത്.
പദ്ധതി പ്രഖ്യാപനങ്ങളും മറ്റുമായി ഒരാഴ്‌ചയായി ഗുജറാത്തിൽ മോദി സജീവമാണ്. അതിനിടെയുണ്ടായ മോർബി ദുരന്തം തിരിച്ചടിയായി. മോദിയുടെ പ്രഖ്യാപനങ്ങളെല്ലാം പിന്തള്ളപ്പെടുകയും സർക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലേൽക്കുകയും ചെയ്‌തു.
എഎപി കോൺഗ്രസ് വോട്ടുകളിലാകും വിള്ളൽ വീഴ്‌ത്തുകയെന്ന പ്രതീക്ഷയാണ് ബിജെപിക്ക്.
കൊഴിഞ്ഞു തീര്‍ന്ന് കോൺഗ്രസ്
ഹിമാചൽപ്രദേശിനു പുറമെ ഗുജറാത്തിലും കോൺഗ്രസിൽനിന്ന് നേതാക്കളുടെ കൂട്ടക്കൊഴിഞ്ഞുപോക്ക്. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം 15 കോൺഗ്രസ് എംഎൽഎമാരാണ് രാജിവച്ച് ബിജെപിയിൽ ചേർന്നത്. ആദിവാസി വിഭാഗത്തിൽ നിന്നുള്ള പ്രമുഖ നേതാവ് അശ്വിൻ കോട്‌വാൾ, വിസവദർ എംഎൽഎ, ഹർഷദ് റിബാദിയ എന്നിവരാണ് ഏറ്റവും ഒടുവിൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേക്കേറിയ നേതാക്കൾ. കോൺഗ്രസ് വർക്കിങ് പ്രസിഡന്റായിരുന്ന ഹാർദിക് പട്ടേൽ കഴിഞ്ഞ ജൂണിൽ ബിജെപിയിൽ ചേർന്നു.
2017 തെരഞ്ഞെടുപ്പിൽ 77 സീറ്റ് നേടി കോൺഗ്രസ് വലിയ മുന്നേറ്റം നടത്തി. 22 വർഷത്തിനുശേഷം ആദ്യമായി ബിജെപിയുടെ സീറ്റുനില നൂറിൽ താഴെയായി. പ്രതിപക്ഷമെന്ന നിലയിൽ കോൺഗ്രസ് പാളിയതോടെ കൊഴിഞ്ഞുപോക്ക് തുടങ്ങി. നിലവിൽ 62 എംഎൽഎമാർ മാത്രമാണ് കോൺഗ്രസിന്. 99 എംഎൽഎമാർ മാത്രമുണ്ടായിരുന്ന ബിജെപിക്ക് നിലവിൽ 112 പേരുണ്ട്.
സൗജന്യ അയോധ്യയാത്ര പ്രഖ്യാപിച്ച് കെജ്‌രിവാൾ
ഗുജറാത്ത് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനു പിന്നാലെ ഹിന്ദുത്വയിലൂന്നി സൗജന്യപ്പെരുമഴ തീർത്ത് എഎപി കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ. പാർടിയെ ജയിപ്പിച്ചാൽ ഗുജറാത്തുകാർക്ക് സൗജന്യ അയോധ്യയാത്രയാണ് പ്രധാന വാഗ്‌ദാനം. ഒരു മിനിറ്റ് നീണ്ട വീഡിയോ സന്ദേശത്തിൽ ഗുജറാത്തി ഭാഷയിലാണ് കെജ്‌രിവാൾ സംസാരിച്ചത്. ആർഎസ്‌എസിന്റെ പ്രഖ്യാപിത ലക്ഷ്യമായ ഏകീകൃത സിവിൽ കോഡ് വേണമെന്നും നേരത്തെ ആവശ്യപ്പെട്ടിരുന്നു. ആകെ182 സീറ്റിൽ എഎപി 90– -95 വരെ ജയിക്കുമെന്നാണ് വക്താവ് സൗരഭ് ഭരദ്വാജ് കഴിഞ്ഞദിവസം അവകാശപ്പെട്ടത്. എല്ലാ സീറ്റിലും എഎപി സ്ഥാനാർഥികൾ മത്സരിക്കുന്നുണ്ട്. 2017ൽ 30 സീറ്റിൽ മത്സരിച്ചെങ്കിലും ആരും ജയിച്ചില്ല