കൊച്ചി: വാഹന വ്യവസായ മേഖല കൂടുതല്‍ മികവുറ്റ സംവിധാനങ്ങളിലേക്കു മാറുന്നതിന്‍റെ ചുവടു പിടിച്ച് ഇന്ത്യയിലെ ഇ-മൊബിലിറ്റിക്കു പിന്തുണ നല്കാനായി ബെംഗളുരുവില്‍ പുതിയ എഞ്ചിനീയറിങ് കേന്ദ്രം സ്ഥാപിക്കുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനുമായി മാഗ്ന 120 ദശലക്ഷം ഡോളറിലേറെ വരുന്ന നിക്ഷേപം നടത്തുന്നു. څമാഗ്ന ഇന്നൊവേഷന്‍ കാമ്പസ് ബെംഗളുരു' എന്നറിയപ്പെടുന്ന പുതിയ കേന്ദ്രം എഞ്ചിനീയറിങ് മികവിന്‍റെ മേഖലയായ ബ്രിഗേഡ് ടെക് ഗാര്‍ഡന്‍റെ ഹൃദയ ഭാഗത്തായിരിക്കും. വൈദ്യുതീകരണം, ഇലക്ട്രോണിക്സ് വാഹന സോഫ്റ്റ് വെയര്‍ വികസനം തുടങ്ങിയ മേഖലകളില്‍ മാഗ്നയ്ക്കു വേണ്ടിയുള്ള മുഖ്യ കേന്ദ്രമായി ഇതു പ്രവര്‍ത്തിക്കും.
സോഫ്റ്റ് വെയര്‍, സിസ്റ്റം ഡെവലപ്മെന്‍റ്, സ്റ്റിമുലേഷന്‍, വാഹനങ്ങളുടെ പരീക്ഷണങ്ങളും സംയോജനവും എന്നിവയ്ക്കൊപ്പം ഇലക്ട്രിക് വാഹനങ്ങള്‍ക്കായുള്ള ഡിജിറ്റല്‍, ഡാറ്റാ, ക്ലൗഡ് സൗകര്യങ്ങള്‍ക്കും വേണ്ടി എഞ്ചിനീയര്‍മാരേയും സാങ്കേതികവിദ്യാ വിദഗ്ദ്ധരേയും നിയോഗിക്കുന്ന 2,40,000 ചതുരശ്ര അടിയിലായുള്ള ഈ കേന്ദ്രം 2023 തുടക്കത്തോടെ ആരംഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. 2023 അവസാനത്തോടെ ഇവിടെ ആയിരത്തോളം എഞ്ചിനീയര്‍മാരെയും സാങ്കേതികവിദ്യാ വിദഗ്ദ്ധരേയും നിയോഗിക്കും. ആവശ്യാനുസരണം 250 പേരെ കൂടുതലായി നിയമിക്കുകയും ചെയ്യും.
വാഹനങ്ങളും അവയുമായി ബന്ധപ്പെട്ട സംവിധാനങ്ങളും കൂടുതല്‍ വൈദ്യുതീകരിക്കപ്പെടുകയും സോഫ്റ്റ് വെയര്‍ അധിഷ്ഠിതമാകുകയും ചെയ്യുകയാണ്. ഈ മേഖലയെ വികസിപ്പിക്കുന്നതിന്‍റെ രീതി അതിലൂടെ മാറുകയും ചെയ്യുകയാണെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ മാഗ്ന ഇന്‍റര്നാഷണല്‍ ചീഫ് ടെക്നോളജി ഓഫീസറും എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റുമായ ആന്‍റണ്‍ മേയര്‍ പറഞ്ഞു. തങ്ങളുടെ വാഹന സംവിധാന വികസനവും ഐപി സൃഷ്ടിക്കലും ഇലക്ട്രിക് വാഹന മേഖലകളില്‍ കൂടുതല്‍ ശക്തമാക്കാന്‍ ഈ കേന്ദ്രം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ 12 നിര്‍മാണ ഡിവിഷനുകളും മൂന്ന് ഉല്പന്ന വികസന കേന്ദ്രങ്ങളുമുള്ള മാഗ്നയുടെ ഈ നവസംരഭത്തിന്‍റെ ഭൂമി പൂജ ചടങ്ങുകള്‍ ഈ മാസം 17-ന് ഇന്നൊവേഷന്‍ കേന്ദ്രത്തില്‍ നടക്കും. ചടങ്ങില്‍ മാഗ്ന എക്സിക്യൂട്ടീവുകള്‍ പങ്കെടുക്കും.
എല്ലാവര്‍ക്കും സഹായകമായ രീതിയില്‍ ആധുനിക യാത്രാ സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനു സംഭാവന നല്കുക എന്ന കമ്പനിയുടെ കാഴ്ചപ്പാടിന് അനുസൃതമായി മാഗ്ന സോഫ്റ്റ് വെയര്‍, ഹാര്‍ഡ്വെയര്‍ എഞ്ചിനീയര്‍മാരെ തേടുന്നുണ്ട്. താല്പര്യമുള്ളവര്‍ക്ക് www.magna.com/careers വഴി അപേക്ഷിക്കാം.