മെഡിക്കല്‍ കോളേജ് വികസനത്തിന് 90 ലക്ഷം
തിരുവനന്തപുരം: ഇടുക്കി മെഡിക്കല്‍ കോളേജ് ആദ്യബാച്ച് വിദ്യാര്‍ത്ഥി പ്രവേശനത്തിന് പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ കോളേജ് വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 90 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കി. ആശുപത്രിയിലെ വികസന പ്രവര്‍ത്തനങ്ങള്‍, വിവിധ വിഭാഗങ്ങള്‍ക്കുള്ള ആശുപത്രി ഉപകരണങ്ങള്‍, സാമഗ്രികള്‍ എന്നിവയ്ക്കാണ് തുകയനുവദിച്ചത്. ഇടുക്കി മെഡിക്കല്‍ കോളേജില്‍ വലിയ വികസന പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. പുതിയ കെട്ടിടം പൂര്‍ത്തീകരിച്ച് ഐപി ആരംഭിച്ചു. സൗകര്യങ്ങളൊരുക്കി മെഡിക്കല്‍ കോളേജില്‍ നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അനുമതി ലഭ്യമാക്കി. മെഡിക്കല്‍ കോളേജില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കി. ഇവ കൂടാതെയാണ് ഈ തുക അനുവദിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
സൈക്യാട്രി വിഭാഗത്തില്‍ ഇസിടി മെഷീന്‍, ജനറല്‍ മെഡിസിന്‍ വിഭാഗത്തില്‍ 2 സീക്വന്‍ഷ്യല്‍ കമ്പ്രഷന്‍ ഡിവൈസ് കാഫ് പമ്പ്, പീഡിയാട്രിക് വിഭാഗത്തില്‍ ന്യൂ ബോണ്‍ മാനിക്വിന്‍, ഒഫ്ത്തല്‍മോസ്‌കോപ്പ്, അനാട്ടമി വിഭാഗത്തില്‍ ബോഡി എംബാമിംഗ് മെഷീന്‍, ബയോകെമിസ്ട്രി വിഭാഗത്തില്‍ സെമി ആട്ടോ അനലൈസര്‍, ഗൈനക്കോളജി വിഭാഗത്തില്‍ കാര്‍ഡിയാക് മോണിറ്റര്‍, 2 സിടിജി മെഷീന്‍, സ്‌പോട്ട് ലൈറ്റ്, ഒഫ്ത്താല്‍മോളജി വിഭാഗത്തില്‍ നോണ്‍ കോണ്ടാക്ട് ടോണോമീറ്റര്‍, റേഡിയോ ഡയഗ്നോസിസ് വിഭാഗത്തില്‍ ഡി ഹുമിഡിഫയര്‍, അനസ്‌തേഷ്യ വിഭാഗത്തില്‍ ഇടിഒ സ്റ്റെറിലൈസര്‍, ഇ എന്‍ടി വിഭാഗത്തില്‍ എന്‍ഡോസ്‌കോപ്പ് സീറോ ഡിഗ്രി, 30 ഡിഗ്രി എന്‍ഡോസ്‌കോപ്പ്, 45 ഡിഗ്രി എന്‍ഡോസ്‌കോപ്പ്, മൈക്രോബയോളജി വിഭാഗത്തില്‍ ഹൊറിസോണ്ടല്‍ സിലിണ്ടറിക്കല്‍ ആട്ടോക്ലേവ്, പത്തോളജി വിഭാഗത്തില്‍ ട്രൈനോകുലര്‍, മറ്റ് ആശുപത്രി ഉപകരണങ്ങള്‍, വിവിധ ആശുപത്രി സാമഗ്രികള്‍ എന്നിവയ്ക്കാണ് തുകയനുവദിച്ചത്.