November 21, 2024

Login to your account

Username *
Password *
Remember Me

ഓപ്പൺ സർവ്വകലാശാല നടത്താനുദ്ദേശിക്കുന്ന കോഴ്‌സുകൾ ഒഴികെയുള്ളവ മറ്റ് സർവ്വകലാശാലകൾക്ക് നടത്താം: മന്ത്രി

തിരുവനന്തപുരം: ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാല നടത്താനുദ്ദേശിക്കുന്ന 12 യു.ജി. കോഴ്‌സുകളും 5 പി.ജി. കോഴ്‌സുകളും ഒഴികെയുള്ള മറ്റ് കോഴ്‌സുകൾ യു.ജി.സി. അനുമതിയോടെ ഈ അക്കാദമിക വർഷം തുടർന്ന് നടത്താൻ കേരള, മഹാത്മാഗാന്ധി, കാലിക്കറ്റ്, കണ്ണൂർ തുടങ്ങിയ സർവ്വകലാശാലകൾക്ക് അനുമതി നൽകി ഉത്തരവായിട്ടുണ്ടെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ.ബിന്ദു നിയമസഭയിൽ പറഞ്ഞു. പ്രതിപക്ഷനേതാവ് ശ്രീ. വി.ഡി. സതീശന്റെ സബ്മിഷന് നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി ആക്ട് പ്രകാരമാണ് മറ്റ് സർവ്വകലാശാലകൾ വിദൂരവിദ്യാഭ്യാസത്തിലൂടെയോ പ്രൈവറ്റ് രജിസ്‌ട്രേഷനിലൂടെയോ വിദ്യാർത്ഥികൾക്ക് പഠനകോഴ്‌സുകളിലേക്ക് പ്രവേശനം നൽകരുതെന്ന് വ്യവസ്ഥ ചെയ്തിരുന്നത്. ഓപ്പൺ സർവ്വകലാശാലകളുടെ കോഴ്‌സുകൾക്ക് ഡിസ്റ്റൻസ് എഡ്യുക്കേഷൻ ബ്യൂറോയുടെ അംഗീകാരം ലഭിക്കുന്നതുവരെ കേരള, മഹാത്മാഗാന്ധി, കാലിക്കറ്റ്, കണ്ണൂർ എന്നീ സർവ്വകലാശാലകൾക്ക് വിദൂരവിദ്യാഭ്യാസം-പ്രൈവറ്റ് രജിസ്‌ട്രേഷൻ കോഴ്‌സുകൾ നടത്താൻ സർക്കാർ അനുമതി നൽകിയിരുന്നു. ഓപ്പൺ സർവ്വകലാശാലയ്ക്ക് കോഴ്‌സുകൾ നടത്താൻ യു.ജി.സിയുടെ അംഗീകാരം 2022 സെപ്റ്റംബറോടു കൂടി ലഭിക്കുമെന്ന പ്രതീക്ഷയിൽ ആ അനുമതി ലഭിക്കുന്നില്ലെങ്കിൽ മാത്രം മറ്റ് സർവ്വകലാശാലകൾക്ക് ഈ വർഷം വിദൂരവിദ്യാഭ്യാസം – പ്രൈവറ്റ് രജിസ്‌ട്രേഷൻ കോഴ്‌സുകൾക്ക് അനുമതി നൽകുമെന്ന് സർവ്വകലാശാലകളെ അറിയിച്ചിരുന്നു. ഈ സർക്കുലറിനെതിരെ സമർപ്പിച്ച റിട്ട് പരാതികളിൽ ഹൈക്കോടതി പുറപ്പെടുവിച്ച വിധിന്യായത്തിന്റെ അടിസ്ഥാനത്തിലാണ് ഈ അക്കാദമിക വർഷം മറ്റു കോഴ്‌സുകൾ തുടർന്ന് നടത്താൻ സർവ്വകലാശാലകൾക്ക് അനുമതി നൽകി ഉത്തരവിട്ടിരിക്കുന്നതെന്ന് മന്ത്രി അറിയിച്ചു.

പുതിയകോഴ്‌സുകൾക്ക് യു.ജി.സി. ഡിസ്റ്റൻസ് എഡ്യുക്കേഷൻ ബ്യൂറോയുടെഅംഗീകാരത്തിന് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി മെയ് 31ന് ആയിരുന്നു. ഒ.ഡി.എൽ. സമ്പ്രദായത്തിൽ ഓരോ കോഴ്‌സിനും പ്രത്യേകം യു.ജി.സി. അനുമതി ആവശ്യമാണ്. മെയ് 28 നുതന്നെ ഇതിനുവേണ്ട രേഖകൾ മുഴുവൻ സർവ്വകലാശാല യു.ജി.സിയ്ക്ക് സമർപ്പിച്ചിട്ടുണ്ട്. തുടർന്ന് യുജിസി ആവശ്യപ്പെട്ട വിശദാംശങ്ങളും ബന്ധപ്പെട്ട രേഖകളും നിശ്ചിത സമയത്തു തന്നെ നൽകിയിട്ടുണ്ട്. അപേക്ഷ പരിശോധിച്ച യു.ജി.സി, സർവകലാശാലയിൽ വിദഗ്ധസമിതിയുടെ വെർച്വൽ വിസിറ്റ് നടത്തുമെന്നറിയിച്ചിട്ടുണ്ട്.

മേൽപ്പറഞ്ഞ കോഴ്‌സുകളുടെ അനുമതി സംബന്ധിച്ച അന്തിമതീരുമാനം ഉടൻ ഉണ്ടാകുമെന്ന് കരുതുന്നു. യു.ജി.സിയുടെ അന്തിമഅനുമതി ലഭിച്ചാൽ ഈ അക്കാദമിക് സെഷനിൽ തന്നെ മേൽപറഞ്ഞ കോഴ്‌സുകൾ തുടങ്ങാൻ സാധിക്കും. ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാലയ്ക്ക് ഈ കോഴ്‌സുകൾ നടത്തുന്നതിനുള്ള അനുമതി ഈ അക്കാദമിക് വർഷം ലഭിക്കാതെ വന്നാൽ മറ്റ് സർവ്വകലാശാലകൾക്ക് ഈ കോഴ്‌സുകൾ നടത്താനുള്ള അനുമതി നൽകാവുന്നതാണെന്നും മന്ത്രി ഡോ. ആർ. ബിന്ദു നിയമസഭയിൽ പറഞ്ഞു.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.