December 06, 2024

Login to your account

Username *
Password *
Remember Me

എസിസിഎ അക്രെഡിറ്റഡ് ബികോം കോഴ്സ്: എംജി യൂണിവേഴ്സിറ്റിയും ഐഎസ് ഡിസിയും ധാരണാപത്രം ഒപ്പുവെച്ചു

കോട്ടയം: അസോസിയേഷന്‍ ഓഫ് ചാര്‍ട്ടേര്‍ഡ് സര്‍ട്ടിഫൈഡ് അക്കൗണ്ടന്റ്‌സിന്റെ (ACCA) അക്രെഡിറ്റേഷനുള്ള വിവിധ കൊമേഴ്സ് കോഴ്സുകള്‍ ലഭ്യമാക്കി വിദ്യാര്‍ത്ഥികളുടെ നൈപുണ്യം വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഇന്റര്‍നാഷണല്‍ സ്‌കില്‍ ഡവലപ്പ്മെന്റ് കോര്‍പ്പറേഷനുമായി (ISDC) എംജി സര്‍വ്വകലാശാല ധാരണാപത്രം ഒപ്പുവെച്ചു. യൂണിവേഴ്സിറ്റി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സര്‍വ്വകലാശാല രജിസ്ട്രാര്‍ പ്രകാശ് കുമാര്‍ ബി, ഐഎസ് ഡിസി പാര്‍ട്ടണര്‍ഷിപ്പ് മേധാവി ഷോണ്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് ധാരണാപത്രം ഒപ്പുവെച്ചത്. ചടങ്ങില്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. സാബു തോമസ്, ഐഎസ് ഡിസി എക്സിക്യൂട്ടീവ് ഡയറക്ടര്‍ (ലേണിങ്) തെരേസ ജേക്കബ്സ്, എംജി സര്‍വകലാശാല ഐക്യുഎസി ഡയറക്ടര്‍ ഡോ. റോബിനറ്റ് ജേക്കബ് തുടങ്ങിയവര്‍ പങ്കെടുത്തു.

തൊഴില്‍ മേഖലയിലെ നൈപുണ്യ വിടവ് നികത്തുകയെന്ന ലക്ഷ്യത്തോടെ രാജ്യത്തെ പ്രമുഖ സര്‍വകലാശാലകളും  വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന യുകെ ആസ്ഥാനമായുള്ള  പ്രമുഖ സ്ഥാപനമാണ് ഇന്റര്‍നാഷണല്‍ സ്‌കില്‍ ഡവലപ്പ്മെന്റ് കോര്‍പ്പറേഷന്‍.

പുതിയ പങ്കാളിത്തത്തിലൂടെ എംജി യൂണിവേഴ്സിറ്റിക്ക് കൊമേഴ്സ് ബിരുദ പഠനത്തോടൊപ്പം എസിസിഎ (ACCA)  യോഗ്യതയും വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാന്‍ സാധിക്കും. കൂടാതെ, എസിസിഎ യോഗ്യതയ്ക്കായി ബികോം കോഴ്സിന്റെ ഭാഗമായുള്ള പേപ്പറുകളില്‍ ഇളവ് ലഭിക്കാനും വിദ്യാര്‍ത്ഥികള്‍ക്ക് അവസരമൊരുക്കും. ധാരണാപ്രകാരം അനലിറ്റിക്സ്, ഡാറ്റാ സയന്‍സ്, സൈബര്‍ സെക്യൂരിറ്റി തുടങ്ങി വിവിധ മേഖലകളിലെ അന്താരാഷ്ട്ര യോഗ്യതകള്‍, അക്രെഡിറ്റേഷന്‍, അംഗത്വം എന്നിവ കരസ്ഥമാക്കുവാനും എംജി യൂണിവേഴ്സിറ്റി വിദ്യാര്‍ഥികള്‍ക്ക് അവസരം ലഭിക്കുമെന്നതും പ്രത്യേകതയാണ്. ഇത്തരത്തില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള നൈപുണ്യം കരസ്ഥമാക്കുന്നതിനായി കേരളത്തിലെ വിദ്യാര്‍ത്ഥികളെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകളുമായും പ്രമുഖ സ്വയംഭരണ കോളേജുകളുമായും  സഹകരിച്ച് പ്രവര്‍ത്തിച്ച് വരികയാണ് ഐഎസ് ഡിസി.

ത്രിവത്സര എസിസിഎ അക്രെഡിറ്റഡ് കൊമേഴ്സ് ബിരുദ പഠനം ആഗോള വ്യവസായ രംഗത്തെ കേന്ദ്രീകൃത പ്രശ്നങ്ങള്‍ കണ്ടെത്തുന്നതിനും വിലയിരുത്തുന്നതിനും പരിഹരിക്കുന്നതിനും വിദ്യാര്‍ത്ഥികളെ പ്രാപ്തമാക്കും. തീവ്ര പരിശീലനം, വെബിനാറുകള്‍ എന്നിവയിലൂടെ ആഗോളതലത്തിലുള്ള വ്യവസായ-അധിഷ്ഠിത ഫിനാന്‍സ്, അനലിറ്റിക്സ് ടൂള്‍, സ്ട്രാറ്റജി, മാനേജ്‌മെന്റ് തുടങ്ങിയവയെക്കുറിച്ചുള്ള വ്യക്തമായ ധാരണയും വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കും. പ്രൊഫഷണല്‍ അക്കൗണ്ടന്റുമാരുടെ ആഗോള സംഘടനയായ എസിസിഎ ലോകമെമ്പാടും, പ്രത്യേകിച്ച് തൊഴില്‍ ദാതാക്കള്‍ക്കിടയില്‍ അംഗീകരിക്കപ്പെട്ട സംഘടനയാണ്.

ഇന്റര്‍നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷനുമായുള്ള പങ്കാളിത്തം സര്‍വകലാശാലയിലെ കൊമേഴ്സ് വിദ്യാര്‍ത്ഥികള്‍ക്ക്  ബിരുദ പഠനത്തോടൊപ്പം ആഗോള യോഗ്യത നേടാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നതെന്ന് എംജി സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. സാബു തോമസ് പറഞ്ഞു. ആഗോള വാണിജ്യ, ധനകാര്യ, മാനേജ്‌മെന്റ് മേഖലകളില്‍ മത്സരിക്കാനും നൈപുണ്യം നേടുവാനും തൊഴില്‍ രംഗത്തെ അവസരങ്ങള്‍ പ്രയോജനപ്പെടുത്തുവാനും വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുവാന്‍ പുതിയ സഹകരണം പ്രയോജനം ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അന്താരാഷ്ട്രതലത്തിലുള്ള ഡിഗ്രി കരസ്ഥമാക്കുവാനും പഠനത്തോടൊപ്പം എസിസിഎ പോലുള്ള അംഗത്വം നേടിയേടുക്കാനും എംജി സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ പങ്കാളിത്തം വഴിയൊരുക്കുമെന്ന് ഐഎസ് ഡിസി എക്സിക്യൂട്ടീവ് ഡയറക്ടര്‍ (ലേണിങ്) തെരേസ ജേക്കബ്സ് പറഞ്ഞു. ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന പ്രൊഫൈല്‍, തൊഴില്‍ മേഖല ആവശ്യപ്പെടുന്ന നൈപുണ്യം എന്നിവ നേടിയെടുക്കാനും ആഗോള യോഗ്യത കരസ്ഥമാക്കുന്നതിനുള്ള പ്രത്യേക ഇളവുകളുടെ ആനുകൂല്യം നേടാനും എസിസിഎ അക്രെഡിറ്റഡ് പ്രോഗ്രാം സഹായിക്കുമെന്നും അവര്‍ വ്യക്തമാക്കി.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.