കൊച്ചി: രാജ്യത്തെ റീട്ടെയില്‍ വായ്പാ വിപണി ശക്തമായ വളര്‍ച്ചയ്ക്ക് സജ്ജമാണെന്ന് ട്രാന്‍സ് യൂണിയന്‍ സിബിലിന്‍റെ ഏറ്റവും പുതിയ വായ്പാ വിപണി സൂചിക (സിഎംഐ) ചൂണ്ടിക്കാട്ടുന്നു. റീട്ടെയില്‍ വായ്പാ രംഗത്തിന്‍റെ സ്ഥിതിയെ കുറിച്ചും മൊത്തത്തിലുള്ള വായ്പാ വിപണിയെ കുറിച്ചും വിശ്വസനീയമായ വിവരങ്ങള്‍ ലഭ്യമാക്കിക്കൊണ്ടാണ് ട്രാന്‍സ് യൂണിയന്‍ സിബില്‍ വായ്പാ വിപണി സൂചിക (സിഎംഐ) പുറത്തിറക്കിയത്.
വായ്പാ ദാതാക്കള്‍ക്കും നയരൂപീകരണ രംഗത്തുള്ളവര്‍ക്കും വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ പ്രതിമാസാടിസ്ഥാനത്തിലുള്ള സിഎംഐ സഹായകമാകും. വായ്പയുമായി ബന്ധപ്പെട്ട് ഉപഭോക്താക്കള്‍ക്കിടയിലെ പ്രവണതകളിലുണ്ടാകുന്ന മാറ്റങ്ങളും ഇതിലൂടെ ചൂണ്ടിക്കാട്ടുന്നുണ്ട്. ഡിമാന്‍റ്, സപ്ലെ, ഉപഭോക്തൃ പ്രവണതകള്‍, പ്രകടനം എന്നീ നാലു തലങ്ങളിലായാണ് ഇവിടെ വിശകലനങ്ങള്‍ നടത്തുന്നത്.
മഹാമാരിയുടെ രണ്ടാം തരംഗത്തിനു ശേഷം വായ്പകളിലുണ്ടായ ശക്തമായ ആവശ്യത്തിന്‍റെ ബലത്തില്‍ രാജ്യത്തെ റീട്ടെയില്‍ വായ്പാ വിപണി മികച്ച വളര്‍ച്ചയ്ക്ക് സജ്ജമാണെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ട്രാന്‍സ് യൂണിയന്‍ സിബിലിന്‍റെ മാനേജിങ് ഡയറക്ടറും സിഇഒയുമായ രാജേഷ് കുമാര്‍ ചൂണ്ടിക്കാട്ടി. 2021 ഫെബ്രുവരിക്കും ഒക്ടോബറിനും ഇടയില്‍ വായ്പയ്ക്കായുള്ള അന്വേഷണങ്ങള്‍ 54 ശതമാനം വര്‍ധിച്ചു. ഡിജിറ്റല്‍ രീതികളിലൂടെയുള്ള പുതിയ വായ്പാ രീതികളിലേക്ക് അതിവേഗം മാറാന്‍ വായ്പാ ദാതാക്കള്‍ തയ്യാറായതായും അദ്ദേഹം ചൂണ്ടിക്കാട്ടി.