കോഴിക്കാട്: ദുബായ് ആസ്ഥനമായ ഓറഞ്ച് ഇന്ററാക്ടീവ് ടെക്‌നോളജി എന്ന ഡിജിറ്റല്‍ പ്രൊഡക്ഷന്‍ കമ്പനി കോഴിക്കോട് ആസ്ഥാനമായ ഐടി കമ്പനി കോഡ്‌ലാറ്റിസില്‍ ലയിച്ചു. ഈ കമ്പനി ഇനി കോഡ്‌ലാറ്റിസ് ദുബയ് എന്നറിയപ്പെടും. 2009ല്‍ കോഴിക്കോട് ആസ്ഥാനമായി തുടക്കമിട്ട ഐടി സ്റ്റാര്‍ട്ടപ്പായ കോഡ്‌ലാറ്റിസും ദുബയ് കേന്ദ്രീകരിച്ച് 20 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഓറഞ്ച് ഇന്ററാക്ടീവും തമ്മില്‍ ഏറെ നാളത്തെ ബിസിനസ് സഹകരണമുണ്ടായിരുന്നു. മിഡില്‍ ഈസ്റ്റ് വിപണിയില്‍ ഡെലിവറി റോബോട്ടുകള്‍ ഉള്‍പ്പെടെ വിപ്ലവകരമായ പുതിയ സേവനങ്ങള്‍ കോഡ്‌ലാറ്റിസ് ദുബയ് അവതരിപ്പിക്കുമെന്ന് കോഡ്‌ലാറ്റിസ് സഹസ്ഥാപകനും പ്രൊമോട്ടറുമായ വിജിത്ത് ശിവദാസന്‍ പറഞ്ഞു. ഈ ലയനം കോഡ്‌ലാറ്റിസിന് മിഡില്‍ ഈസ്റ്റില്‍ വിപണി വികസിപ്പിക്കാന്‍ ഏറെ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.
വികസിച്ചു വരുന്ന ഡിജിറ്റല്‍ ടെക്‌നോളജി രംഗത്ത് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മികച്ച ഉല്‍പ്പന്നങ്ങളും സേവനങ്ങളും എത്തിക്കാന്‍ ഈ ലയനം സഹായിക്കുമെന്ന് ഓറഞ്ച് ഇന്ററാക്ടീവ് ടെക്‌നോളജി സിഇഒ വികാസ് മോഹന്‍ദാസ് പറഞ്ഞു. കോഡ്‌ലാറ്റിസില്‍ ലയിച്ചെങ്കിലും കമ്പനിയുടെ നേതൃനിരയില്‍ മാറ്റമില്ലാതെ തുടരും. ബിഗ് ഡേറ്റ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിങ്, അനലിറ്റിക്‌സ് തുടങ്ങിയ സാങ്കേതിക വിദ്യകളെ അടിസ്ഥാനമാക്കിയുള്ള ഉല്‍പ്പന്നങ്ങളാണ് കോഡ്‌ലാറ്റിസിന്റേത്. കോഴിക്കോട്ട് തുടക്കമിട്ട കമ്പനി ഇന്ന് എട്ടു രാജ്യങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്നു.