കൊച്ചി: സൗത്ത് ഇന്ത്യന്‍ ബാങ്ക് സിഇഒയും മാനേജിങ് ഡയറക്ടറുമായ മുരളി രാമകൃഷ്ണന് ഇടി അസെന്റ് ബിസിനസ് ലീഡര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം. മുംബൈയില്‍ നടന്ന ചടങ്ങില്‍ പുരസ്‌കാരം അദ്ദേഹം ഏറ്റുവാങ്ങി. വെല്ലുവിളികള്‍ നിറഞ്ഞ സാഹചര്യങ്ങളില്‍ പരിവര്‍ത്തനാത്മക നേതൃപാടവം തെളിയിച്ച ബിസിനസ് രംഗത്തെ ലീഡര്‍മാര്‍ക്ക് നല്‍കി വരുന്ന പുരസ്‌കാരത്തിന്റെ 21ാമത് ഗ്ലോബല്‍, ആറാമത് ഇന്ത്യന്‍ പതിപ്പിലാണ് മുരളി രാമകൃഷ്ണന്‍ ഈ നേട്ടത്തിന് അര്‍ഹനായത്. സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ പുതിയ മാറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുകയും ബാങ്കിനെ വളര്‍ച്ചയുടെ പാതയിലെത്തിക്കുന്നതിന് നേതൃത്വം നല്‍കിയതുമാണ് മുരളി രാമകൃഷ്ണനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. സൗത്ത് ഇന്ത്യന്‍ ബാങ്കിലെ അദ്ദേഹത്തിന്റെ നേട്ടങ്ങള്‍ ഇന്ത്യന്‍ കോര്‍പറേറ്റ് രംഗത്ത് വലിയ പ്രശംസ പിടിച്ചുപറ്റിയിരുന്നു. വെല്ലുവിളികള്‍ക്കിടയിലും തങ്ങള്‍ നേതൃത്വം നല്‍കുന്ന സ്ഥാപനങ്ങളില്‍ വിജയകരമായ പരിവര്‍ത്തനങ്ങള്‍ സൃഷ്ടിച്ച ലീഡര്‍മാര്‍ക്കുള്ള അംഗീകാരമാണിത്.
നമ്മുടെ സ്ഥാപനത്തിന്റെ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി ഈ പുരസ്‌കാരം സ്വീകരിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് മുരളി രാമകൃഷ്ണന്‍ പറഞ്ഞു. 'ഞങ്ങളുടെ പ്രതിബദ്ധതയും ആവേശവുമാണ് കോര്‍പറേറ്റ് ലക്ഷ്യങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ഞങ്ങളെ മുന്നോട്ടു നയിച്ചത്. വിജയകരമായ പരിവര്‍ത്തനം സൃഷ്ടിക്കാന്‍ എല്ലാ പിന്തുണയും നല്‍കിയ എന്റെ ടീമിനെ ആത്മാര്‍ത്ഥമായി അഭിനന്ദിക്കുന്നു. എനിക്ക് ഈ അംഗീകാരം നല്‍കിയ സംഘാടകര്‍ക്കും ജൂറിക്കും നന്ദി അറിയിക്കുന്നു,' മുരളി രാമകൃഷ്ണന്‍ പറഞ്ഞു.
മുരളി രാമകൃഷ്ണന്റെ നേതൃത്വത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ സൗത്ത് ഇന്ത്യന്‍ ബാങ്ക് വലിയ പരിവര്‍ത്തനത്തിലൂടെയാണ് കടന്നു പോയത്. ഗുണമേന്മയുള്ള വായ്പകളിലൂടെ ലാഭകരമായ വളര്‍ച്ച എന്ന ആശയത്തില്‍ അദ്ദേഹം രൂപം നല്‍കിയ പ്രത്യേക പദ്ധതി ബാങ്കിന്റെ മൂലധന പര്യാപ്തത, കാസ, ചെലവ് വരുമാന അനുപാതം, മത്സരക്ഷമത തുടങ്ങി ആറ് പ്രധാന മേഖലകളിലെ ഉയര്‍ച്ചയാണ് ലക്ഷ്യമിട്ടിരുന്നത്. ഇത് ലാഭക്ഷമതയിലും വളര്‍ച്ചയിലും ബാങ്കിനെ വിജയകരമായ മുന്നേറ്റത്തിന് സഹായിച്ചു.