കൊച്ചി: പാരീസ് ഉടമ്പടിയിലെ ഇന്ത്യയുടെ പ്രതിജ്ഞാബദ്ധതയ്ക്ക് പിന്തുണ നല്കികൊണ്ട് ആക്സിസ് ബാങ്ക് സുസ്ഥിര വികസന ലക്ഷ്യങ്ങള് നേടുന്നതിനായി നിരവധി പരിപാടികള് പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി അടുത്ത അഞ്ചു വര്ഷത്തേക്ക് ഹോള്സെയില് ബാങ്കിംഗിന് കീഴില് സുസ്ഥിര ഫിനാന്സിംഗ് ചട്ടക്കൂടില് ഉള്പ്പെടുത്തിയിരിക്കുന്ന പ്രസക്തമായ മേഖലകള്ക്കുള്ള ബാങ്കിന്റെ വായ്പാ വിഹിതം 30,000 കോടി രൂപയായി ഉയര്ത്തി.
ബോര്ഡ് തലത്തില് ഒരു ഏകീകൃത പരിസ്ഥിതി, സാമൂഹ്യ, ഗവേണന്സ് (ഇഎസ്ജി) കമ്മിറ്റി രൂപീകരിച്ച ഇന്ത്യയിലെ ആദ്യത്തെ ധനകാര്യ സ്ഥാപനമായി ആക്സിസ് ബാങ്ക് ഇതോടെ മാറി, സ്ഥാപനത്തിന്റെ പദ്ധതികള്ക്കും പ്രകടനത്തിനും ഇഎസ്ജിയെ ഒരു തന്ത്രപരമായ മാര്ഗമായി സ്വീകരിക്കുകയെന്ന ബാങ്കിന്റെ ലക്ഷ്യം ഇവിടെ അടിവരയിടുന്നു. പ്രസ്ഥാനത്തിലുടനീളം മുതിര്ന്ന ബിസിനസ് നേതാക്കളെ ഇഎസ്ജിയുമായി സംയോജിപ്പിച്ച് മാനേജ്മെന്റ് തലത്തിലും ബാങ്ക് ഇഎസ്ജി സ്റ്റീയറിങ് കമ്മിറ്റി സ്ഥാപിച്ചു.
യുകെയിലെ ഗ്ലാസ്ക്കോയില് നടക്കാന് പോകുന്ന ഐക്യ രാഷ്ട്ര സഭയുടെ 2021 കാലാവസ്ഥ ഉച്ചകോടിക്കു മുന്നോടിയായാണ് ബാങ്ക് പദ്ധതികള് പ്രഖ്യാപിച്ചിരിക്കുന്നത്. ഒക്ടോബര് 31 മുതല് നവംബര് 12വരെയാണ് ഉച്ചകോടി. 2015ലെ പാരീസ് ഉച്ചകോടിയിലെ തീരുമാനങ്ങളില് കൈക്കൊണ്ട നടപടികളെക്കുറിച്ച് ഇവിടെ ചര്ച്ചയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.