കൊച്ചി: ആക്സിസ് പെന്‍ഷന്‍ ഫണ്ട് മാനേജ്മെന്‍റ് എന്ന സബ്സിഡിയറിക്കു തുടക്കം കുറിച്ചു കൊണ്ട് ആക്സിസ് ബാങ്ക്, റിട്ടയര്‍മെന്‍റ് പെന്‍ഷന്‍ ബിസിനസിലേക്കു പ്രവേശിച്ചു. ബാങ്കിന്‍റെ സബ്സിഡിയറിയായ ആക്സിസ് അസറ്റ് മാനേജ്മെന്‍റ് കമ്പനിയിലൂടെയാണ് ഇത് അവതരിപ്പിക്കുന്നത്. എല്ലാ വിഭാഗക്കാര്‍ക്കും വേണ്ടിയുള്ള സമഗ്ര റിട്ടയര്‍മെന്‍റ് പദ്ധതികള്‍ ഗ്രൂപ്പ് അവതരിപ്പിക്കും. എന്‍പിഎസ് (ദേശീയ പെന്‍ഷന്‍ പദ്ധതി) കൈകാര്യം ചെയ്യുന്നതിനുള്ള പെന്‍ഷന്‍ ഫണ്ട് മാനേജറായി പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍റ് ഡെവലപ്മെന്‍റ് അതോറിറ്റി ആക്സിസ് പെന്‍ഷന്‍ ഫണ്ട് മാനേജ്മെന്‍റിനെ നിയമിക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ പെന്‍ഷന്‍ പദ്ധതികള്‍, പെന്‍ഷന്‍ ഫണ്ട് മാനേജ്മെന്‍റ്, വാര്‍ഷിക വേതനം എന്നിവയുള്‍പ്പെടെ എല്ലാ റിട്ടയര്‍മെന്‍റ് പോളിസി വിഭാഗങ്ങളുടെയും സേവനങ്ങള്‍ ആക്സിസ് ഗ്രൂപ്പ് ലഭ്യമാക്കും.
ആക്സിസ് പെന്‍ഷന്‍ ഫണ്ട് മാനേജ്മെന്‍റിനു 2022 സെപ്റ്റംബര്‍ 20-ന് ബിസിനസ് ആരംഭിക്കാനുള്ള സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയും തുടര്‍ന്ന് ഒക്ടോബര്‍ 21 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. ഉപഭോക്താക്കളുടെ റിട്ടയര്‍മെന്‍റിനു ശേഷമുള്ള കാലത്തേക്കുള്ള സമ്പാദ്യം എന്‍പിഎസ് വഴി സ്വരൂപിക്കാന്‍ സഹായിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.
ആക്സിസ് പെന്‍ഷന്‍ ഫണ്ട് അവതരിപ്പിച്ചതിലൂടെ റിട്ടയര്‍മെന്‍റ് പദ്ധതികളുടെ രംഗത്ത് തങ്ങളുടെ സാന്നിധ്യം ശക്തമാക്കുകയാണെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ ആക്സിസ് ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ അമിതാബ് ചൗധരി പറഞ്ഞു. പ്രവര്‍ത്തനങ്ങള്‍ തുടങ്ങി 45 ദിവസങ്ങള്‍ക്കുള്ളില്‍ നൂറു കോടി രൂപ കടക്കുന്ന അതിവേഗ സ്വകാര്യ പെന്‍ഷന്‍ ഫണ്ടായി കമ്പനി ഇതിനകം മാറിക്കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചെറിയ തോതിലെങ്കിലും റിട്ടയര്‍മെന്‍റ് പ്ലാനിങ് നടത്തിയാല്‍ ജീവിതത്തിന്‍റെ രണ്ടാം ഇന്നിങ്സില്‍ സാമ്പത്തിക സ്വാതന്ത്ര്യത്തോടെ മുന്നോട്ടു പോകാന്‍ ജനങ്ങള്‍ക്കാകുമെന്ന് ആക്സിസ് പെന്‍ഷന്‍ ഫണ്ട് മാനേജിങ് ഡയറക്ടറും സിഇഒയുമായ സുമിത് ശുക്ല പറഞ്ഞു.