കൊച്ചി: ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (ഫിക്കി) കേരള സ്റ്റേറ്റ് കൗൺസിലിന്റെ പ്രഥമ 'മെയ്ഡ് ഇൻ കേരള അവാർഡ് 2022' ൽ മികച്ച ഭക്ഷ്യ സംസ്കരണ കമ്പനിക്കുള്ള പുരസ്‌കാരം നേടി മെഴുക്കാട്ടിൽ മിൽസ്. നാളികേര വ്യവസായത്തിലെ മികച്ച കയറ്റുമതി നേട്ടത്തിനും നവീകരണത്തിനുമാണ് മെഴുക്കാട്ടിൽ മിൽസിന് അവാർഡ് ലഭിച്ചത്. വിദ്യാഭ്യാസം, ആരോഗ്യം, ക്ഷേമം, ഐടി, ടൂറിസം, ഭക്ഷ്യ-കാർഷിക മേഖല, ടെക്സറ്റൈൽസ്, പാദരക്ഷകൾ, ജുവലറി തുടങ്ങി വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സ്ഥാപനങ്ങൾക്കാണ് പുരസ്‌കാരങ്ങൾ നൽകിയത്.
ഗ്രാൻഡ് ഹയാത്ത് കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ മെഴുക്കാട്ടിൽ മിൽസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഉബൈസ് അലിയും, ഡയറക്ടർ അൽ സമിൽ എം.കെയും ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. ധനമന്ത്രി കെ.എൻ.ബാലഗോപാൽ, വ്യവസായ-നിയമ-കയർ വകുപ്പ് മന്ത്രി പി.രാജീവ്, കേരള ഹൈക്കോടതി ജസ്റ്റിസ് എൻ. നഗരേഷ്, കൊച്ചി വാട്ടർ മെട്രോ- കൊച്ചി മെട്രോ റെയിൽ മാനേജിങ് ഡയറക്ടർ ലോക്നാഥ് ബെഹ്‌റ (ഐപിഎസ്), വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ് ഐഎഎസ് ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു.
നാളികേര വ്യവസായത്തിൽ മെഴുക്കാട്ടിൽ മിൽസിന് 45 വർഷത്തെ പാരമ്പര്യമുള്ള കമ്പനിക്ക് കോസ്‌മെറ്റിക്‌സ്, ഹെയർ കെയർ, ഫാർമസ്യൂട്ടിക്കൽ, സോപ്പ് നിർമ്മാണം, പാചക എണ്ണ ഉൾപ്പെടുന്ന വ്യവസായങ്ങളിലുടനീളം ശക്തമായ ഉപഭോക്തൃ അടിത്തറയുണ്ട്.