കൊച്ചി: കുട്ടികളുടെ വാച്ച് ബ്രാന്‍ഡായ ടൈറ്റന്‍ സൂപിന്‍റെ ആദ്യ അനലോഗ്-ഡിജിറ്റല്‍ വാച്ച് ശേഖരമായ സൂപ് അന-ഡിജി വിപണിയിലെത്തി. ഏറ്റവും ആധുനീകമായ ഭാവനകളില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ട് ക്രിയാത്മകമായി ചിന്തിക്കുവാനും ആകര്‍ഷകമായ രീതികളില്‍ തങ്ങളെ ആവിഷ്ക്കരിക്കുവാനും കുട്ടികള്‍ക്ക് അവസരം നല്‍കുന്ന രീതിയിലാണ് സൂപ് അന-ഡിജിയുടെ ഡിസൈനുകള്‍ തയ്യാറാക്കിയിരിക്കുന്നത്.
കുട്ടികളുടെ കൗതുകകരമായ മനസിന്‍റെ ഭാവനകള്‍ക്ക് ഇടം നല്‍കിക്കൊണ്ട് മൂന്നു സോളിഡ് കളര്‍ കോമ്പിനേഷനുകളിലാണ് അന-ഡിജി ശ്രേണിയിലെ സ്പോര്‍ട്ടി വാച്ചുകള്‍ അവതരിപ്പിക്കുന്നത്. ക്വാര്‍ട്ട്സ്, ഡിജിറ്റല്‍ വാച്ചുകള്‍ അടങ്ങിയതാണ് ശേഖരം. എല്‍സിഡി ഡിസ്പ്ലെ, അലാം, തീയ്യതി, സമയം, 12, 24 മണിക്കൂര്‍ ഫോര്‍മാറ്റുകള്‍ തെരഞ്ഞെടുക്കാനുള്ള സൗകര്യം, ബാക്ക് ലൈറ്റ്, 1/100 സെക്കന്‍റ് ക്രോണോഗ്രാഫ് കൗണ്ടര്‍ തുടങ്ങിയവ അടക്കം നിരവധി സവിശേഷതകള്‍ ഇവയ്ക്കുണ്ട്. വാച്ചുകള്‍ക്ക് വൃത്താകൃതിയിലെ ഡയലും കറുപ്പും ഗ്രേയും പോലുള്ള സോളിഡ് കളറുകളും മധ്യത്തിലെ മണിക്കൂര്‍, മിനിറ്റ് ഹാന്‍ഡുകളും അലങ്കാര റിങും എല്ലാം ചേര്‍ന്ന് വ്യത്യസ്തമായ രൂപം നല്‍കും. ഇരുവശങ്ങളിലും രണ്ടു വീതം ആകെ നാല് സൈഡ് കീകളാണുള്ളത്. അലാം, ബാക്ക്ലൈറ്റ്, ക്രോണോഗ്രാഫ് കൗണ്ടര്‍, സമയ ക്രമീകരണം തുടങ്ങിയ വിവിധ സവിശേഷകള്‍ പ്രയോജനപ്പെടുത്താന്‍ ഇതു കുട്ടികളെ സഹായിക്കും.
കുട്ടികള്‍ക്ക് അവരുടെ ഭാവനയെ പ്രയോജനപ്പെടുത്താനാവും വിധം ആകര്‍ഷകമായ ശ്രേണിയിലുള്ള സൂപ് അന-ഡിജി വാച്ച് ശേഖരം 1,325 രൂപയ്ക്കാണ് ലഭ്യമാക്കിയിട്ടുള്ളത്. ടൈറ്റന്‍ വേള്‍ഡ് ഷോറൂമുകളിലും ഓണ്‍ലൈനായി www.titan.co.in ലും ഇവ ലഭിക്കും. ഈ ശേഖരത്തിന് മൂവ്മെന്‍റിനും ബാറ്ററിക്കുമായി ആറു മാസത്തെ വാറണ്ടി പിന്തുണയും ഉണ്ടാകും.