November 22, 2024

Login to your account

Username *
Password *
Remember Me

കേരളത്തിലെ യുവജനങ്ങൾക്കുള്ള തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കാൻ ലിങ്ക്ഡ്‌ഇന്നുമായി ധാരണയിലെത്തി കെ-ഡിസ്കും ഐ.സി.ടി. അക്കാദമിയും

കെ-ഡിസ്‌കും എ.സി.ടി. അക്കാദമിയും, ലിങ്ക്ഡ്ഇന്നുമായി 2022 ആഗസ്റ്റ് രണ്ടിനാണ് ഒരു വർഷം കാലാവധിയുള്ള ധാരണാപത്രം ഒപ്പുവെച്ചത്. കെ-ഡിസ്‌കും എ.സി.ടി. അക്കാദമിയും, ലിങ്ക്ഡ്ഇന്നുമായി 2022 ആഗസ്റ്റ് രണ്ടിനാണ് ഒരു വർഷം കാലാവധിയുള്ള ധാരണാപത്രം ഒപ്പുവെച്ചത്.
തിരുവനന്തപുരം: കേരള നോളജ് ഇക്കണോമി മിഷന്റെ (KKEM) നേതൃത്വത്തില്‍ നടത്തപ്പെടുന്ന 'കണക്ട് കരിയര്‍ ടു ക്യാംപസ്' (CCC) എന്ന കാമ്പയിന്റെ ഭാഗമായി കേരള ഡെവലപ്‌മെന്റ ആന്‍ഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗണ്‍സിലും (K-DISC) ഐ.സി.ടി. അക്കാദമി ഓഫ് കേരളയും (ICTAK) ലോകത്തിലെ ഏറ്റവും വലിയ പ്രൊഫഷണല്‍ നെറ്റ്‌വര്‍ക്കിംഗ് വെബ്‌സൈറ്റായ ലിങ്ക്ഡ്ഇന്നുമായി ധാരണാപത്രം ഒപ്പിട്ടു. ലിങ്ക്ഡ്ഇന്‍ ടാലന്റ് ഇന്‍സൈറ്റും, മറ്റ് പഠന ഉപകരണങ്ങളും ഉപയോഗിച്ച് കേരളത്തിലെ വിദ്യര്‍ത്ഥികളുടെ ഇടയില്‍ തൊഴില്‍പരമായ കഴിവുകള്‍ വര്‍ധിപ്പിക്കുന്നതിന് പദ്ധതി ലക്ഷ്യമിടുന്നു. 2022 ആഗസ്റ്റ് രണ്ടിന് നടന്ന കാമ്പയിന്റെ ഉദ്ഘാടന വേളയില്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി ശ്രീ. വി. ശിവൻകുട്ടി, ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ. എം‌.വി. ഗോവിന്ദൻ, ശ്രീ. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ. എന്നിവരുടെ സാന്നിധ്യത്തിലാണ് ധാരണാപത്രം കൈമാറിയത്.

വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ പഠനത്തോടൊപ്പം തന്നെ ഏറ്റവും ഉചിതമായ കരിയര്‍ തിരഞ്ഞെടുക്കാൻ സഹായിക്കേണ്ടതിനായി 'കൃത്യസമയത്ത് കൃത്യജോലി' എന്ന ആശയം ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് ഈയൊരു കാമ്പയിന്‍ നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി ആഗോള തൊഴില്‍ വിപണിയിലെ മാറ്റം, നൈപുണ്യ വികസനത്തിന്റെ ആവശ്യകത, നിലവിലെ തൊഴില്‍ രംഗങ്ങളെക്കുറിച്ചുള്ള അവബോധം എന്നിവ കാമ്പയിനില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഇതു കൂടാതെ, ഡിജിറ്റല്‍ വര്‍ക്ക്‌ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റത്തിലൂടെ (DWMS) എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ബന്ധപ്പെടുത്തി നൈപുണ്യ വികസനവും, ഉചിതമായ കരിയര്‍ തിരഞ്ഞെടുക്കാൻ സഹായകരമായ പ്രവര്‍ത്തനങ്ങളും കാമ്പയിന്റെ ഭാഗമായി നടപ്പിലാക്കും.

കേരളത്തെ ഒരു വിജ്ഞാന സമ്പദ്‌വ്യവസ്ഥയാക്കി മാറ്റുന്നതിനായി കേരള സര്‍ക്കാര്‍ ആരംഭിച്ച ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമാണ് കേരള നോളജ് ഇക്കണോമി മിഷന്‍. DWMS-ന്റെ സഹായത്തോടെ തങ്ങള്‍ക്ക് ആവശ്യമായ ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്താൻ തൊഴിൽ ദാതാക്കൾക്ക് സാധിക്കും. KKEM-ന്റെ കീഴില്‍ അടുത്ത അഞ്ച് വര്‍ഷത്തിന്നുള്ളില്‍ 20 ലക്ഷം തൊഴില്‍ നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇത് സംസ്ഥാനത്തിന് സാമ്പത്തിക വളര്‍ച്ച നേടിക്കൊടുക്കുകയും, കേരളത്തെ ഒരു വിജ്ഞാന സമൂഹമായി മാറ്റുന്നതിന് സഹായിക്കുകയും ചെയ്യും.

ലിങ്ക്ഡ്ഇന്നിന്റെ വ്യത്യസ്ത ഉൽപ്പന്നങ്ങളും സേവനങ്ങളും ഈയൊരു പങ്കാളിത്തത്തിലൂടെ ഉദ്യോഗാർത്ഥികൾക്ക് ഉപയോഗപ്പെടുത്താം. തൊഴിൽ വിപണിയും നിയമന സാധ്യതകളും മനസിലാക്കാൻ ലിങ്ക്ഡ്ഇൻ ഇൻസൈറ്റ്സ്, നൈപുണ്യ വികസനം പിന്തുണയ്‌ക്കുന്നതിന് ലിങ്ക്ഡ്ഇൻ ലേണിംങ് കോഴ്സുകൾ, യോഗ്യരായ യുവജനങ്ങൾക്ക് തൊഴിൽ അവസരങ്ങൾ നൽകുന്നതിന് ലിങ്ക്ഡ്ഇൻ ജോബ്‌സ് എന്നിങ്ങനെ വിവിധ സേവനങ്ങൾ ഇതുവഴി ലഭ്യമാവുന്നു. ഇതിനു പുറമേ, വിദ്യാർത്ഥികൾക്ക് അവരുടെ ഓൺലൈൻ പ്രൊഫഷണൽ ബ്രാൻഡ് സൃഷ്ടിക്കുന്നതിനായി ലിങ്ക്ഡ്ഇൻ പരിശീലനം നൽകുകയും ചെയ്യുന്നു.

"കേരള നോളജ് ഇക്കണോമി മിഷനിൽ രജിസ്റ്റർ ചെയ്ത എല്ലാവരിലേക്കും തൊഴിൽ മേഖലയ്ക്ക് അനുയോജ്യമായ ഏറ്റവും നൂതനമായ കോഴ്‌സുകൾ നൽകാനാകുമെന്ന് ഈ പങ്കാളിത്തം കൊണ്ട് ഉറപ്പാക്കാനാകും. അതിലുപരി, ലിങ്ക്ഡ്ഇൻ നൽകുന്ന സാങ്കേതികതമായ മൈക്രോ കോഴ്‌സുകൾ സംരംഭത്തിന് പ്രയോജനകരമാവും." - കെ-ഡിസ്‌ക് എക്‌സിക്യൂട്ടീവ് വൈസ്-ചെയർപേഴ്‌സൺ ഡോ. കെ.എം. എബ്രഹാം അഭിപ്രായപ്പെട്ടു.

“ഇന്നത്തെ തൊഴില്‍ വിപണി പുതിയ ഡിജിറ്റല്‍ വൈദഗ്ധ്യങ്ങളും, തൊഴിലുകളും വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, പല ഉദ്യോഗാര്‍ത്ഥികള്‍ക്കും ശരിയായ തൊഴില്‍ അവസരങ്ങള്‍ ലഭിക്കുന്നതിനുള്ള ആവശ്യമായ മാര്‍ഗങ്ങള്‍ വളരെ വിരളമാണ്. വലിയ മാറ്റങ്ങൾ സംഭവിക്കുന്ന ഈ കാലത്ത്, ഈ വിടവ് നികത്തേണ്ടതിനായി യുവജനങ്ങളുടെ നൈപുണ്യ വികസനവും, തൊഴില്‍ യോഗ്യതയും ഉറപ്പാക്കാനായി ലക്ഷ്യം വെയ്ക്കുന്ന KKEM-നെ പിന്തുണയ്ക്കുന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു”വെന്ന് ലിങ്ക്ഡ്ഇന്‍-ന്റെ ടാലന്റ് & ലേണിംഗ് സൊല്യൂഷന്‍സ് സീനിയര്‍ ഡയറക്ടര്‍ രൂച്ചീ ആനന്ദ് അഭിപ്രായപ്പെട്ടു. “കേരളത്തിലെ തൊഴിലന്വേഷകരായ യുവതീയുവാക്കളുടെ നൈപുണ്യവികസനത്തിനും വ്യക്തിത്വ വികാസത്തിനും അതുപോലെ പുതുതലമുറ ജോലിസാധ്യതകളിലേക്ക് അവരെ അടുപ്പിക്കുന്നതിനും സാധിക്കുന്ന തിരഞ്ഞെടുത്ത കോഴ്സുകളും അതുപോലെ ആവശ്യമായ കഴിവുകളെക്കുറിച്ചുള്ള ഉൾക്കാഴ്ചയും ലിങ്ക്ഡ്‌ഇൻ ഈ പങ്കാളിത്തത്തിലൂടെ വാഗ്ദാനം ചെയ്യുന്നു.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
"ഈയൊരു പങ്കാളിത്തം വിവിധ തലങ്ങളിൽ ഗുണപരമാണ്. ഇതുവഴി തൊഴിൽ, നൈപുണ്യം, അനലിറ്റിക്സ് എന്നിവയിൽ സഹകരിക്കാൻ ഞങ്ങൾ പദ്ധതിയിടുന്നു. ഇത് നേടുന്നതിന് ലിങ്ക്ഡ്ഇന്നുമായി കൈകോർക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്" എന്ന് ഐ.സി.ടി. അക്കാദമി ഓഫ് കേരളയുടെ സി.ഇ.ഒ. സന്തോഷ് കുറുപ്പ് അഭിപ്രായപ്പെട്ടു.

 
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.