കൊച്ചി: ബാങ്ക് ഉപഭോക്താക്കള്‍ക്ക് ലൈഫ്, ആരോഗ്യ ഇന്‍ഷൂറന്‍സ് സേവനങ്ങള്‍ നല്‍കാനായി ടാറ്റാ എഐഎ ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനിയും സിറ്റി യൂണിയന്‍ ബാങ്കും സഹകരിക്കും. ഇതിന്‍റെ ഭാഗമായി സിറ്റി യൂണിയന്‍ ബാങ്കിന്‍റെ 700-ല്‍ ഏറെ വരുന്ന എല്ലാ ശാഖകളിലും ലൈഫ് ഇന്‍ഷൂറന്‍സ്, വെല്‍നെസ് സേവനങ്ങള്‍ ലഭ്യമാക്കും.
ടേം ഇന്‍ഷൂറന്‍സ്, ഗാരന്‍ഡീഡ് വിപണി അനുബന്ധ സമ്പാദ്യ പദ്ധതികള്‍, പെന്‍ഷന്‍ പദ്ധതികള്‍, ക്രിറ്റിക്കല്‍ ഇല്‍നെസ്-ഹോസ്പിറ്റലൈസേഷന്‍ പരിരക്ഷ തുടങ്ങിയവ ഉള്‍പ്പെട്ട സേവനങ്ങളാകും ലഭ്യമാക്കുക. മൊബൈല്‍ ഫസ്റ്റ് സൊലൂഷനുകളും ഡിജിറ്റല്‍ പിന്തുണയുള്ള സേവനങ്ങളും ആസ്വദിക്കാന്‍ ഇത് ഉപഭോക്താക്കളെ സഹായിക്കും.
ഇന്ത്യന്‍ ജനതയ്ക്ക് ലൈഫ് ഇന്‍ഷൂറന്‍സ് സൗകര്യങ്ങള്‍ കൂടുതല്‍ അടുത്തു ലഭിക്കാന്‍ ഈ സഹകരണം സഹായിക്കുമെന്ന് ടാറ്റാ എഐഎ ലൈഫ് ഇന്‍ഷൂറന്‍സ് പ്രസിഡന്‍റും ചീഫ് ഡിസ്ട്രിബ്യൂഷന്‍ ഓഫിസറുമായ വെങ്കി അയ്യര്‍ പറഞ്ഞു. പരിരക്ഷ, സമ്പാദ്യം, ആരോഗ്യം, ജോലിയില്‍ നിന്നു വിരമിക്കല്‍, സ്വത്തു സമ്പാദിക്കല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട സാമ്പത്തിക സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്കു നല്‍കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.
സിറ്റി യൂണിയന്‍ ബാങ്കിന്‍റെ വിപുലമായ ചെറുകിട സംരംഭക ഉപഭോക്തൃ നിരയ്ക്ക് സേവനങ്ങള്‍ നല്‍കാന്‍ തങ്ങള്‍ കാത്തിരിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓരോ വ്യക്തിയെ സംബന്ധിച്ചും ലൈഫ് ഇന്‍ഷൂറന്‍സ് ഒരു നിര്‍ണായക പദ്ധതി ആയ ഇക്കാലത്ത് ഉപഭോക്താക്കള്‍ക്ക് സുരക്ഷിതമായ സാമ്പത്തിക ഭാവിക്കു വേണ്ടിയുള്ള ഏറ്റവും മികച്ച നിക്ഷേപ തെരഞ്ഞെടുപ്പുകള്‍ നടത്താന്‍ ഈ സഹകരണം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.