തിരുവനന്തപുരം: രാജ്യത്തെ കർഷകരെ പൂർണമായും പ്രോത്സാഹിപ്പിക്കുക എന്ന ഓർമപ്പെടുത്തൽ നൽകികൊണ്ട് ആചരിക്കപ്പെടുന്ന കിസാൻ എക്‌സ്‌പോ 2021 ന്റെ ഭാഗമായി കാർഷിക രംഗത്ത് മികച്ച രീതിയിലുളള സംഭാവനകൾ നൽകിയ കർഷകരെയും കാർഷിക വ്യവസായിക രംഗത്ത് മികച്ച പ്രവർത്തനം കാഴ്ച്ചവച്ച വ്യക്തികളേയും പ്രസ്ഥാനങ്ങളേയും ആദരിച്ചു. കേരളത്തിന്റെ ട്രാൻസ്‌പോർട്ട് വകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജു തിരഞ്ഞെടുക്കപ്പെട്ടവരെ ആദരിച്ച ചടങ്ങിൽ വി കെ പ്രശാന്ത് എം എൽ എ അധ്യക്ഷത വഹിച്ചു. ശ്രദ്ധേയമായ പരിപാടികൾ ഉൾപ്പെടുത്തി സംഘടിപ്പിച്ച കിസാൻ എക്‌സ്‌പോ 2021 കാർഷിക മേഖലയുടെ ഉണർവിനും കാർഷിക മേഘലയ്ക്ക് ഉത്തേജനം പകരുവാനും സഹയകരമാകട്ടെയെന്ന് മന്ത്രി ആശംസിച്ചു. കേരളത്തിൽ ഉണ്ടായ പ്രകൃതി ദുരന്തം, കാലാവസ്ഥ വ്യതിയാനം, കോവിഡ് മഹാമാരി തുടങ്ങിയവയുടെ എറ്റവും വലിയ കെടുതി അനുഭവിക്കുന്ന വിഭാഗമാണ് കർഷകരെന്നും മന്ത്രി വിലയിരുത്തി. കൂടാതെ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി കർഷകരെ ആദരിക്കുന്നതിലൂടെ മാതൃകാപരമായ നടപടിയാണ് ചെയ്യുന്നതെന്ന് എം എൽ എ വി കെ പ്രശാന്തും വ്യക്തമാക്കി. എക്‌സിക്യൂട്ടീവ് നോളജ് ലൈൻസ് മാനേജിങ് ഡയറക്ടർ സിജി നായർ, ടി സി സി ഐ പ്രസിഡന്റ് എസ് എൻ രഘുചന്ദ്രൻ നായർ, മിൽമ മാനേജിങ് ഡയറക്ടർ ഡി എസ് കൊണ്ട, കാനറ ബാങ്ക് ഡപ്പ്യൂട്ടി ജനറൽ മാനേജർ എസ് കെ മിശ്ര, തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. തിരുവനന്തപുരം ചേമ്പർ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്റസ്ട്രീസും എക്‌സിക്യൂട്ടീവ് നോളജ് ലൈൻസും സംയുക്തമായാണ് 22,23 തീയതികളിലായി കവടിയാറിലെ തിരുവനന്തപുരം ചേമ്പർ ഓഫ് കൊമേഴ്‌സ് ആഡിറ്റോറിയത്തിൽ കിസാൻ എക്‌സ്‌പോ 2021 സംഘടിപ്പിച്ചിരിക്കുന്നത്.