കൊച്ചി: പ്രമുഖ നിര്‍മാണ സാമഗ്രി ബ്രാന്‍ഡായ അപര്‍ണ എന്‍റര്‍പ്രൈസസ് ലിമിറ്റഡ് ടൈല്‍ വിഭാഗമായ വിറ്റേരോ ടൈല്‍സില്‍ 100 കോടി രൂപ നിക്ഷേപിച്ചു. ആന്ധ്രാ പ്രദേശിലെ പെഡ്ഡപുരത്തെ വിറ്റേരോ ടൈല്‍സ് ഉല്‍പ്പാദന ശേഷി വര്‍ധിപ്പിക്കുന്നതിനാണ് നിക്ഷേപം. ഫ്ളോര്‍, വാള്‍ ടൈലുകളുടെ വര്‍ധിച്ചു വരുന്ന ആവശ്യം കണക്കിലെടുത്താണ് വികസനം. കേരള,ഒഡീഷ, മഹാരാഷ്ട്ര, കര്‍ണാടക തുടങ്ങിയ പ്രധാന വിപണികളും തെലങ്കാന, ആന്ധ്രാപ്രദേശ്, തമിഴ്നാട് തുടങ്ങിയ സ്ഥലങ്ങളിലെ കൂടുതല്‍ സര്‍ക്കാര്‍, സ്വകാര്യ പ്രൊജക്റ്റുകളുമാണ് ലക്ഷ്യമിടുന്നത്.
വിറ്റേരോ വിഭാഗത്തിന്‍റെ വളര്‍ച്ചയെ കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് അപര്‍ണ എന്‍റര്‍പ്രൈസസിന്‍റെ നിക്ഷേപ ലക്ഷ്യം. ബി2ബി, ബി2സി വിഭാഗങ്ങളിലെ ഉയരുന്ന ഉപഭോക്തൃ ഡിമാന്‍ഡ് അനുസരിച്ച് ടൈല്‍ വിഭാഗത്തില്‍ ഇന്ത്യയില്‍ അടുത്ത അഞ്ചു വര്‍ഷത്തേക്ക് 8 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് കാണുന്നതെന്നും വിറ്റേരോ ടൈല്‍സിന്‍റെ വളര്‍ച്ചയിലും ഇത് പ്രതിഫലിക്കുമെന്നും ഡിമാന്‍ഡ് വര്‍ധന കണ്ട് ഈ വിഭാഗത്തില്‍ സാമ്പത്തിക വര്‍ഷം 2021-22ല്‍ തന്നെ 50 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നതെന്നും ഈ വര്‍ഷം തന്നെ ഉല്‍പ്പാദന ശേഷി വികസിപ്പിക്കുന്നതിനായി 100 കോടി രൂപ ബിസിനസിലേക്ക് നിക്ഷേപിച്ചെന്നും വികസനത്തോടെ ഉല്‍പ്പന്ന ശ്രേണിയും ഇന്ത്യയിലെ വിപണി പങ്കാളിത്തവും കൂടുതല്‍ ശക്തിപ്പെടുത്തുന്നതിലേക്ക് ഉറ്റുനോക്കുകയാണെന്നും അപര്‍ണ എന്‍റര്‍പ്രൈസസ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ അശ്വിന്‍ റെഡ്ഡി പറഞ്ഞു.
ആന്ധ്രയിലെ പെഡ്ഡപുരം വിറ്റേരോ ഉല്‍പ്പാദന യൂണിറ്റില്‍ ബ്രാന്‍ഡ് ഒരു കിലിന്‍ കൂടി സ്ഥാപിച്ചു. ഇത് ദിവസവും 15,000 സ്ക്വയര്‍ മീറ്ററായിരുന്ന ഉല്‍പ്പാദന ശേഷി ഇരട്ടിയായി 30,000 സ്ക്വയര്‍ മീറ്റര്‍ മീറ്ററാക്കി ഉയര്‍ത്തി.
ഉല്‍പ്പാദന ശേഷി വര്‍ധിപ്പിച്ചതിനോടൊപ്പം അപര്‍ണ എന്‍റര്‍പ്രൈസസ് ഡീലര്‍ നെറ്റ്വര്‍ക്ക് വര്‍ധിപ്പിക്കുന്നതിനും വിപണി സാന്നിദ്ധ്യം ശക്തിപ്പെടുത്തുന്നതിനും വേണ്ട നടപടികളും കൈക്കൊള്ളുന്നുണ്ട്. സാമ്പത്തിക വര്‍ഷം 2020-21ല്‍ കമ്പനി ഇന്ത്യയിലെ നെറ്റ്വര്‍ക്ക് 23 ശതമാനം വര്‍ധിപ്പിച്ചു. ഈ വര്‍ഷം ഇത് 30 ശതമാനമായി ഉയര്‍ത്തുകയാണ് ലക്ഷ്യമിടുന്നത്.
വിറ്റേരോയിലെ നിക്ഷേപം ഈ വര്‍ഷം ബ്രാന്‍ഡ് നടത്തുന്ന രണ്ടാമത്തെ പ്രധാന നിക്ഷേപമാണ്. നേരത്തെ 2021 ജൂണില്‍ അപര്‍ണ എന്‍റര്‍പ്രൈസസ് അലുമിനിയം വിന്‍ഡോ, ഡോര്‍ ബ്രാന്‍ഡായ അല്‍റ്റെസയില്‍ 100 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചിരുന്നു.
2017ല്‍ അവതരിപ്പിച്ച വിറ്റേരോ ടൈല്‍സ് വളരെ വേഗം ഇന്ത്യയിലെ പ്രമുഖ ബ്രാന്‍ഡായി മാറി. വൈവിധ്യമാര്‍ന്ന ഫ്ളോര്‍, വാള്‍ ടൈലുകളുടെ ശ്രേണി ഉള്‍പ്പെട്ട വിറ്റേരോ ഇന്ത്യന്‍ വിപണിയില്‍ വളരെ വേഗം തന്നെ സാന്നിദ്ധ്യം ഉറപ്പിച്ചു. ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ചത് നല്‍കുന്നതിന് പ്രതിജ്ഞാബദ്ധമായ വിറ്റേരോയ്ക്ക് വിട്രിഫൈഡ് ടൈലുകളുടെ മികച്ച ശേഖരം തന്നെയുണ്ട്. രൂപകല്‍പ്പനയിലും പ്രവര്‍ത്തനക്ഷമതയിലും സജ്ജമായ ഗ്ലേസ്ഡ് വിട്രിഫൈഡ് ടൈലുകള്‍, ഡബിള്‍ ചാര്‍ജ്ഡ് വിട്രിഫൈഡ് ടൈലുകള്‍, ഡിജിറ്റല്‍ വാള്‍ ടൈലുകള്‍ എന്നിവയുടെ വിപുലമായ ശ്രേണിയും വിറ്റേറോയിലുണ്ട്.