കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ വായ്പാ വിതരണക്കാരായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) കര്‍ഷകര്‍ക്ക് വായ്പ ലഭ്യമാക്കുന്നതിന് അദാനി ഗ്രൂപ്പിന്‍റെ ഭാഗവും ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനവുമായ (എന്‍ബിഎഫ്സി) അദാനി ക്യാപിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡുമായി (അദാനി ക്യാപിറ്റല്‍) സഹവായ്പാ വിതരണ കരാറില്‍ ഒപ്പുവെച്ചു. കാര്‍ഷികവൃത്തി കാര്യക്ഷമമാക്കുകയും വിളകളുടെ ഉത്പാദനക്ഷമത വര്‍ധിപ്പിക്കുകയും ചെയ്യുന്നതിന് ട്രാക്ടറും കൃഷി ഉപകരണങ്ങളും വാങ്ങുന്നതിനാണ് വായ്പ അനുവദിക്കുക.
കൃഷിയിടങ്ങളുടെ യന്ത്രവത്ക്കരണത്തിനും വിളകളുടെ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനും ആഗ്രഹിക്കുന്ന രാജ്യത്തെ ഉള്‍നാടന്‍ കര്‍ഷകരിലേക്ക് സേവനം എത്തിക്കാന്‍ ഇതിലൂടെ എസ്ബിഐയ്ക്ക് സാധ്യമാകും. കര്‍ഷകരുടെ വരുമാനം ഇരട്ടിപ്പിക്കുന്നതിനായി വായ്പാ ലഭ്യത വര്‍ധിപ്പിക്കാന്‍ കൃഷിയിടങ്ങളുടെ യന്ത്രവത്ക്കരണം, വെയര്‍ഹൗസ് റെസീപ്റ്റ് വായ്പകള്‍, ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷനുകള്‍ (എഫ്പിഒ) തുടങ്ങിയവയ്ക്ക് വായ്പ നല്‍കുന്നതിന് എസ്ബിഐ വിവിധ എന്‍ബിഎഫ്സികളുമായി സഹവായ്പാ സഹകരണത്തിന് ശ്രമിക്കുകയാണ്.
അദാനി ക്യാപിറ്റലുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ഈ പങ്കാളിത്തം വായ്പാ സേവനം വേണ്ടത്ര ലഭ്യമാകാത്ത കാര്‍ഷിക മേഖലയുമായി കൂടുതല്‍ ബന്ധപ്പെടുന്നതിനും അതുവഴി രാജ്യത്തിന്‍റെ കാര്‍ഷിക സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് കൂടുതല്‍ സംഭാവന നല്‍കുന്നതിനും ഉപയോക്തൃ അടിത്തറ വിപുലീകരിക്കുന്നതിനും ബാങ്കിനെ സഹായിക്കുമെന്ന് എസ്ബിഐ ചെയര്‍മാന്‍ ദിനേഷ് ഖാര പറഞ്ഞു.
ഫാമുകളുടെ യന്ത്രവത്ക്കരണത്തിന് സഹായിക്കുകയും കാര്‍ഷിക മേഖലയിലെ ഉല്‍പാദനവും വരുമാനവും വര്‍ധിപ്പിക്കുന്നതില്‍ പങ്കാളികളാകുകയും ചെയ്യുക എന്നതാണ് ഈ പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് അദാനി ക്യാപിറ്റലിന്‍റെ എംഡിയും സിഇഒയുമായ ഗൗരവ് ഗുപ്ത വ്യക്തമാക്കി.