ദില്ലി: സാറ്റ്‌ലൈറ്റ് അധിഷ്‍ഠിത ഇന്‍റർനെറ്റ് സേവനദാതാവായ സ്റ്റാർലിങ്കിനെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനായി എയർടെല്ലും ജിയോയും സ്‌പേസ് എക്‌സുമായി കൈകോർത്തിരിക്കുകയാണ്. സ്റ്റാർലിങ്ക് ഇന്‍റര്‍നെറ്റ് സേവനം ഇന്ത്യയില്‍ ലഭ്യമാക്കാന്‍ ഇലോൺ മസ്‌കിന്‍റെ കമ്പനിയായ സ്‌പേസ് എക്‌സുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടതായി എയർടെൽ അറിയിച്ചു. തൊട്ടുപിന്നാലെ സ്റ്റാർലിങ്കുമായുള്ള കരാറിനെക്കുറിച്ചുള്ള വിവരങ്ങൾ റിലയൻസ് ജിയോയും പുറത്തുവിട്ടു. സ്റ്റാർലിങ്കിൽ നിന്ന് ഇന്ത്യൻ ഉപഭോക്താവിന് എന്ത് നേട്ടമുണ്ടാകും എന്നായിരിക്കും പലരും ചിന്തിക്കുന്നത്. ഇതാ അതുസംബന്ധിച്ച് അറിയേണ്ടതെല്ലാം.
വിദൂര കണക്ടിവിറ്റി
സ്റ്റാർലിങ്ക് പ്രവർത്തിക്കുന്ന രീതി നോക്കിയാൽ, ഇന്ത്യയിൽ ഇന്‍റർനെറ്റ് കണക്റ്റിവിറ്റി മെച്ചപ്പെടുത്താൻ അതിന് കഴിയും. ഗ്രാമപ്രദേശങ്ങളിലും വിദൂര പ്രദേശങ്ങളിലും സ്റ്റാര്‍ലിങ്ക് ഉപഗ്രഹ ഇന്‍റര്‍നെറ്റിന്‍റെ ഗുണങ്ങൾ ലഭിക്കും. ഇന്ത്യയിൽ ഇപ്പോഴും ഫൈബർ ഇന്‍റർനെറ്റ് എത്തിയിട്ടില്ലാത്ത നിരവധി ഗ്രാമങ്ങളും കുന്നിൻ പ്രദേശങ്ങളുമുണ്ട്, അത്തരമൊരു സാഹചര്യത്തിൽ അവർക്ക് സ്റ്റാർലിങ്കിൽ നിന്ന് ഉപഗ്രഹങ്ങള്‍ വഴി ഇന്‍റര്‍നെറ്റ് സേവനം ഉപയോഗിക്കാം.
ഇന്ത്യയിൽ ഏകദേശം 100 കോടി ടെലികോം ഉപയോക്താക്കളുണ്ട്. നിലവിൽ രാജ്യത്തെ 6,15,836 ഗ്രാമങ്ങളിൽ 4ജി മൊബൈൽ കണക്റ്റിവിറ്റി ഉണ്ടെന്നാണ് കണക്കുകള്‍. എന്നാൽ പല ഗ്രാമപ്രദേശങ്ങളിലും ഇപ്പോഴും വിശ്വസനീയമായ കണക്റ്റിവിറ്റി ഇല്ല. 25 Mbps-നും 220 Mbps-നും ഇടയിൽ വേഗത വാഗ്ദാനം ചെയ്യുന്ന സ്റ്റാർലിങ്കിന്‍റെ ഉപഗ്രഹ അധിഷ്ഠിത സേവനം ഈ വിടവ് നികത്താൻ സഹായിക്കും. വിദൂര പ്രദേശങ്ങളിൽ സേവനം നൽകാനുള്ള കഴിവിൽ സ്റ്റാർലിങ്ക് വേറിട്ടുനിൽക്കുന്നു. പ്രത്യേകിച്ച് പരമ്പരാഗത ഇന്‍റർനെറ്റ് ലഭ്യമല്ലാത്തതോ വേഗത കുറഞ്ഞതോ ആയ സ്ഥലങ്ങളിൽ. ഇതിന് ഫൈബർ-ഒപ്റ്റിക് വേഗതയുമായി പൊരുത്തപ്പെടാൻ കഴിയില്ലെങ്കിലും സാറ്റ്‌ലൈറ്റ് കവറേജും സ്ഥലവും അനുസരിച്ച് ചില പ്രദേശങ്ങളിൽ 150 Mbps മുതൽ 264Mbps വരെ ഇന്‍റർനെറ്റ് വേഗത സ്റ്റാർലിങ്ക് വാഗ്ദാനം ചെയ്യുന്നു.
നിലവിൽ രാജ്യത്തിന്‍റെ എല്ലാ കോണുകളിലും ഇന്‍റർനെറ്റ് ലഭ്യമല്ല. സർക്കാർ കണക്കുകൾ പ്രകാരം, 2024 മാർച്ചിൽ ഗ്രാമീണ ടെലി-സാന്ദ്രത 59.1% ആയിരുന്നു. ഈ മേഖലകളിൽ സ്റ്റാർലിങ്കിന്‍റെ സേവനം ഒരു വഴിത്തിരിവായിരിക്കും. വിദൂര പ്രദേശങ്ങളിൽ പോലും ഓൺലൈൻ വിദ്യാഭ്യാസ രീതി പ്രോത്സാഹിപ്പിക്കുന്നതിന് ഇത് സഹായിക്കും. എന്തായാലും ഇന്ത്യയിലെ വിദൂര പ്രദേശങ്ങളിലെ സ്കൂളുകൾക്കും ആശുപത്രികൾക്കും ഇതിന്‍റെ പ്രയോജനം വളരെ കൂടുതലായി ഉപകരിക്കും. സ്റ്റാർലിങ്ക് സേവനം ഗെയിമിംഗ്, വീഡിയോ കോളിംഗ്, ഓൺലൈൻ വിദ്യാഭ്യാസം എന്നിവയ്ക്ക് ഗുണം ചെയ്യും.
പ്രകൃതി ദുരന്തങ്ങളിൽ സഹായകരം
ഇന്ത്യയിൽ പ്രകൃതി ദുരന്തങ്ങൾ പലപ്പോഴും വളരെയധികം പ്രശ്‌നങ്ങൾ സൃഷ്‍ടിക്കുന്ന നിരവധി മേഖലകളുണ്ട്. വെള്ളപ്പൊക്കം, ഭൂകമ്പം അല്ലെങ്കിൽ ചുഴലിക്കാറ്റ് തുടങ്ങിയ പല രൂപങ്ങളിലാണ് ഈ ദുരന്തങ്ങൾ വരുന്നത്, അത്തരം പ്രദേശങ്ങളിൽ ഫൈബര്‍ ഇന്‍റർനെറ്റ് കണക്റ്റിവിറ്റി പലപ്പോഴും നഷ്ടപ്പെടും. മൊബൈല്‍ റേഞ്ച് പോലും അപ്രത്യക്ഷമാകാം. അത്തരം സാഹചര്യങ്ങളില്‍, ഉപഗ്രഹ അധിഷ്ഠിത സ്റ്റാർലിങ്ക് ഇന്‍റര്‍നെറ്റ് സേവനം വളരെയധിക്കം സഹായകരമായിരിക്കും.
എപ്പോൾ എത്തും?
2025 മാർച്ച് 11, 12 തീയതികളിലാണ് ജിയോയും എയർടെല്ലും സ്‌പേസ് എക്‌സുമായി കരാർ ഒപ്പിട്ടത്. പക്ഷേ കേന്ദ്ര സർക്കാരിൽ നിന്ന് ആവശ്യമായ ലൈസൻസുകളും അന്തിമ സുരക്ഷാ അനുമതിയും സ്‌പേസ് എക്‌സിന് ലഭിക്കുന്നതുവരെ ഇന്ത്യൻ ലോഞ്ച് തീയതി സ്ഥിരീകരിക്കാൻ സാധിക്കില്ല. ഇതിന് പുറമെ, ഇന്ത്യയിലെ ഡാറ്റാ ലോക്കലൈസേഷൻ, ദേശീയ സുരക്ഷാ പ്രോട്ടോക്കോളുകൾ തുടങ്ങിയ നിയമങ്ങൾ സ്റ്റാർലിങ്ക് പാലിക്കേണ്ടത് അത്യാവശ്യമാണ്. എല്ലാം ആസൂത്രണം ചെയ്തതുപോലെ നടന്നാൽ, 2025-ന്‍റെ രണ്ടാം പാദത്തോടെ (ഏപ്രിൽ-ജൂൺ) ഇന്ത്യയില്‍ സ്റ്റാർലിങ്ക് ഉപഗ്രഹ ഇന്‍റര്‍നെറ്റ് സേവനം ആരംഭിക്കാൻ സാധ്യതയുണ്ട്. എന്നാൽ അന്തിമ അനുമതികളില്‍ കാലതാമസം ഉണ്ടായാൽ, ഈ തീയതി കൂടുതൽ നീണ്ടേക്കാം.
ഭാവി എങ്ങനെയായിരിക്കും?
ഇന്ത്യയിലെ ഉപഗ്രഹ ആശയവിനിമയ വിപണി അതിവേഗം വളരുകയാണ്. 2024-ൽ കെപിഎംജിയുടെ ഒരു റിപ്പോർട്ട് അനുസരിച്ച്, 2028 ആകുമ്പോഴേക്കും ഈ വിപണി 1.7 ലക്ഷം കോടി രൂപയിലെത്തും. എങ്കിലും, സർക്കാർ അംഗീകാരം, സുരക്ഷാ ആശങ്കകൾ, ടെലികോം കമ്പനികളുടെ സഹകരണവും മനോഭാവവും സ്റ്റാർലിങ്കിന് വലിയ വെല്ലുവിളിയാണ്.