തിരുവനന്തപുരം: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഐ.ടി കമ്പനി ടെക്‌വാന്റേജ് സിസ്റ്റംസ് കിന്‍ഫ്ര ഫിലിം, വീഡിയോ ആന്‍ഡ് ഐ.ടി പാര്‍ക്കിലേക്ക് കൂടി പ്രവര്‍ത്തനം വിപുലീകരിച്ചു. തിരുവനന്തപുരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ നാലാമത്തെ ഓഫീസിന്റെ ഉദ്ഘാടനം കിന്‍ഫ്ര പാര്‍ക്കില്‍ തിരുവിതാംകൂര്‍ രാജകുടുംബാംഗം പ്രിന്‍സ് ആദിത്യവര്‍മ നിര്‍വഹിച്ചു. കിന്‍ഫ്ര ഡയറക്ടര്‍ ജോര്‍ജ്കുട്ടി അഗസ്തി ചടങ്ങില്‍ മുഖ്യാതിഥിയായി.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോലുള്ള അഡ്വാന്‍സ് ടെക്‌നോളജികളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ കേരളത്തിലേക്ക് കടന്നുവരുന്നതും പ്രവര്‍ത്തിക്കുന്നതും വളരെയധികം സന്തോഷമുള്ള കാര്യമാണെന്ന് പ്രിന്‍സ് ആദിത്യവര്‍മ പറഞ്ഞു. പ്രതിസന്ധികളെ മറികടന്ന് മുന്നോട്ട് വരാനുള്ള മനോഭാവമാണ് ഏതൊരു സംരംഭത്തിന്റെയും വിജയത്തിന് പിന്നിലെന്നും കേരളം ആകര്‍ഷകമായ നിക്ഷേപകേന്ദ്രമായി വളര്‍ന്നുകഴിഞ്ഞെന്നും അദ്ദേഹം സംരംഭക രംഗത്തെ തന്റെ അനുഭവങ്ങള്‍ വിവരിക്കുന്നതിനൊപ്പം കൂട്ടിച്ചേര്‍ത്തു.
കിന്‍ഫ്ര പോലൊരു എക്കോസിസ്റ്റത്തിലേക്കുള്ള കമ്പനിയുടെ കടന്നുവരവിന്റെ ഗുണങ്ങളും സവിശേഷതകളും ജോര്‍ജ്കുട്ടി അഗസ്തി വിവരിച്ചു. കംഫര്‍ട്ട് സോണ്‍ വിട്ട് ഇരുട്ടിലേക്ക് ചാടി അതിനെ വെളിച്ചമാക്കാന്‍ തയാറാകുന്നവരാണ് വിജയിച്ച കഥകള്‍ രചിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലെ പ്രധാന ശേഷിയും സുസ്ഥിരമായ വളര്‍ച്ചയ്ക്കാവശ്യമായ സൂഷ്മമായ ആസൂത്രണവുമാണ് ടെക്‌വാന്റേജിന്റെ വിജയത്തിന് പിന്നിലെന്ന് സി.ഇ.ഒ ദേവിപ്രസാദ് ത്രിവിക്രമന്‍ പറഞ്ഞു. കമ്പനിയുടെ വളര്‍ച്ചയ്ക്ക് പിന്നില്‍ കഠിനമായി അധ്വാനിക്കുന്ന ടെക്‌വാന്റേജ് ടീമിന് അദ്ദേഹം നന്ദി പറഞ്ഞു. ചടങ്ങില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ടെക്‌വാന്റേജ് എം.ഡിയും കോ ഫൗണ്ടറുമായ ജീജ ഗോപിനാഥ് നന്ദി പറഞ്ഞു. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ കമ്പിനിയിലെ ജീവനക്കാരുടെ എണ്ണം 500ലെത്തിക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്നും ജീജ കൂട്ടിച്ചേര്‍ത്തു.