കൊച്ചി: തായ് ലണ്ട് കപ്പ് 2022 റൗണ്ട് 2-ല്‍ ഹോണ്ട റേസിങ് ഇന്ത്യയുടെ സാര്‍ഥക് ചവാന്‍ പോഡിയം ഫിനിഷോടെ പുതിയ റെക്കോഡ് കുറിച്ചു. ഹോണ്ട റേസിങ് ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ റൈഡര്‍ ഈ നേട്ടം കരസ്ഥമാക്കുന്നത്.
തായ് ലണ്ട് ബുരിരാമിലെ ചാങ്ങ് ഇന്‍റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ തന്‍റെ റൈഡിങ് മികവ് പുറത്തെടുത്ത പൂനെയില്‍ നിന്നുള്ള 15കാരനായ സാര്‍ഥക് ചവാന്‍ ഗ്രിഡില്‍ 12-ാം പൊസിഷനില്‍ തുടങ്ങി റൗണ്ട് 2-വില്‍ ആദ്യ അഞ്ച് സ്ഥാനങ്ങള്‍ക്കുള്ളില്‍ വന്നു. ശക്തമായ വെല്ലുവിളി ഉയര്‍ത്തിയ സാര്‍ഥക് മറ്റ് ഏഷ്യന്‍ റൈഡര്‍മാരെക്കാള്‍ മികച്ച പ്രകടനം കാഴ്ചവച്ചാണ് മുന്നിലെത്തിയ താരത്തേക്കാള്‍ 0.583 സെക്കന്‍റിന് മാത്രം പിന്നിലായി മൂന്നാം സ്ഥാനത്ത് റേസ് പൂര്‍ത്തിയാക്കിയത്.
സാര്‍ഥക്കിന്‍റെ ടീമംഗമായ ചെന്നൈയില്‍ നിന്നുള്ള 16-കാരനായ കാവിന്‍ ക്വിന്‍റല്‍ മികച്ച ആത്മവിശ്വാസം പ്രകിടിപ്പിച്ചു. ആദ്യ ലാപ്പില്‍ അഞ്ച് റൈഡര്‍മാരെ മറികടന്ന കാവിന്‍ റേസ് 2-ല്‍ ഒമ്പതാം സ്ഥാനത്ത് പൂര്‍ത്തിയാക്കി.
റൗണ്ട്-2 ഫലങ്ങളില്‍ വളരെ സംതൃപ്തരാണെന്നും സാര്‍ഥക്കും കാവിനും അന്താരാഷ്ട്ര മണ്ണില്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചതെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ ബ്രാന്‍ഡ് ആന്‍ഡ് കമ്യൂണിക്കേഷന്‍സ് ഓപറേറ്റിങ് ഓഫീസര്‍ പ്രഭു നാഗരാജ് പറഞ്ഞു. തായ് ലണ്ട് കപ്പില്‍ ചരിത്രത്തില്‍ ആദ്യമായി പോഡിയത്തിലെത്തുന്ന നേട്ടമാണ് സാര്‍ഥക് കൈവരിച്ചത്. നമ്മുടെ റൈഡര്‍മാര്‍ അന്താരാഷ്ട്ര മല്‍സരങ്ങളില്‍ ഉയരങ്ങളിലേക്ക് എത്തുന്നതിന്‍റെ സാക്ഷ്യങ്ങളാണ് ഈ നേട്ടങ്ങളെന്നും അദ്ദേഹം പറഞ്ഞു.