കൊച്ചി: ഇന്ത്യയിലെ പവർ ബാക്കപ്പ്, ഹോം ഇലക്ട്രിക്കൽ രംഗത്തെ മുൻനിരക്കാരായ ലൂമിനസ് പവർ ടെക്‌നോളജീസ്, പ്രോ കബഡി ലീഗിന്റെ വരാനിരിക്കുന്ന സീസണിൽ തമിഴ് തലൈവാസുമായി ഔദ്യോഗിക സ്പോൺസർഷിപ്പ് പ്രഖ്യാപിച്ചു. പങ്കാളിത്തത്തിന്റെ ഭാഗമായി, തമിഴ് തലൈവാസിന്റെ ജേഴ്‌സിയിൽ ലൂമിനസ് ബ്രാൻഡ് ലോഗോ ഇടം പിടിക്കും. കൂടാതെ, ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും അതത് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും ബ്രാൻഡിന് പ്രചാരണം ലഭിക്കും.
ദക്ഷിണേന്ത്യ ലൂമിനസിന്റെ പ്രധാന വിപണിയാണെന്നും നിലവിലെ അൻപത് ശതമാനം വളർച്ചയിലൂടെ 2023 ൽ ആയിരം കോടി രൂപയുടെ വരുമാനമാണ് ലക്ഷ്യമിടുന്നതെന്നും ലൂമിനസ് പവർ ടെക്‌നോളജീസ് ചീഫ് മാർക്കറ്റിങ്ങ് ഓഫീസർ രുചിക ഗുപ്ത പറഞ്ഞു. വാണിജ്യ പങ്കാളിത്ത ശൃംഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഹൊസൂറിൽ ലോജിസ്റ്റിക്സ് സെന്റർ സ്‌ഥാപിക്കും. ദക്ഷിണേന്ത്യയിൽ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് തമിഴ് തലൈവാസുമായി സഹകരിക്കാൻ തീരുമാനിച്ചതെന്നും അവർ പറഞ്ഞു.
ലൂമിനസ് പവർ ടെക്നോളജീസുമായി സഹകരിക്കുന്നതിൽ ആവേശ ഭരിതരാണെന്നും ബ്രാൻഡുമായുള്ള ഫലപ്രദമായ പങ്കാളിത്തത്തിനും വിജയകരമായ ഒരു സീസണിനും കാത്തിരിക്കുകയാണെന്നും തമിഴ് തലൈവാസ് ഡയറക്ടർ നിഖിൽ ഭരദ്വാജ് പറഞ്ഞു.
മഷാൽ സ്‌പോർട്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെയും സ്റ്റാർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റേയും തകർപ്പൻ സംരംഭമാണ് വിവോ പ്രോ കബഡി. 2014-ൽ ആരംഭിച്ചത് മുതൽ, ലീഗ് കായികരംഗത്ത് കബഡിയിൽ അവിശ്വസനീയമായ പുതുമകളോടെ വിപ്ലവം സൃഷ്ടിക്കുകയും കളിക്കാർക്കും ആരാധകർക്കും ഒരുപോലെ ആവേശകരമായ കായിക വിനോദമാക്കി മാറ്റുന്നുകയും ചെയ്തു. അമേച്വർ കബഡി ഫെഡറേഷൻ ഓഫ് ഇന്ത്യ (എകെഎഫ്‌ഐ) പിന്തുണയോടെയും ഇന്റർനാഷണൽ കബഡി ഫെഡറേഷൻ (ഐകെഎഫ്), ഏഷ്യൻ കബഡി ഫെഡറേഷൻ (എകെഎഫ്) എന്നിവയുടെ സഹകരണത്തോടെയും ലീഗ് മികച്ച വളർച്ച കൈവരിച്ചു.
പ്രോ കബഡി ലീഗിൽ കളിക്കുന്ന തമിഴ്‌നാട് ആസ്ഥാനമായുള്ള കബഡി ടീമാണ് തമിഴ് തലൈവാസ്. മാഗ്നം സ്‌പോർട്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കൺസോർഷ്യത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ടീം. തമിഴ്‌നാട്ടിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലാണ് (ചെന്നൈ) തമിഴ് തലൈവാസ് അവരുടെ ഹോം മത്സരങ്ങൾ കളിക്കുന്നത്.