ദില്ലി: ചൈന ഉൾപ്പെടെ വ്യാപനം കൂടിയ അഞ്ച് രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് എയർ സുവിത രജിസ്ട്രേഷൻ നിർബന്ധമാക്കാൻ സാദ്യത. യാത്രക്ക് 72 മണിക്കൂർ മുൻപാണ് എയർ സുവിധ രജിസ്ട്രേഷൻ നടത്തേണ്ടത്. ജനുവരി പകുതിയോടെ കോവിഡ് കേസുകൾ കൂടുമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ നിയന്ത്രണങ്ങൾ കടുപ്പിച്ച് കേന്ദ്ര സർക്കാർ.
നിലവിലെ കോവിഡ് വ്യാപനത്തിന്റെ അടിസ്ഥാനത്തിലാണ് തുടർ നടപടികൾ ആലോചിക്കുകയെന്നും കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു.
പരിശോധിച്ച 6000 പേരിൽ 39 പേർക്കാണ് കഴിഞ്ഞ രണ്ട് ദിവസത്തിനിടെ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകൾ ജനിതക ശ്രേണീകരണത്തിന് അയച്ചിട്ടുണ്ട്.കൊവിഡിനെതിരെ കനത്ത ജാഗ്രതയിലാണ് രാജ്യം മുന്നോട്ട് പോകുന്നത്. കഴിഞ്ഞ ശനിയാഴ്ച്ച മുതൽ വിമാനത്താവളങ്ങളിൽ പരിശോധന തുടങ്ങിയിരുന്നു.
അന്താരാഷ്ട്ര യാത്രക്കാരിൽ രണ്ട് ശതമാനം പേരിലും ചൈന, ജപ്പാൻ, തായ്ലാൻഡ്, ഹോങ്കോംഗ്, തെക്കൻ കൊറിയ എന്നിവിടങ്ങളിൽ നിന്നുള്ള മുഴുവൻ യാത്രക്കാരിലും ആർടിപിസിആർ പരിശോധന നടത്തുന്നുണ്ട്.
വിമാനത്താവളങ്ങളിലെ പരിശോധന സൗകര്യങ്ങൾ വിലയിരുത്താൻ ആരോഗ്യ മന്ത്രി ദില്ലി വിമാനത്താവളം സന്ദർശിക്കും. നിലവിൽ കൊവിഡ് സ്ഥിരീകരിച്ച അന്താരാഷ്ട്ര യാത്രക്കാരിൽ ഭൂരിഭാഗം പേർക്കും നേരിയ ലക്ഷണങ്ങൾ മാത്രമാണുള്ളത്.