ദില്ലി: അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം ഒന്നാം ഡോസ് വാക്‌സീന്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശമെന്ന് റിപ്പോര്‍ട്ട്. ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഒക്ടോബര്‍ രണ്ടാമത്തെ ആഴ്ചയോടെ 100 കോടി വാക്‌സീന്‍ നല്‍കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്.
മോദിയുടെ ജന്മദിനത്തിൽ റെക്കോർഡ് വാക്സീനേഷൻ: ഏഴ് മണി വരെ നൽകിയത് 2.20 കോടി ഡോസ് വാക്സീൻ
സര്‍ക്കാറിന്റെ മുന്‍ഗണനാ പട്ടിക വെച്ച് ഉത്തര്‍പ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ എല്ലാവര്‍ക്കും ഒരു ഡോസ് വാക്‌സിനെങ്കിലും നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വെള്ളിയാഴ്ചത്തേതുള്‍പ്പെടെ ഇതുവരെ 78 കോടി ആളുകള്‍ക്ക് ഒന്നാം ഡോസ് വാക്‌സീന്‍ നല്‍കി. 20 ശതമാനം ആളുകള്‍ക്ക് രണ്ട് ഡോസ് വാക്‌സീനും 62 ശതമാനം ആളുകള്‍ക്ക് ഒറ്റ ഡോസ് വാക്‌സീനും നല്‍കി. 87.8 ശതമാനം കൊവിഷീല്‍ഡ് വാക്‌സീനാണ് നല്‍കിയത്. 12.11 ശതമാനം കൊവാക്‌സിനും ബാക്കി സ്പുട്‌നിക്-5 വാക്‌സീനും നല്‍കി.
യുപിയില്‍ ഒറ്റഡോസ് വാക്‌സീന്‍ 50 ശതമാനം പിന്നിട്ടു. തെരഞ്ഞെടുപ്പിന് മുമ്പ് 100 ശതമാനം എത്തുകയാണ് ലക്ഷ്യം. തെരഞ്ഞെടുപ്പിന് മുമ്പ് 100 ശതമാനം ഒറ്റഡോസ് പൂര്‍ത്തിയാക്കിയാല്‍ നേട്ടമാകുമെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ കണക്കുകൂട്ടല്‍.