മുംബൈ: ലോക്ക്ഡൗണ്‍ കാലത്ത് വരുമാനം നിലച്ച രക്ഷിതാക്കൾ, പഠനം നിർത്താൻ പോലും ഒരുങ്ങിയ ചില വിദ്യാർഥികൾ,ഫീസ് കിട്ടിയിലെങ്കിൽ അധ്യാപകരുടെ ശമ്പളമടക്കം കാര്യങ്ങളും പ്രശ്നത്തിലാവും. ഇങ്ങനെയൊരു പ്രതിസന്ധി ഘട്ടത്തിലാണ് പവായ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പ്രിൻസിപ്പൽ ഷേർളി ഉദയകുമാർ സഹായം തേടി സ്വയം രംഗത്തിറങ്ങിയത്.
ക്രൗഡ് ഫണ്ടിംഗ് എന്ന് ആശയവുമായി അവര്‍ മുന്നോട്ട് പോയി. ആദ്യമൊക്കെ വലിയ ബുദ്ധിമുട്ടായിരുന്നു. പഠനത്തിൽ മിടുക്കരെ സഹായിക്കാൻ പലർക്കും താത്പര്യമുണ്ടായിരുന്നു. പക്ഷേ പഠനമാവരുതല്ലോ മാനദണ്ഡം. പണത്തിന് ബുദ്ധിമുട്ടുന്നവർക്കെല്ലാം സഹായം വേണം. ചെറിയ ചെറിയ തുകകളുടെ സ്പോൺസർഷിപ്പ്.ഒടുവിൽ ഷോര്‍ളിയുടെ പ്രയത്നം എത്തി നിൽക്കുന്നത് ഒരു കോടി രൂപയിലാണ്.
ആലപ്പുഴ മുതുകുളത്ത് കുടുംബവേരുള്ള ഷേർളി ഉദയകുമാർ മുംബൈയിലാണ് ജനിച്ചു വളർന്നത്. 36 വർഷമായി പവായ് ഇംഗ്ലിഷ് സ്കൂളിൽ പ്രവർത്തിക്കുന്നു. മഹാരാഷ്ട്ര സംസ്ഥാന സിലബസ്സിലുള്ള സ്കൂളാണിത്. അച്ഛനില്ലാത്ത കുട്ടികളെ സഹായിക്കുക എന്നതായിരുന്നു ആദ്യം ലക്ഷ്യമിട്ടത്.
എന്നാൽ, പിന്നീട് ഫീസ് അടയ്ക്കാത്ത കുട്ടികളുടെ എണ്ണം കൂടിവന്നു. സഹായം തേടി കൂടുതൽ രക്ഷിതാക്കളുമെത്തി. അങ്ങനെയാണ് പദ്ധതി വലുതായത്. വ്യക്തികളും സന്നദ്ധസംഘടനകളും കോർപറേറ്റ് കമ്പനികളുമെല്ലാം നല്ല രീതിയിൽ സഹകരിച്ചത് കൊണ്ടാണ് ഒരു കോടിയെന്ന നേട്ടത്തിലെത്തിയത്. തനിക്കു തന്നെ ഇതു വിശ്വസിക്കാനാകുന്നില്ലെന്ന് -ഷേർളി ഉദയകുമാർ പറഞ്ഞു. രണ്ടായിരത്തിലേറെ വിദ്യാർഥികളിൽ 500 പേരെ ഫീസടച്ച് സഹായിക്കാൻ പദ്ധതി വഴി സാധിച്ചു.