കൊച്ചി: ഐസിഐസിഐ ബാങ്ക് എല്ലാ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ(എംഎസ്എംഇ)ക്കുമായി രാജ്യത്തെ ആദ്യത്തെ സമഗ്ര ഡിജിറ്റൽ ഇക്കോ സിസ്റ്റം ആരംഭിച്ചു. മറ്റ് ബാങ്കുകളുടെ ഇടപാടുകാർക്കും ഉപയോഗിക്കാവുന്ന സംവിധാനമാണിത്.
നിലവിലുള്ള ഇടപാടുകാർക്ക് കൂടുതൽ മെച്ചപ്പെട്ട ബാങ്കിങ് സേവനങ്ങൾ, മറ്റ് ബാങ്കുകളുടെ ഇടപാടുകാരായ എംഎസ്എംഇകൾക്ക് വിവിധ ബാങ്കിങ് സേവനങ്ങൾ, എല്ലാവർക്കും മൂല്യവർധിത സേവനങ്ങളുടെ ഒരു സമ്പൂർണ ശ്രേണി, 25 ലക്ഷം രൂപ വരെ അതിവേഗം, കടലാസ് രഹിതമായ ഓവർഡ്രാഫ്റ്റ് സൗകര്യം, ഉടനടി ഡിജിറ്റലായി കറൻറ് അക്കൗണ്ട് ആരംഭിക്കാനുള്ള സൗകര്യം എന്നിവയാണ് ഈ സംവിധാനത്തിന്‍റെ ചില പ്രധാന പ്രത്യേകതകൾ. ബാങ്കുകൾ സ്വന്തം ഇടപാടുകാർക്ക് മാത്രം ലഭ്യമാക്കുന്ന സേവനങ്ങൾ മറ്റുള്ളവർക്കും നൽകിക്കൊണ്ട് ബാങ്കിങ് മേഖലയിൽ ശ്രദ്ധേയമായ മാറ്റം കൊണ്ടുവരാനാണ് ഇതിലൂടെ ഐസിഐസിഐ ബാങ്ക് ലക്ഷ്യമിടുന്നത്.
ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ ആപ് സ്റ്റോർ, ബാങ്കിന്‍റെ കോർപറേറ്റ് ഇന്‍റർനെറ്റ് ബാങ്കിങ് (സിഐബി) പ്ലാറ്റ്ഫോം എന്നിവയിൽ നിന്ന് ഇൻസ്റ്റാബിസ് ആപ്പിന്‍റെ പുതിയ പതിപ്പ് ഡൗൺലോഡ് ചെയ്ത് ഈ ഡിജിറ്റൽ സംവിധാനം ഉപയോഗപ്പെടുത്താം. മറ്റ് ബാങ്കുകളുടെ ഇടപാടുകാരായ എംഎസ്എംഇകൾക്ക് ‘ഗസ്റ്റ്’ ആയി ലോഗിൻ ചെയ്ത് ഇത് ഉപയോഗിക്കാവുന്നതാണ്.
എംഎസ്എംഇ മേഖലയാണ് ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് രൂപപ്പെടുത്തുന്നത് എന്നാണ് ഐസിഐസിഐ ബാങ്ക് എപ്പോഴും വിശ്വസിക്കുന്നതെന്നും ഈ സംവിധാനം അവരുടെ കാര്യക്ഷമത വർധിപ്പിക്കുകയും ബിസിനസ് വർധിപ്പിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഐസിഐസിഐ ബാങ്ക് എക്സിക്യുട്ടീവ് ഡയറക്ടർ ശ്രീ. അനൂപ് ബാഗ്ചി പറഞ്ഞു.