ന്യൂഡൽഹി: വനിതാശാക്തീകരണത്തിന്റെ ഭാഗമായി ബി എസ് എഫിന്റെ സീമാ ഭവാനി ശൗര്യ സംഘം നടത്തുന്ന എംപവർമെന്റ് റൈഡ്-2022 യാത്രയ്ക്ക് ന്യൂഡൽഹിയിലെ ഇന്ത്യാഗേറ്റിൽ വനിതാ ദിനമായ മാർച്ച് എട്ടിന് തുടക്കം കുറിച്ചു. ബി എസ് എഫ് വൈവ്‌സ് വെൽഫെയർ അസോസിയേഷൻ (ബിഡബ്ല്യുഡബ്ല്യുഎ) പ്രസിഡന്റായ നൂപൂർ സിംഗ് ആണ് യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തത്. രാജ്യത്തിന്റെ ഭാവി രൂപീകരിക്കുന്നതിൽ പ്രധാനപങ്കുവഹിക്കാനും ബി എസ് എഫിൽ ചേരാനും രാജ്യത്തെമ്പാടുമുള്ള സ്ത്രീകളേയും പെൺകുട്ടികളേയും പ്രചോദിപ്പിക്കുന്നതിനും വനിതകളുടെ നേട്ടങ്ങൾ ആഘോഷിക്കുന്നതിനുമാണ് ബി എസ് എഫിന്റെ സീമ ഭവാനി ശൗര്യ സംഘം ന്യൂഡൽഹിയിൽ നിന്നും കന്യാകുമാരിയിലേക്ക് യാത്ര നടത്തുന്നത്.
ഇൻസ്‌പെക്ടർ ഹിമാൻഷു സിറോഹിയുടെ നേതൃത്വത്തിൽ ബിഎസ്എഫിന്റെ 36 അംഗ വനിതാ ഡെയർഡെവിൾ മോട്ടോർസൈക്കിൾ സംഘം റോയൽ എൻഫീൽഡുമായി സഹകരിച്ചാണ് യാത്ര നടത്തുന്നത്. രാജ്യത്തെ പ്രമുഖ നഗരങ്ങളിലൂടെ സഞ്ചരിക്കുന്ന സംഘം റോയൽ എൻഫീൽഡിന്റെ പുതിയ ക്ലാസ്സിക് 350യിൽ 5280 കിലോമീറ്റർ യാത്ര ചെയ്ത് കന്യാകുമാരിയിൽ എത്തിയശേഷം ചെന്നൈയിലേക്ക് സഞ്ചരിച്ച് യാത്ര മാർച്ച് 28-ന് അവസാനിപ്പിക്കും.
രാജ്യത്തെ സുരക്ഷാ സേനയ്ക്ക് റോയൽ എൻഫീൽഡ് നൽകുന്ന സേവനങ്ങളിലേക്ക് കൂട്ടിച്ചേർക്കുന്ന പ്രധാനപ്പെട്ട ഒന്നാണ് എംപർമെന്റ് റൈഡ്-2022 എന്ന് റോയൽ എൻഫീൽഡിന്റെ ചീഫ് ബ്രാൻഡ് ഓഫീസർ മോഹിത് ധർ ജയാൽ പറഞ്ഞു.
പ്രമുഖ വനിതാ ഒളിമ്പ്യന്മാർ, കായിക താരങ്ങൾ, ദ്രോണാചാര്യ, അർജുന അവാർഡ് ജേതാക്കൾ എന്നിവർ പങ്കെടുത്തു. ഇന്ത്യയുടെ വനിതാ ഹോക്കി ടീം മുൻ ക്യാപ്റ്റനും ദ്രോണാചാര്യ അവാർഡ് ജേതാവുമായ പ്രിതം റാണി സിവാച്, അന്താരാഷ്ട്ര ഹോക്കി താരങ്ങളായ റോസാലിഡ് എൽ റാൽടെയും യെൻഡല സൗന്ദര്യയും, ഒളിമ്പിക് ജിംനാസ്റ്റായ പ്രണതി നായക്, ഒളിമ്പിക് ഡിസ്‌കസ് താരമായ സീമ പുനിയ ആന്റിൽ, സാഫ് ഗെയിംസ് മെഡൽ ജേതാവും അന്താരാഷ്ട്ര ജൂഡോ താരവുമായ സുചിക തരിയാൽ ഹൂഡ എന്നിവർ പങ്കെടുത്തു.
യാത്രയ്ക്കിടയിൽ സീമാ ശൗര്യ സംഘം വിവിധയിടങ്ങളിൽ സ്‌കൂൾ വിദ്യാർത്ഥികൾ, എൻസിസി വോളൻിയർമാർ, യുവതികൾ, വിവിധ റൈഡിങ് സംഘങ്ങൾ തുടങ്ങിയവരുമായി സ്ത്രീകളുടെ കഴിവുകളെക്കുറിച്ചും മറ്റും സംവദിക്കും.