ന്യൂഡൽഹി: സ്കിൽ ഡവലപ്മെന്റ് ആൻഡ് എന്റർപ്രണർഷിപ്പ് മന്ത്രാലയത്തിന്റെ (എംഎസ്ഡിഇ) മാർഗനിർദേശപ്രകാരം പ്രവർത്തിക്കുന്ന നൈപുണ്യ വികസന സംരംഭകത്വ വികസനത്തിനുള്ള നോഡൽ ഏജൻസിയായ നാഷണൽ സ്കിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ (എൻഎസ്ഡിസി) സംഘടിപ്പിക്കുന്ന ഇന്ത്യൻ സ്കിൽസ് 2021-ന്റെ ദേശീയ മത്സരം ന്യൂഡൽഹിയിലെ തൽക്കത്തോറ ഇൻഡോർ സ്റ്റേഡിയത്തിൽ ഇന്ന് ആരംഭിക്കും . കാർ പെയിന്റിംഗ്, വെൽഡിംഗ്, ഫ്ലോറിസ്ട്രി തുടങ്ങി 50 ലധികം മത്സര ഇനങ്ങളിൽ 26 സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള മത്സരാർത്ഥികൾ പങ്കെടുക്കും. കേരളത്തിൽ നിന്നും 41 മത്സരാർത്ഥികളാണ് പങ്കെടുക്കുന്നത്.
കോവിഡ് -19 പ്രോട്ടോക്കോളുകളുടെ അടിസ്ഥാനത്തിൽ, ജനുവരി 7 മുതൽ 9 വരെ പ്രഗതി മൈതാനം ഉൾപ്പെടെയുള്ള ഒന്നിലധികം സ്ഥലങ്ങളിലായിട്ടാണ് മത്സരങ്ങൾ നടക്കുന്നത് . സന്ദർശകർക്ക് പ്രവേശനമില്ല കൂടാതെ , മതിയായ സാമൂഹിക അകലം, മത്സര പരിസരം ഇടയ്ക്കിടെ വൃത്തിയാക്കൽ എന്നിവ ഉൾപ്പെടെ എല്ലാ സുരക്ഷാ പ്രോട്ടോക്കോളുകളും അനുസരിച്ചായിരിക്കും പരിപാടികൾ നടത്തുന്നത് . പങ്കെടുക്കുന്നവരെ വ്യത്യസ്ത രീതിയിൽ തരംതിരിക്കാൻ വേണ്ടി എട്ട് മത്സര ഇനങ്ങൾ ജനുവരി 3 മുതൽ 5 വരെ ബെംഗളൂരുവിലും മുംബൈയിലുമായി നടത്തി. എല്ലാ ഇനങ്ങളിലെയും വിജയികളെ ജനുവരി 10 ന് ന്യൂഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ ആദരിക്കും. ഭാവിയിൽ രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ഊർജം പകരുന്ന പ്രഗത്ഭരും വൈദഗ്ധ്യവുമുള്ള തൊഴിലാളികളെ സൃഷ്ടിക്കുക എന്നതാണ് ഇന്ത്യാ സ്കിൽസ് മത്സരത്തിന്റെ ലക്ഷ്യം.