മൂന്ന് രോഗികളിൽ ഒരേ ദിവസം തന്നെയാണ് കിംസ്ഹെൽത്തിൽ പെറോറൽ എൻഡോസ്കോപ്പിക് മയോടോമി നടത്തിയത്.
തിരുവനന്തപുരം: ഖരരൂപത്തിലുള്ളതോ ദ്രാവകരൂപത്തിലുള്ളതോ ആയ ഭക്ഷണം കഴിക്കുമ്പോൾ അന്നനാളത്തിൽ കുടുങ്ങിക്കിടക്കുന്ന രോഗാവസ്ഥയിലായിരുന്ന മൂന്ന് രോഗികളിൽ പെറോറൽ എൻഡോസ്കോപ്പിക് മയോടോമി വിജകയകരമാക്കി കിംസ്ഹെൽത്ത്. മറ്റ് ആശുപത്രികളിൽ ചികിത്സ തേടിയതിന് ശേഷവും ഒരു വർഷത്തിലേറെയായി ഉമിനീർ പോലും ഇറക്കാനാവാത്ത നിലയിലാണ് തിരുവനന്തപുരം കിംസ്ഹെൽത്തിലെ ഗ്യാസ്ട്രോഎൻട്രോളജി വിഭാഗത്തിലെത്തുന്നത്. സീനിയർ കൺസൾട്ടന്റ് ഡോ. മധു ശശിധരന്റെ നേതൃത്വത്തിൽ നടന്ന ഈസോഫാഗൽ മാനോമെട്രി പരിശോധനവയിലാണ് അന്നനാളത്തെ ബാധിക്കുന്ന അക്കലേഷ്യ കണ്ടെത്തുന്നതും പെറോറൽ എൻഡോസ്കോപ്പിക് മയോടോമി മാത്രമാണ് ഏക പോംവഴി എന്ന നിഗമനത്തിലെത്തുന്നതും. പ്രഷർ സെൻസറുകൾ ഘടിപ്പിച്ച ട്യൂബ് അന്നനാളത്തിലൂടെ ആമാശയത്തിലേയ്ക്ക് കടത്തി വിട്ടായിരുന്നു പരിശോധന.
അന്നനാളം ആമാശയവുമായി ചേരുന്ന ഭാഗത്തെ പേശികളുടെ അസാധാരണമായ വണ്ണവും, സംങ്കോചവുമാണ് അക്കലേഷ്യ എന്ന അപൂർവ രോഗത്തിന് കാരണമാകുന്നത്. ഭക്ഷണം ആമാശയത്തിലേക്ക് എത്താതിരിക്കുന്നതോടെ റിഫ്ലെക്സുകൾ അന്നനാളത്തിലെ കോശങ്ങളെ നശിപ്പിക്കുകയും ക്യാൻസർ, ന്യുമോണിയ തുടങ്ങിയ മാരക രോഗങ്ങൾക്ക് കാരണമാകുകയും ചെയ്യും.
സങ്കീർണ്ണ എൻഡോസ്കോപ്പിക് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പെറോറൽ എൻഡോസ്കോപ്പിക് മയോടോമി അഥവാ POEM പൂർത്തിയാക്കാൻ മൂന്ന് മുതൽ നാല് മണിക്കൂർ വേണ്ടി വരും. ശരീരത്തിൽ മറ്റൊരിടത്തും മുറിവുണ്ടാക്കാത്ത രീതിയിൽ അന്നനാളം, ആമാശയം എന്നിവയുടെ പ്രതലങ്ങളുടെ വിശദമായ പരിശോധനയ്ക്കായി ഒരു ഫ്ലെക്സിബിൾ എൻഡോസ്കോപ്പ് ട്യൂബ് വായിലൂടെ കടത്തിവിട്ട് അന്നനാളത്തിൽ ചെറിയ മുറിവുണ്ടാക്കി അതുവഴി അന്നനാളത്തിന്റെ താഴത്തെ സ്ഫിൻക്റ്റർ മുറിച്ച് അയവ് വരുത്തുകയും ചെയ്യുന്നു.
അപൂർവങ്ങളിൽ അപൂർവമായാണ് അക്കലേഷ്യ ഉണ്ടാകുന്നത്. എന്നാൽ സമീപ വർഷങ്ങളിൽ കേസുകളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അങ്ങനെയാണ് അടുത്തടുത്ത ദിവസങ്ങളിൽ 3 രോഗികൾ കിംസ്ഹെൽത്തിലെത്തുന്നതും, ഒറ്റ ദിവസം തന്നെ 3 ആളുകളിലും POEM പ്രക്രിയ വിജയകരമാക്കുന്നതും. അക്കലേഷ്യ രോഗികളിൽ ഡ്രഗ് തെറാപ്പി ഫലപ്രദമല്ല, മറ്റ് ചികിത്സാരീതികളെ അപേക്ഷിച്ച്, POEM പ്രക്രിയയിലൂടെ നെഞ്ചിലോ, വയറിലോ മുറിവുകളുണ്ടാക്കാതെ, ആശുപത്രി വാസം കുറയ്ക്കാനും സാധിക്കുമെന്ന് ഈ അപൂർവ പ്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോ. മധു ശശിധരൻ പറഞ്ഞു.
സീനിയർ കൺസൾട്ടന്റുമാരായ ഡോ. അജിത് കെ നായർ, ഡോ ഹാരിഷ് കരീം, കൺസൾട്ടന്റ് ഡോ. അരുൺ പി, കൺസൾട്ടന്റ് അനസ്തെറ്റിസ്റ്റ് ഡോ. ഹാഷിർ എ എന്നിവരടങ്ങുന്ന മെഡിക്കൽ സംഘത്തിന്റെ കൂട്ടായ പരിശ്രമത്തിലൂടെയാണ് ഈ നേട്ടം കൈവരിക്കാനായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ട് ദിവസത്തെ തുടർചികിത്സയ്ക്ക് ശേഷം മൂവരും രോഗമുക്തരായി ആശുപത്രി വിട്ടു.