തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പേയാട് സ്വദേശിയായ ഭിന്നശേഷിക്കാരനെ (60) ഡോക്ടര്‍ പരിശോധിക്കാന്‍ വിസമ്മതിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് വിശദീകരണം തേടി. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട മന്ത്രി പരാതിക്കാരനെ വിളിച്ച് കാര്യങ്ങളന്വേഷിച്ചു. ഭിന്നശേഷിക്കാരനുണ്ടായ ദുരനുഭവം ഖേദകരമാണെന്ന് മന്ത്രി പറഞ്ഞു.
എട്ട് വര്‍ഷംമുമ്പ് ഉണ്ടായ വീഴ്ചയെ തുടര്‍ന്ന് വീല്‍ച്ചെയറിലായിരുന്നു രോഗിയുടെ സഞ്ചാരം. വയറ് വേദനയെ തുടര്‍ന്ന് ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗത്തിലെ സീനിയര്‍ ഡോക്ടറെ കാണാനാണ് അദ്ദേഹമെത്തിയത്. എന്നാല്‍ വീല്‍ച്ചെയറിലുള്ള രോഗിയെ പരിശോധനാ മുറിയില്‍ കയറ്റാനോ, രോഗിയുടെ അടുത്ത് പോയി പരിശോധിക്കാനോ ഡോക്ടര്‍ തയ്യാറായില്ല. ഇത് ഭിന്നശേഷിക്കാരനായ രോഗിക്കും ഭാര്യയ്ക്കും ഏറെ വേദനാജനകമായിരുന്നെന്നാണ് പരാതിപ്പെട്ടത്.