സൗജന്യ തിമിര ശസ്ത്രക്രിയ ഫെബ്രുവരി മാര്‍ച്ച് മാസങ്ങളില്‍
തിരുവനന്തപുരം: ടെക്‌നോപാര്‍ക്കും ഇന്‍ഫോപാര്‍ക്കും ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ആഗോള ഐ.ടി സര്‍വിസസ് കമ്പനിയായ എക്സ്പീരിയോണ്‍ ടെക്നോളജീസ് ചൈതന്യ ഐ ഹോസ്പിറ്റലുമായി കൈകോര്‍ത്ത് സൗജന്യ കാഴ്ച പരിശോധനയ്ക്ക് അവസരമൊരുക്കുന്നു. കമ്പനിയുടെ സാമൂഹിക പ്രതിബദ്ധതാ പരിപാടികളുടെ ഭാഗമായാണ് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സൗജന്യ തിമിര ശസ്ത്രക്രിയയ്ക്കായി എക്സ്പീരിയോണ്‍ ടെക്നോളജീസ് പരിശോധനയ്ക്ക് അവസരമൊരുക്കിയിരിക്കുന്നത്. ചൈതന്യ ഐ ഹോസ്പിറ്റലിന്റെ തിരുവനന്തപുരം (കേശവദാസപുരം, കരമന), എറണാകുളം (രവിപുരം, പാലാരിവട്ടം), കോട്ടയം, കൊല്ലം, തിരുവല്ല സെന്ററുകളിലാണ് പരിശോധനയും ശസ്ത്രക്രിയയും നടത്തുക. വിശദമായ പരിശോധനയ്ക്ക് ശേഷം ഏറ്റവും അര്‍ഹരായവരെ ശസ്ത്രക്രിയയുടെ തീയതിയും മറ്റ് വിവരങ്ങളും അറിയിക്കും.
ഏറ്റവും അര്‍ഹരായ 50 പേരുടെ തിമിര ശസ്ത്രക്രിയയ്ക്ക് വേണ്ട മുഴുവന്‍ ചെലവുകളുമാണ് എക്സ്പീരിയോണ്‍ ടെക്നോളജീസ് വഹിക്കുക. തിമിര ശസ്ത്രക്രിയയ്ക്ക് താല്‍പര്യമുള്ളവര്‍ തിരുവനന്തപുരത്ത് ദീപക് (8921071153), മെഹ്താബ് (9995444076), കൊച്ചിയില്‍ അനീഷ് (9961116007), വിഷ്ണു (9947037626) എന്നിവരുമായി ബന്ധപ്പെടാം. പേര്, സ്ഥലം, ഫോണ്‍ നമ്പര്‍ എന്നീ വിവരങ്ങളുള്‍പ്പടെ ഫെബ്രുവരി 28ന് മുന്‍പായി രജിസ്റ്റര്‍ ചെയ്യണം.
'' ഞങ്ങളുടെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി പദ്ധതികളുടെ ഭാഗമായി 15 വര്‍ഷം മുമ്പ് ആരംഭിച്ച കംപാഷന്‍ എന്ന സ്റ്റാഫ് സംരംഭത്തിലൂടെ, വിദ്യാഭ്യാസം, മുതിര്‍ന്ന പൗരന്മാരുടെ ആരോഗ്യ സംരക്ഷണം, കുട്ടികളെ സഹായിക്കുക എന്നീ മേഖലകളില്‍ എക്‌സ്പീരിയോണ്‍ ടെക്നോളജീസ് നിരവധി സാമൂഹിക പ്രതിബദ്ധതയുള്ള പദ്ധതികള്‍ നടത്തിവരുന്നുണ്ടെന്ന് എക്‌സ്പീരിയോണ്‍ എം.ഡിയും സി.ഇ.ഒയുമായ ബിനു ജേക്കബ് പറഞ്ഞു. തിമിര ശസ്ത്രക്രിയ ആവശ്യമുള്ള മുതിര്‍ന്ന പൗരന്മാരുടെ ജീവിതത്തില്‍ വെളിച്ചമാകാനുള്ള ഞങ്ങളുടെ ശ്രമങ്ങള്‍ ഈ ഉദ്യമം വഴി വിജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളം ആസ്ഥാനമാക്കി എട്ടു രാജ്യങ്ങളിലായി പ്രവര്‍ത്തിക്കുന്ന ആഗോള ഐ.ടി സര്‍വീസസ് കമ്പനിയാണ് എക്‌സ്പീരിയോണ്‍. ചൈതന്യ ഐ ഹോസ്പിറ്റല്‍ ആന്‍ഡ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് കേരളത്തിലുടനീളം ഏഴ് ആശുപത്രികളുള്ള നേത്രപരിചരണ രംഗത്തെ മുന്‍നിര ആശുപത്രിയാണ്.