കൊച്ചി: 71-ാമത് ദേശീയ ചലച്ചിത്ര അവാർഡ് വിവാദത്തിൽ പ്രതികരിച്ച് നടൻ വിജയരാഘവൻ. തനിക്ക് ആദ്യമായിട്ടാണ് ദേശീയ പുരസ്കാരം ലഭിക്കുന്നതെന്നും അതിന്റെ വലിപ്പ ചെറുപ്പം നോക്കാൻ താൻ ആളല്ലെന്നും വിജയരാഘവൻ പറഞ്ഞു. ഞാൻ അഭിനയിച്ചത് എന്റെ കഥാപാത്രം ആണ്. ഷാരൂഖ് ഖാൻ അഭിനയിച്ചത് അദ്ദേഹത്തിന്റെ കഥാപാത്രമാണ്. അതിൽ ഏതാണ് നല്ലതെന്ന് തീരുമാനിക്കേണ്ട അധികാരം ജൂറിക്കാണെന്നും നടൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
വിജയരാഘവന്റെ വാക്കുകൾ ഇങ്ങനെ
എനിക്ക് ആദ്യമായാണ് ദേശീയ അവാർഡ് കിട്ടുന്നത്. അതിൽ ഒരുപാട് സന്തോഷം. അതിന്റെ വലിപ്പ ചെറുപ്പം പറയാൻ ഞാൻ ആളല്ല. അഞ്ചോ പത്തോ പേർ കൂടിയിരുന്ന് തീരുമാനിക്കുന്നതാണ് തീരുമാനം. മത്സരിച്ച് അഭിനയിച്ചു എന്ന് പറയുമ്പോലെ, മത്സരിക്കേണ്ട സംഭവം അല്ല അഭിനയം. ഞാൻ അഭിനയിച്ച ഇട്ടൂപ്പ് എന്ന കഥാപാത്രം. അത് ഞാൻ എന്റേതായ രീതിയിൽ സൃഷ്ടിച്ചെടുത്ത കഥാപാത്രമാണ്. ഷാരൂഖ് ഖാന് കിട്ടിയ കഥാപാത്രം അദ്ദേഹം നല്ലത് പോലെ അഭിനയിച്ചു. ഇതിലേതാ നല്ലതെന്ന് തീരുമാനിക്കുന്നത് പത്തോ പത്രണ്ടോ പേരാണ്. ഓട്ട മത്സരത്തിൽ ഒന്നാമത് ഓടി എത്തുന്നയാൾ മിടുക്കനാകും. ചാട്ട മത്സരത്തിൽ ഏറ്റവും പൊക്കത്തിൽ ചാടുന്നവൻ ഒന്നാമനാകും. അഭിനയത്തിൽ എങ്ങനെയാണ് അത് കണക്ക് കൂട്ടാൻ പറ്റുന്നത്. ഒരു കഥാപാത്രം തന്നെ മൂന്നോ നാലോ പേര് അഭിനയിക്കുന്നുണ്ടെങ്കിൽ അതിൽ ഏറ്റവും നല്ലത് ഏതാണെന്ന് പറയണം. ഞാൻ അഭിനയിച്ചത് എന്റെ കഥാപാത്രം ആണ്. ഷാരൂഖ് ഖാൻ അഭിനയിച്ചത് അദ്ദേഹത്തിന്റെ കഥാപാത്രമാണ്. അതിൽ ഏതാണ് നല്ലതെന്ന് തീരുമാനിക്കേണ്ട അധികാരം ജൂറിക്കാണ്.
കേരളത്തിലെ അവാർഡിൽ ജൂറി തീരുമാനിച്ചത് ഞാൻ സ്വഭാവ നടൻ എന്നാണ്. ബെസ്റ്റ് ആക്ടർ അവാർഡ് രാജു(പൃഥ്വിരാജ്) ആണ് കിട്ടിയത്. രാജു ആണ് നന്നായിട്ട് അഭിനയിച്ചിരിക്കുന്നത്. ഞാൻ എന്റെയും രാജു രാജുവിന്റേയും കഥാപാത്രം നന്നായി അഭിനയിച്ചു. അത്രയേ ഉള്ളൂ. ഇല്ലെങ്കിൽ മത്സരത്തിന് സിനിമ അയക്കരുത്. അയച്ചിട്ട് അതിനെ പറ്റി അഭിപ്രായം പറയുന്നത് ശരിയല്ല.