കൊച്ചി: ഫ്യൂഷൻ എന്നതിനപ്പുറത്തേക്ക് ആഫ്രോ ഏഷ്യൻ സംഗീതത്തെ എങ്ങനെ സമീപിക്കാം? - കോളനിവത്കരണപൂർവ്വ കാലത്തെ ഏഷ്യ - ആഫ്രിക്ക ബന്ധത്തിന്റെ ചരിത്രം അതാതിടങ്ങളിലെ സമകലീന സംഗീതത്തിന്റെ പശ്ചാത്തലത്തിൽ ആരായുന്ന ഷോ ആവിഷ്‌കരിക്കാൻ തീരുമാനിച്ചപ്പോൾ
അതിന്റെ അമരക്കാരായ പ്രശസ്‌ത ദക്ഷിണാഫ്രിക്കൻ സാമൂഹ്യശാസ്ത്രജ്ഞനും കവിയുമായ ഡോ അറി സീറ്റാസും പ്രൊഫ. സുമംഗല ദാമോദരനും ചിന്തിച്ചതതാണ്. സാമ്യ - വൈജാത്യങ്ങൾ നിലനിർത്തിക്കൊണ്ടുതന്നെ വിവിധ പ്രദേശങ്ങളിലെ സംഗീതരൂപങ്ങൾക്ക് യോജിച്ച ഇടങ്ങൾ നൽകി. അങ്ങനെ ആവിഷ്‌കൃതമായ 'ജിറാഫ് ഹമ്മിംഗ്' ഷോയുടെ ദക്ഷിണാഫ്രിക്കയ്‌ക്കു പുറത്തെ ആദ്യ അവതരണത്തിന് ബിനാലെയുടെ ഫോർട്ടുകൊച്ചി കബ്രാൾയാർഡ് പവിലിയൻ വേദിയായപ്പോൾ പ്രേക്ഷകർ അത്യാവേശത്തോടെയാണ് വരവേറ്റത്.
ദക്ഷിണാഫ്രിക്ക, ടാൻസാനിയ, ഇന്ത്യ, എത്യോപ്യ, ചൈന എന്നിവടങ്ങളിൽ നിന്നുള്ള അഭിനേതാക്കളുടെയും സംഗീതജ്ഞരുടെയും മറ്റു കലാകാരന്മാരുടെയും കൂട്ടായ്‌മയായ ആഫ്രോ ഏഷ്യൻ എൻസെംബിൾ അവതരിപ്പിച്ച ഇന്റർനാഷണൽ മെഗാ ഷോ ആസ്വദിക്കാൻ നൂറുകണക്കിന് സംഗീതപ്രേമികൾ തടിച്ചുകൂടി.
ഡോ അറി സീറ്റാസ് സംവിധാനവും പ്രൊഫ. സുമംഗല ദാമോദരൻ സംഗീത സംവിധാനവും നിർവ്വഹിച്ചു. ഇ ഇഎംഎസിന്റെ മകൾ ഡോ ഇ എം മാലതിയുടെയും അന്തരിച്ച പ്രമുഖ ശാസ്ത്രഞൻ എ ഡി ദാമോദരന്റേയും മകളാണ് സംഗീതത്തിൽ പണ്ഡിതയും ഡൽഹി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹ്യൂമൻ ഡെവലപ്പ്മെന്റ്‌സിൽ എക്കണോമിക് ഡെവലപ്പ്മെന്റ് അധ്യാപികയുമായ സുമംഗല. ഡോ അറിയും സുമംഗലയും ചേർന്ന് 2011ൽ ആരംഭിച്ച 'ഇൻസറക്ഷൻസ് എൻസെംബിൾ' എന്നതിന്റെ വകഭേദമായ വിപുലമായ ഗവേഷണ പദ്ധതിയിലുൾപ്പെടുന്നതാണ് ആഫ്രോ ഏഷ്യൻ എൻസെംബിൾ അവതരണങ്ങൾ.
പതിനഞ്ചാം നൂറ്റാണ്ടിൽ മൂന്നു ജിറാഫുകളെ കെനിയയിൽനിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവന്നു. ഒന്ന് മലബാറിലേക്കും രണ്ടെണ്ണം ബംഗാളിലേക്കും. ബെംഗാളിൽ നിന്ന് ഒരു ജിറാഫിനെ ചൈനയിൽ ചക്രവർത്തിയുടെ പക്കലേക്ക് കൊണ്ടുപോയത് ആസ്‌പദമാക്കി പാശ്ചാത്യലോകത്തേക്ക് കടക്കാതെ തന്നെ ആഫ്രിക്ക - ഏഷ്യ ബന്ധത്തിന്റെ ചരിത്രം സംഗീതം, പാവകളി, മൾട്ടിമീഡിയ, നാടകീയ സംഭാഷണ അവതരണങ്ങളിലൂടെ പുനരാഖ്യാനം ചെയ്തതാണ് ജിറാഫ് ഹമ്മിംഗ്. വിഖ്യാത കലാശിൽപി ജിൽ ജുബെർട്ട് ആണ് ആവിഷ്‌കാരത്തിൽ കലാരൂപങ്ങൾ അവതരിപ്പിച്ചത്.