അട്ടപ്പാടിയിൽ ഭക്ഷണം മോഷ്ടിച്ചുവെന്നാരോപിച്ച് തല്ലിക്കൊന്ന മധുവിന്റെ കഥ സിനിമയാക്കുന്ന "ആദിവാസി" ( ദി ബ്ലാക്ക് ഡെത്ത് ) എന്ന് ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തു. മധുവിന്റെ മരണം ആദ്യമായ് വെള്ളിത്തിരയിലേക്ക് എത്തുന്നത് ഏരീസ് ഗ്രൂപ്പിന്റെ ബാനറിൽ ആണ്. മധുവായി എത്തുന്നത് അങ്കമാലി ഡയറീസിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ അപ്പാനി ശരത്താണ്. അതോടൊപ്പം "മാമാങ്കം, വൺ, ഒരു താത്വിക അവലോകനം ഉൾപ്പടെ നിരവധി സിനിമകളിലൂടെ ശ്രദ്ധേയനായ യുവനടൻ വിയാൻ ആണ് പ്രധാന വില്ലനായി എത്തുന്നത്. കൂടാതെ ആദിവാസി കലാകാരൻമാരും അണിനിരക്കും.വിജീഷ് മണി സംവിധാനം ചെയ്യുന്ന സിനിമ നിർമിക്കുന്നത് കവിയും ഹോളിവുഡ് സംവിധായകനുമായ ഡോ. സോഹൻ റോയ് ആണ്. 'മധു'വിന്റെ ഭാഷയിൽ (മുടുക ഗോത്ര ഭാഷ) വിശപ്പ് പ്രമേയമായി ആണ് സിനിമ . മധുവിന്റെ കൊലപാതക കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുണ്ട് എന്ന് ബന്ധുക്കളുടെ ആരോപണവും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വിവാദവും നിലനിൽക്കെ ആണ് ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തത്. " കൊന്നിട്ടും പക എന്ന് തീരുന്നില്ല " എന്ന ചോദ്യം സാമൂഹിക മാധ്യമങ്ങളിലും, കേരള മനസ്സാക്ഷിയുടെ മനസ്സിലും നിലനിൽക്കുന്ന സാഹചര്യത്തിലാണ് ടീസർ റിലീസ് ചെയ്തത് എന്ന പ്രത്യേകതയുമുണ്ട്. .
സോഹൻ റോയ് - വിജീഷ് മണി കൂട്ടുകെട്ട്
ഓസ്കാർ ചുരുക്കപ്പട്ടികയിലും, പാരീസ് ഫിലിം ഫെസ്റ്റിവലിൽ ബെസ്റ്റ് ഫിലിം ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിയ 'മ് മ് മ് ( സൗണ്ട് ഓഫ് പെയിൻ) ' എന്ന സിനിമയ്ക്ക് ശേഷം അതേ ടീം ഇവിടെയും ഒന്നിക്കുമ്പോൾ പ്രേക്ഷകർ ഏറെ പ്രതീക്ഷയിലാണ്. മ് മ് മ് ' ( സൗണ്ട് ഓഫ് പെയിൻ)എന്ന് ചിത്രത്തിന് നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങളും അംഗീകാരങ്ങളും ആണ് ഇതിനോടകം ലഭിച്ചിരിക്കുന്നത്. വിശപ്പും, വർണ്ണ വിവേചനവും, പരിസ്ഥിതി പ്രശ്നങ്ങളും, കാലാവസ്ഥ വ്യതിയാനവും ഇതിവൃത്തമാവുന്ന ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് വിജീഷ് മണിയാണ്. സോഹൻ റോയി ഏറ്റവുമധികം ശ്രദ്ധ പുലർത്തുന്നതും ഇത്തരം ചിത്രങ്ങളോടാണ്.
" സംഭവം അറിഞ്ഞ നാൾ മുതൽ മധുവിന്റെ ജീവിതം ഞാൻ പഠിക്കുകയായിരുന്നു .... പട്ടിണി അനുഭവിച്ചിട്ടുള്ളതിനാൽ മധുവിന്റെ അടുത്തേക്കെത്താൻ ദൂരമുണ്ടായിരുന്നില്ല. എന്റെ അഭിനയ ജീവിതത്തിലെ ഒരു മഹാഭാഗ്യമാണ് ഈ കഥാപാത്രം" : അപ്പാനി ശരത്ത് പറഞ്ഞു.
ആണുകവിതയിലൂടെ
2018ൽ കേരളീയ മനസ്സാക്ഷിയെ ഉലച്ച മധുവിന്റെ മരണം നടന്നത്. വിശപ്പിന്റെ പേരിൽ സംഭവിച്ച ഈ ദുരന്തത്തെ ആസ്പദമാക്കി 'യാത്രാമൊഴി' എന്ന പേരിൽ കവി സോഹൻ റോയ് എഴുതിയ കവിത കേരളീയ സമൂഹം ഏറ്റെടുത്തിരുന്നു. അതുകൊണ്ട് തന്നെയാണ് ഈ ചിത്രം സിനിമയാക്കാൻ തനിക്കുണ്ടായ പ്രചോദനമെന്ന് സോഹൻ റോയ് പറഞ്ഞു . " വിശപ്പ് " എന്നത് ഒരു ആഗോള വിഷയമാണ്. ലോകത്ത് ഏതൊരു മനുഷ്യനും അത് ഒരുപോലെയാണ്. വർണ്ണ വെറി മുതൽ അടിച്ചമർത്തപ്പെട്ടവരുടെ സാമൂഹിക ജീവിതം വരെയുള്ള നിരവധി വിഷയങ്ങളും ഇതിനോട് ബന്ധപ്പെട്ടുകിടക്കുന്നു. അതുകൊണ്ടുതന്നെ മധുവിന് മരണമില്ല. ഇത്തരം നിരവധി ജീവിതങ്ങൾ നമുക്കുചുറ്റും ഇപ്പോഴും അടിച്ചമർത്തപ്പെടുകയും മരണമടയുകയും ചെയ്യുന്നു. ഗൗരവമുള്ള പ്രമേയങ്ങളാണ് വിജീഷ് മണി സംവിധാനം ചെയ്ത് ശ്രദ്ധ നേടിയിട്ടുള്ളത്. അന്താരാഷ്ട്ര മാനം കൈവരുന്ന ഈയൊരു പ്രമേയം വളരെയധികം ഭംഗിയായി അദ്ദേഹം ചെയ്യുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് " സോഹൻ റോയ് പറഞ്ഞു.
ഈ ചിത്രത്തിന്റെ പ്രൊഡക്ഷൻ ഹൗസ് അനശ്വര ചാരിറ്റബിൾ ട്രസ്റ്റാണ്. പി മുരുഗേശ് സിനിമാട്ടോഗ്രാഫിയും. ബി. ലെനിൻ എഡിറ്റിങ്ങും, സംഭാഷണം എം. തങ്കരാജ്, ഗാനങ്ങൾ ചന്ദ്രൻ മാരി, ചീഫ് അസോസിയേറ്റ് ഡയറക്ടർ മാരുതി ക്രിഷ്, ആർട്ട് ഡയറക്ടർ കൈലാഷ്, മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂർ, കോസ്റ്റ്യൂമർ ബുസി ബേബിജോണും നിർവ്വഹിക്കുന്നു.