കൊച്ചി: യുഎസിലെ ഇന്‍ഷൂറന്‍സ് ദാതാക്കള്‍ക്ക് മെഡിക്കല്‍ കോഡിങ് സേവനങ്ങള്‍ ലഭ്യമാക്കുന്ന കാലിഫോണിയ ആസ്ഥാനമായ പ്രമുഖ ഹെല്‍ത്ത്‌കെയര്‍ സര്‍വീസസ് കമ്പനിയായ എപിസോഴ്‌സ് 2022-ല്‍ കേരളത്തില്‍ നിന്നും 2000-ലേറെ മെഡിക്കല്‍ കോഡര്‍മാരെ റിക്രൂട്ട് ചെയ്യാന്‍ ലക്ഷ്യമിടുന്നു. കമ്പനിയുടെ കേരളത്തിലെ അംഗീകൃത റിക്രൂട്ടിങ് പാര്‍ട്ണറായ സിഗ്മ മെഡിക്കല്‍ കോഡിങ് അക്കാദമിയുടെ സഹകരണത്തോടെ 2017 മുതല്‍ ഇതുവരെ സംസ്ഥാനത്ത് നിന്നും 2000-ലേറെ മെഡിക്കല്‍ കോഡര്‍മാരെ കമ്പനി റിക്രൂട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി കൊച്ചിയില്‍ നടന്ന റിക്രൂട്ട്‌മെന്റ് ഡ്രൈവില്‍ പങ്കെടുത്ത 400 പേരില്‍ നിന്നും 232 പേരെ കമ്പനി ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്തിട്ടുണ്ട്.
മാനവ വിഭവശേഷി വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനിയെന്നും കൊച്ചിയില്‍ നടന്ന റിക്രൂട്ട്‌മെന്റ് ഡ്രൈവ് അതിന്റെ ഭാഗമാണെന്നും എപിസോഴ്‌സ് സീനിയര്‍ വൈസ് പ്രസിഡന്റ് മഞ്ജുള പളനിസാമി പറഞ്ഞു. തങ്ങളുടെ ഭൂരിഭാഗം ജീവനക്കാരും ദക്ഷിണേന്ത്യയില്‍ നിന്നുള്ളവരാണ്. കോയമ്പത്തൂരില്‍ ഉടന്‍ തന്നെ കമ്പനിയുടെ ശാഖ ആരംഭിക്കും. കേരളത്തില്‍ നിന്നും റിക്രൂട്ട് ചെയ്യുന്നവര്‍ക്ക് കോയമ്പത്തൂരില്‍ തന്നെ നിയമനം നല്‍കുമെന്നും അവര്‍ അറിയിച്ചു. കഴിഞ്ഞ നാല് വര്‍ഷമായി മികച്ച മെഡിക്കല്‍ കോഡര്‍മാരെ ലഭ്യമാക്കി എപിസോഴ്‌സിന്റെ റിക്രൂട്ട്‌മെന്റ് ഡ്രൈവിന് എല്ലാ പിന്തുണയും നല്‍കി വരുന്ന സ്ഥാപനമാണ് സിഗ്മ എന്നും മഞ്ജുള പളനിസാമി പറഞ്ഞു.
എല്ലാ വര്‍ഷവും ഏറ്റവും കൂടുതല്‍ ബിരുദധാരികളെ സൃഷ്ടിക്കുന്ന കേരളത്തിന് മെഡിക്കല്‍ കോഡിങ് ഹബ്ബാകാനുള്ള എല്ലാ സാധ്യതയുമുണ്ടെന്ന് സിഗ്മ മെഡിക്കല്‍ കോഡിങ് അക്കാദമി സിഇഒ ബിബിന്‍ ബാലന്‍ പറഞ്ഞു. കമ്പനികളുടെ ആവശ്യാനുസരണം വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കുന്നതില്‍ സിഗ്മ പ്രതിബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രവര്‍ത്തിപരിചയത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിവര്‍ഷം 2.1 ലക്ഷം രൂപ മുതല്‍ 12.5 ലക്ഷം രൂപ വരെ ശമ്പള പാക്കേജാണ് മെഡിക്കല്‍ കോഡര്‍മാര്‍ക്ക് ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2004-ല്‍ ചെന്നൈയില്‍ സ്ഥാപിതമായ എപിസോഴ്‌സില്‍ നിലവില്‍ കാലിഫോണിയ, ഫ്‌ളോറിഡ, ഫിലിപ്പീന്‍സ്, ഇന്ത്യ (ചെന്നൈ, മുംബൈ, വിജയവാഡ) എന്നിവിടങ്ങളിലായി 4000- ത്തോളം ജീവനക്കാരുണ്ട്. ആരോഗ്യപരിപാലന സ്ഥാപനങ്ങള്‍ക്ക് അവരുടെ ബിസിനസ് വളര്‍ച്ച അളക്കുന്നതിന് ആവശ്യമായ ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതില്‍ ഒരു ദശാബ്ദത്തിലേറെയായി പ്രവര്‍ത്തിച്ചു വരുന്ന കമ്പനിയാണ് എപിസോഴ്‌സ്.