കൊച്ചി: ഫിനാന്‍ഷ്യല്‍ ടെക്നോളജി രംഗത്തെ മുന്‍നിരക്കാരായ എഫ്ഐഎസ്, ഭാവി വളര്‍ച്ച ലക്ഷ്യമിട്ട് എല്ലാ തലങ്ങളിലെയും വിവിധ ചുമതലകളിലേക്കായി ആയിരക്കണക്കിന് തസ്തികളില്‍ നിയമനം നടത്തുന്നു. ഇതിനായി ഇന്ത്യയിലുടനീളം ഒരുവര്‍ഷം നീളുന്ന റിക്രൂട്ട്മെന്‍റ് ഡ്രൈവും കമ്പനി പ്രഖ്യാപിച്ചു. ഇന്നോവേറ്റര്‍മാര്‍ക്കുള്ള മികച്ച ജോലിസ്ഥലമെന്ന ഫാസ്റ്റ് കമ്പനിയുടെ അംഗീകാരം അടുത്തിടെ എഫ്ഐഎസിന് ലഭിച്ചിരുന്നു. ലോകപ്രശസ്തമായ പല കമ്പനികളുടെയും ഇന്നോവേഷനായുള്ള ലക്ഷ്യസ്ഥാനമായും എഫ്ഐഎസ് മാറിയിട്ടുണ്ട്.
എഫ്ഐഎസിലെ ഏകദേശം മൂന്നിലൊന്ന് ജീവനക്കാരും രാജ്യത്തിനകത്ത് പ്രവര്‍ത്തിക്കുന്നതിനാല്‍ കമ്പനിയുടെ ഒരു സ്ട്രാറ്റെജിക് തൊഴില്‍ കേന്ദ്രമാണ് ഇന്ത്യ. രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കേന്ദ്രമായ ഗുരുഗ്രാം, ജയ്പൂര്‍, നാഗ്പൂര്‍, മംഗളൂരു, കാണ്‍പൂര്‍, കോയമ്പത്തൂര്‍, തിരുവനന്തപുരം, ജലന്ധര്‍, സൊലാപ്പൂര്‍, ഗുവാഹത്തി തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും പുതിയ ആളുകളെ തെരഞ്ഞെടുക്കുക. തെരഞ്ഞെടുക്കപ്പെടുന്നവരെ മുംബൈ, ബെംഗളൂരു, ചെന്നൈ, പൂനെ, ഇന്‍ഡോര്‍, മൊഹാലി, ഗുരുഗ്രാം എന്നിവിടങ്ങളിലെ എഫ്ഐഎസ് ഓഫീസുകളില്‍ ജീവനക്കാരായി നിയമിക്കും.
ഇന്ത്യയില്‍ രണ്ട് പതിറ്റാണ്ടിലേറെയായി എഫ്ഐഎസിന് സാനിധ്യമുണ്ടെന്നും, ഇന്ത്യയിലെ മികച്ച പ്രതിഭകള്‍ക്ക് മികച്ച തൊഴില്‍ അവസരങ്ങള്‍ നല്‍കുന്നതിനുള്ള പ്രതിബദ്ധത തുടരുന്നതിന്‍റെ ഭാഗമായാണ് ഈ റിക്രൂട്ട്മെന്‍റ് എന്നും, ഇതേകുറിച്ച് സംസാരിച്ച എഫ്ഐഎസ് ഇന്ത്യ ആന്‍ഡ് ഫിലിപ്പൈന്‍സ് ചീഫ് ഹ്യൂമന്‍ റിസോഴ്സ് ഓഫീസര്‍ അമോല്‍ ഗുപ്ത പറഞ്ഞു. തങ്ങളുടെ ജീവനക്കാര്‍ക്ക് വളര്‍ച്ച നേടാന്‍ കഴിയുന്ന ഒരു അന്തരീക്ഷം നല്‍കുന്നുണ്ട്, കമ്പനിയുടെ സാങ്കേതിക സേവന വാഗ്ദാനങ്ങളില്‍ നവീകരണം തുടരുമ്പോള്‍, തങ്ങളുടെ പ്രതിഭാനിരയിലേക്ക് മികച്ച ഉദ്യോഗാര്‍ഥികളെ ചേര്‍ക്കുന്നതില്‍ തങ്ങള്‍ സന്തുഷ്ടരാണെന്നും അമോല്‍ ഗുപ്ത പറഞ്ഞു
മികച്ച പരിശീലനങ്ങളിലൂടെയും മുതിര്‍ന്ന ഉദ്യോഗസ്ഥരായുള്ള മാര്‍ഗനിര്‍ദേശ പദ്ധതിയിലൂടെയും ജീവനക്കാരുടെ കരിയര്‍ വളര്‍ത്താന്‍ സമാനതകളില്ലാത്ത അവസരങ്ങളാണ് ജീവനക്കാര്‍ക്ക് എഫ്ഐഎസില്‍ നല്‍കുന്നത്. വ്യവസായങ്ങള്‍ക്കിടയിലെ മൊബിലിറ്റിയിലൂടെയും, ചുമതലകളിലൂടെയും ജീവനക്കാര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന കരിയര്‍ കെട്ടിപ്പടുക്കാനും സാധിക്കുന്നു.
കോവിഡ്-19 മഹാമാരി സാഹചര്യത്തില്‍ ജീവനക്കാര്‍ അവരുടെ ജോലിസ്ഥല ത്തെക്കുറിച്ചുള്ള മുന്‍ഗണനകള്‍ മാറ്റിയതിനാല്‍ കഴിഞ്ഞ 18 മാസമായി ഒരു ഹൈബ്രിഡ് വര്‍ക്കിങ് മോഡല്‍/ഫ്ളെക്സി മാതൃകയാണ് എഫ്ഐഎസ് പ്രോത്സാഹിപ്പിക്കുന്നത്. മെച്ചപ്പെട്ട തൊഴില്‍ജീവിത സന്തുലിതാവസ്ഥയ്ക്ക് തികച്ചും അനുയോജ്യമായ ഹൈബ്രിഡ് വര്‍ക്ക് മോഡല്‍, ആരോഗ്യകരവും കൂടുതല്‍ ഉല്‍പാദനക്ഷമവുമായ വര്‍ക്ക്ഫോഴ്സ് നിലനിര്‍ത്തുന്നതിനൊപ്പം സാമ്പത്തികമായി പ്രായോഗികവുമാണ്. ഭിന്നശേഷിക്കാരും എല്‍ജിബിടിക്യു സമൂഹവും ഉള്‍പ്പെടെ, എല്ലാത്തരം സാമൂഹിക പശ്ചാത്തലങ്ങളില്‍ നിന്നുമുള്ള ആളുകളെയും ഉള്‍ക്കൊള്ളുന്ന തൊഴില്‍ സംസ്കാരത്തെയും എഫ്ഐഎസ് വളരെ ഏറെ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്.
നിലവിലെ മഹാമാരിക്കിടയിലും വിവിധ തൊഴിലാളി കേന്ദ്രീകൃത സംരംഭങ്ങള്‍ നടപ്പിലാക്കി, ഇന്ത്യയിലെയും ആഗോളതലത്തിലെയും ജീവനക്കാരോടുള്ള പ്രതിബദ്ധതയും എഫ്ഐഎസ് കാത്തുസൂക്ഷിച്ചു. മെച്ചപ്പെട്ട തൊഴില്‍-ജീവിത സന്തുലിതാവസ്ഥയ്ക്കായി, മാനസികവും ശാരീരികവുമായ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിന് സ്ഥിരമായി ജീവനക്കാര്‍ക്കായുള്ള ക്ഷേമ സംരംഭങ്ങള്‍ കമ്പനി നടപ്പാക്കുന്നുണ്ട്.
എഫ്ഐഎസ് ജീവനക്കാര്‍ക്കും അവരുടെ ആശ്രിതര്‍ക്കുമായി എല്ലാ ഓഫീസുകളിലും വാക്സിനേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു. ആംബുലന്‍സ് സേവനം, ഓക്സിജന്‍ ആവശ്യകത, ആശുപത്രിവാസം, പ്രധാന മരുന്നുകള്‍, പ്രാക്ടോ ആപ്പ് വഴി ഡോക്ടര്‍ ഓണ്‍ കോള്‍ സേവനം, ആര്‍ടിപിസിആര്‍ കോവിഡ് 19 ടെസ്റ്റ് അപ്പോയിന്‍റ്മെന്‍റുകള്‍ തുടങ്ങി വിവിധ തരത്തിലുള്ള വൈദ്യസംബന്ധമായ പിന്തുണയ്ക്കായി ഒരു ടോള്‍ഫ്രീ ഹെല്‍പ്പ്ലൈന്‍ നമ്പറും കമ്പനി സജ്ജമാക്കിയിരുന്നു. എഫ്ഐഎസ് കെയര്‍ എന്ന സംരംഭത്തിലൂടെ ജീവനക്കാര്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കാനും എഫ്ഐഎസ് സഹായിക്കുന്നുണ്ട്.