ജില്ലാ ഭരണകൂടം കേരള സാമൂഹ്യ സുരക്ഷാ മിഷന്റെയും ക്യാപ്റ്റൻസ് സോഷ്യൽ ഫൌണ്ടേഷന്റെയും സഹകരണത്തോടെ നടത്തുന്ന വർണ്ണക്കൂട്ട് പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. കാസർകോട് ജില്ലയിലെ എൻഡോസൾഫാൻ ബാധിത പ്രദേശങ്ങളിലെ 10 മാതൃക ശിശു പുനരധിവാസ കേന്ദ്രങ്ങളിലാണ് വർണ്ണക്കൂട്ട് നടപ്പിലാക്കുന്നത്. കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള യുവ കലാകാരന്മാർ സൗജന്യമായാണ് ഈ സംരംഭത്തിന് പിന്തുണയേകി ഒപ്പം നിൽക്കുന്നത്. നിലവിൽ മുളിയാർ പഞ്ചായത്തിലെ തണൽ ബഡ്സ് സ്കൂളിന്റെ ചുവരുകളാണ് വർണ്ണ ചിത്രങ്ങൾക്കൊണ്ട് അലങ്കരിച്ചത്. മൃഗങ്ങളും പൂക്കളും സസ്യലതാദികളും അക്ഷരങ്ങളും അക്കങ്ങളും വൈവിധ്യമാർന്ന നിറങ്ങളിൽ ഇനി ഭിന്നശേഷിക്കുട്ടികളോട് സംവദിക്കും.
ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദിന്റെ നേതൃത്വത്തിൽ എൽ എ ഡപ്യൂട്ടി കളക്ടർ എസ്.ശശിധരൻ പിള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു. കേരള സാമൂഹ്യ സുരക്ഷാ മിഷൻ ജില്ലാ കോർഡിനേറ്റർ ജിഷോ ജെയിംസ് പ്രവർത്തനങ്ങളുടെ ഏകോപന ചുമതല നിർവഹിക്കുന്നു. ക്യാപ്റ്റൻസ് സോഷ്യൽ ഫൌണ്ടേഷൻ സി.ഇ.ഒ അഫ്സൽ മുഹമ്മദ്, ചീഫ് ടെക്നിക്കൽ ഓഫീസർ ജാസിം ഉമ്മർ, ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ആദർശ് എന്നിവർ സാങ്കേതിക സഹായം ലഭ്യമാക്കുന്നു. മുളിയാർ പഞ്ചായത്ത് പ്രസിഡന്റ് പി.മിനി, സ്കൂൾ പ്രിൻസിപ്പൽ കെ.സുമ, മറ്റ് ജീവനക്കാർ, മാതാപിതാക്കൾ എന്നിവർ പിന്തുണയുമായി മുഴുവൻ സമയവും ഒപ്പമുണ്ട്. തുടർ ആഴ്ചകളിൽ ബാക്കിയുള്ള ബഡ്‌സ് സ്‌കൂളുകളിൽ കൂടെ ചുമർ ചിത്രങ്ങൾ പൂർത്തിയാക്കുമെന്ന് എൽ എ ഡപ്യൂട്ടി കളക്ടർ എസ്.ശശിധരൻ പിള്ള അറിയിച്ചു.