വർത്തമാനകാലത്തിന്റെ ആവശ്യത്തിനനുസരിച്ച് തൊഴിൽ മേഖലകൾ ആധുനികവൽക്കരിക്കപ്പെടണമെന്നും അതിനനുസരിച്ച് മാറാൻ തൊഴിലാളികൾ തയ്യാറാവണമെന്നും തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഓരോ മേഖലയിലും അനുദിനം ഒട്ടേറെ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ആ മാറ്റങ്ങൾക്കുതകും വിധം തൊഴിൽ നൈപുണ്യം വികസിപ്പിക്കാനും തൊഴിലിനെ ആധുനികവൽക്കരിക്കാനും തയ്യാറായില്ലെങ്കിൽ തൊഴിൽ നഷ്ടത്തെ അഭിമുഖീകരിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ മേഖലയിലെ ആദ്യ ഓൺ ലൈൻ ഓട്ടോ- ടാക്‌സി സംവിധാനമായ കേരള സവാരിയിൽ അംഗങ്ങളായി പരിശീലനം ലഭിച്ച് ഡ്രൈവർമാരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ തൊഴിൽരംഗത്തുമെന്നപോലെ ടാക്സിമേഖലയും പ്രതിസന്ധി നേരിടുന്നുണ്ട്. സുരക്ഷിതമായ യാത്രയ്ക്ക് ഒരു സംവിധാനമുണ്ട് എന്ന സ്ഥിതി വന്നാൽ സ്വന്തം വാഹനം ഉപയോഗിക്കുന്നതിൽ നിന്നുമാറി അത് സ്വീകരിക്കാൻ ആളുകൾ മുന്നോട്ട് വരും. തർക്കങ്ങളില്ലാതെയുള്ള സുരക്ഷിതമായ യാത്രയാണ് കേരള സവാരിയിലൂടെ പ്രദാനം ചെയ്യാനുദ്ദേശിക്കുന്നത്. കേരളസവാരിയെ സുരക്ഷിത യാത്രാ സംവിധാനമാക്കി മാറ്റാൻ അതിന്റെ പ്രധാന ചാലക ശക്തികളായ ഡ്രൈവർമാർക്കാണ് സാധിക്കുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തിരുവനന്തപുരം നഗരത്തിൽ തുടക്കമിടുന്ന കേരളസവാരി ഇന്ത്യയാകെ ശ്രദ്ധിക്കപ്പെടുന്ന രീതിയിലുള്ള ഒൺലൈൻ ടാക്സി സംവിധാനമാക്കുന്നതിന് നഗരത്തിലെ എല്ലാ ടാക്സി - ഓട്ടോ തൊഴിലാളികളും മുന്നോട്ടുവരണമെന്നും മന്ത്രി പറഞ്ഞു. മോട്ടോർ തൊഴിലാളി ക്ഷേമനിധിബോർഡിന്റെ ആഭിമുഖ്യത്തിൽ പ്ലാനിംഗ് ബോർഡ്, ലീഗൽ മെട്രോളജി,ഗതാഗതം, ഐടി,പൊലീസ് വകുപ്പുകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന കേരള സവാരി പദ്ധതിയിൽ ഇതിനോടകം അഞ്ഞൂറിലേറെ ഡ്രൈവർമാർ അംഗങ്ങളായി പരിശീലനം പൂർത്തിയാക്കി. ഇവർക്കു പുറമേ തൊഴിൽ,പൊലീസ്, ലീഗൽ മെട്രോളജി, ഗതാഗതം വകുപ്പുകളിലെ ഉദ്യോഗസ്ഥരും തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ പങ്കെടുത്തു.