സ്‌കൂളുകൾക്കുള്ള പാഠപുസ്തകങ്ങളുടെ സംസ്ഥാനതല വിതരണോദ്ഘാടനം തിരുവനന്തപുരത്ത് നടന്നു. തിരുവനന്തപുരം കരമന ഗവർമെന്റ് ഹയർസെക്കണ്ടറി സ്കൂളിൽ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനായ ചടങ്ങിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ വിതരണോദ്ഘാടനം നിർവഹിച്ചു.
കോവിഡ് കാല പരിമിതികൾക്കിടയിലും പാഠപുസ്തക അച്ചടിയിലും വിതരണത്തിലും കേരളം മാതൃക സൃഷ്ടിച്ചിരിക്കുകയാണ് എന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് പാഠപുസ്തകങ്ങൾ ഫോട്ടോസ്റ്റാറ്റ് എടുത്തും പകർത്തിയെഴുതിയും പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത കാലത്ത് നിന്നുള്ള മാറിനടത്തമാണ് എൽ ഡി എഫ് സർക്കാരുകളുടെ കാലങ്ങളിലേത് എന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.എത്രയും പെട്ടെന്ന് പാഠപുസ്തകങ്ങൾ വിദ്യാർത്ഥികളിൽ എത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
പൊതു വിദ്യാഭ്യാസ വകുപ്പിനെ സംബന്ധിച്ച് വളരെ പ്രാധാന്യമർഹിക്കുന്ന പ്രവർത്തനങ്ങളിൽ ഒന്നാണ് പാഠപുസ്തക അച്ചടി, വിതരണം എന്നിവ. രാജ്യത്തെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ മാതൃകാപരമായും സമയബന്ധിതമായും ഇവ നടത്തിവരുന്ന സംസ്ഥാനമാണ് കേരളം. സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ്/അംഗീകൃത അൺഎയ്ഡഡ് സ്‌കൂളുകൾ എന്നിവിടങ്ങളിലെ കുട്ടികൾക്കും സി.ബി.എസ്.ഇ സ്‌കൂളുകളിലെ മലയാളം ഭാഷാ വിഷയങ്ങളിലേയും കേരള സംസ്ഥാന സിലബസിൽ അദ്ധ്യയനം നടത്തുന്ന ലക്ഷദ്വീപ്, മാഹി എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലെ കുട്ടികൾക്കുമുള്ള ഒന്നു മുതൽ പത്തുവരെ ക്ലാസ്സുകളിലെ പാഠപുസ്തകങ്ങളും അച്ചടിച്ച് വിതരണം നടത്തുന്നത് കേരള പൊതുവിദ്യാഭ്യാസ വകുപ്പാണ്.
കോവിഡ് വളരെയധികം പ്രതിസന്ധി സൃഷ്ടിച്ച സാഹചര്യങ്ങളിലും അദ്ധ്യയനം ആരംഭിക്കുന്നതിന് വളരെ മുന്നെ തന്നെ പാഠപുസ്തകങ്ങൾ കുട്ടികളുടെ കൈകളിൽ എത്തിക്കാൻ വകുപ്പിന് കഴിഞ്ഞിട്ടുണ്ട്. ഒന്നു മുതൽ എട്ടുവരെ ക്ലാസ്സുകളിലെ പാഠപുസ്തകങ്ങൾ സർക്കാർ കുട്ടികൾക്ക് സൗജന്യമായാണ് നൽകിവരുന്നത്. നിലവിലെ കരിക്കുലമനുസരിച്ച് ഒന്നുമുതൽ പത്തുവരെ ക്ലാസ്സുകളിലെ പാഠപുസ്തകങ്ങൾ മൂന്ന് വാല്യങ്ങളായാണ് അച്ചടിക്കുന്നത് ഒന്നാം വാല്യം 288 ടൈറ്റിലുകളും രണ്ട്, മൂന്ന് വാല്യങ്ങൾ യഥാക്രമം 183, 66 എന്നിങ്ങനെ ടൈറ്റിലുകളുമാണ്.
2022-23 അദ്ധ്യയന വർഷത്തെ പാഠപുസ്തകങ്ങളുടെ അച്ചടിയും സമയബന്ധിതമായി പൂർത്തീകരിച്ച് യഥാസമയം കുട്ടികളിലെത്തിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. ഇതിനകം തന്നെ ഒന്നാം വാല്യം പാഠപുസ്തകങ്ങളുടെ അച്ചടി പൂർത്തികരിക്കുകയും പാഠപുസ്തകങ്ങൾ വിവിധ ജില്ലാ ഹബ്ബുകളിലായി വിതരണത്തിനായി എത്തിക്കുകയും ചെയ്തിട്ടുണ്ട്. 288 റ്റൈറ്റിലുകളിലായി 2,84,22,066 എണ്ണം ഒന്നാം വാല്യം പാഠപുസ്തകങ്ങളാണ് ഇപ്പോൾ വിതരണത്തിനായി തയ്യാറായിരിക്കുന്നത്.
നിലവിൽ ജില്ലാ ഹബ്ബുകൾക്ക് ലഭ്യമായ പാഠപുസ്തകങ്ങൾ 2022-23 അദ്ധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നേ സ്‌കൂൾ സൊസൈറ്റികൾ വഴി കുട്ടികൾക്ക് വിതരണം നടത്തുന്നതിന് എല്ലാ തയ്യാറെടുപ്പുകളും വകുപ്പ് മുഖേന ചെയ്തു കഴിഞ്ഞിട്ടുണ്ട്.
നിലവിൽ വിതരണം നടത്തുന്ന പാഠപുസ്തകങ്ങളിൽ മൈനർ വിഷയങ്ങൾ ഉൾപ്പെടെയുള്ള എല്ലാ വിഷയങ്ങളും ആക്ടിവിറ്റി പുസ്തകങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. സർക്കാർ/എയ്ഡഡ് സ്‌കൂളുകൾക്ക് പുറമേ തുകയൊടുക്കി ചെലാൻ ഹാജരാക്കുന്ന അംഗീകൃത അൺ എയ്ഡഡ് സ്‌കൂളുകൾക്കും തങ്ങൾ നൽകിയ ഇൻഡന്റ് അടിസ്ഥാനപ്പെടുത്തി പാഠപുസ്തകം വിതരണം നടത്തുന്നതാണ്. വിതരണം സംബന്ധിച്ച് ഉണ്ടാകുന്ന എല്ലാവിധ പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനായി വകുപ്പിന് കീഴിൽ പാഠപുസ്തക വിഭാഗം ജീവനക്കാരും ജില്ലാ ഉപജില്ലാ തലങ്ങളിലെ ജീവനക്കാരും കെ.ബി.പി.എസ്സും 14 ജില്ലാ ഹബ്ബുകളിലുമായി കുടുംബശ്രീ പ്രവർത്തകരും സജ്ജമാണ്.
നിലവിൽ വിതരണം ആരംഭിക്കുന്ന ഒന്നാം വാല്യം പാഠപുസ്തകങ്ങൾക്കു പുറമേ 183 ടൈറ്റിലുകളിലായി 1,82,93,801 രണ്ടാം വാല്യം പുസ്തകങ്ങളും 20,87,346 മൂന്നാം വാല്യം പാഠപുസ്തകങ്ങളുടേയും വിതരണം ഒന്നാം വാല്യത്തിനുശേഷം ആരംഭിക്കുന്നതാണ്.
2022-23 അദ്ധ്യയന വർഷം ഓൺലൈൻ മുഖേന ശേഖരിച്ച ഇന്റന്റ് പ്രകാരം അച്ചടി ഉത്തരവ് കെ.ബി.പി.എസ്-ന് നൽകുകയും ഈ അച്ചടി ഉത്തരവിന്റെ അടിസ്ഥാനത്തിൽ അച്ചടി പൂർത്തിയാക്കിയ പാഠപുസ്തകങ്ങൾ വിവിധ ജില്ലാ ഹബ്ബുകളിൽ എത്തിച്ചശേഷം കുടുംബശ്രീ പ്രവർത്തകരാണ് സോർട്ടിംഗ്, പാക്കിംഗ് എന്നിവ പൂർത്തീകരിച്ച് വിതരണത്തിനായി സജ്ജമാക്കുന്നത്. വിതരണം സംബന്ധിച്ച് ഉണ്ടാകുന്ന എല്ലാ വിധ പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന് വകുപ്പിൽ വിവിധ തലങ്ങളിലായി ജീവനക്കാരെ നിയമിക്കുകയും ജില്ലാതലത്തിൽ മുഴുവൻ സമയ വാർറൂമുകളും പ്രവർത്തിച്ചുപോരുന്നു.