കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ തേര്‍ഡ് പാര്‍ട്ടി ലോജിസ്റ്റിക്സ് സൊലൂഷ്യന്‍ ദാതാക്കളായ മഹീന്ദ്ര ലോജിസ്റ്റിക്സ് ലിമിറ്റഡ് (എംഎല്‍എല്‍) ഉത്സവ സീസണിലെ കൂടിയ ആവശ്യകത നിറവേറ്റുന്നതിന് പ്രവര്‍ത്തനം വര്‍ധിപ്പിക്കുന്നു. ഇതിനായി സീസണല്‍ അടിസ്ഥാനത്തില്‍ 14,000ല്‍ അധികം ജീവനക്കാരെ നിയമിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.
വരാനിരിക്കുന്ന ഉത്സവ സീസണില്‍, ഇന്ത്യയിലെ എട്ട് പ്രധാന നഗരങ്ങളിലായി 1.1 ദശലക്ഷം ചതുരശ്ര അടിയില്‍ പോപ്-അപ് ഫെസിലിറ്റീസ് പോലുള്ള സൗകര്യങ്ങള്‍ കമ്പനി വര്‍ധിപ്പിക്കും. കമ്പനിയുടെ ഇ-കൊമേഴ്സ് ഉപഭോക്താക്കള്‍ക്ക് ഫുള്‍ഫില്‍മെന്‍റ് സെന്‍റര്‍, സോര്‍ട്ട് സെന്‍റര്‍, റിട്ടേണ്‍സ് പ്രോസസിങ് സെന്‍ററുകളിലുടനീളം കാര്യക്ഷമവും സമയബന്ധിതവുമായ ഡെലിവറി ഉറപ്പാക്കുന്നതിനാണ് അധിക സൗകര്യങ്ങള്‍ സജ്ജീകരിക്കുന്നത്. ദിവസവും ഒരുലക്ഷത്തിലധികം ചെറുതും വലുതുമായ ചരക്കുകള്‍ വിതരണം ചെയ്യാന്‍ വിധത്തിലാണ് ഈ കേന്ദ്രങ്ങളുടെ സജ്ജീകരണം.
കമ്പനിയുടെ ഇലക്ട്രിക് ഡെലിവറി ബ്രാന്‍ഡായ ഇഡെലിന് (ഇഡിഇഎല്‍) കീഴില്‍, രാജ്യത്തുടനീളം ഇലക്ട്രിക് വെഹിക്കിള്‍ സാന്നിധ്യം സ്ഥാപിക്കുന്നതിനാല്‍ വ്യത്യസ്ത തരത്തിലും വിഭാഗത്തിലുമുള്ള ഇലക്ട്രിക് വാഹനങ്ങളും മഹീന്ദ്ര ലോജിസ്റ്റിക്സ് വാങ്ങുന്നുണ്ട്. ബംഗളൂരു, ന്യൂഡല്‍ഹി, മുംബൈ, പൂനെ, ഹൈദരാബാദ്, കൊല്‍ക്കത്ത എന്നിവയുള്‍പ്പെടെ ഇന്ത്യയിലെ 12 പ്രധാന നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇഡെല്‍ പോര്‍ട്ട്ഫോളിയോ 400 വാഹനങ്ങളായി വിപുലപ്പെടുത്തുകയും ചെയ്തു.
മാനവശേഷി, സ്ഥലം, ഉപകരണങ്ങള്‍, വാഹനങ്ങള്‍ തുടങ്ങിയവയിലൂടെയാണ് മഹീന്ദ്ര ലോജിസ്റ്റിക്സ് വിതരണ ശൃംഖലയിലുടനീളം ശേഷി വര്‍ദ്ധിപ്പിച്ചതെന്നും, നിലവിലെ വെല്ലുവിളികള്‍ കൈകാര്യം ചെയ്യാന്‍ ഉപഭോക്താക്കളുമായും ബിസിനസ് പങ്കാളികളുമായും സഹകരിച്ചാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും മഹീന്ദ്ര ലോജിസ്റ്റിക്സ് ലിമിറ്റഡിന്‍റെ മാനേജിങ് ഡയറക്ടറും സിഇഒയുമായ രാംപ്രവീണ്‍ സ്വാമിനാഥന്‍ പറഞ്ഞു.