'സിവിൽ നിയമലംഘന പ്രസ്ഥാനത്തിൽ പങ്കെടുത്തതിന് എ.കെ.ജി യെ ജയിലിലടച്ചു'. എൻ്റെ കേരളം പ്രദർശന വിപണന മേളയിലെ ജയിൽ വകുപ്പിൻ്റെ സ്റ്റാളിലാണ് എകെജി തടവിലാക്കപ്പെട്ടതിൻ്റെ മാതൃക നിർമ്മിച്ചിരിക്കുന്നത്.
മേളയിലെ ഏറ്റും ജനശ്രദ്ധ നേടിയ ജയിൽ വകുപ്പിന്റെ സ്റ്റാളിനുള്ളിലാണ് സെൻട്രൽ ജയിലിലെ സെല്ലുകളുടെ മാതൃകയുള്ളത്. ഒന്നോ രണ്ടോ പ്രതികളെ മാത്രം പാർപ്പിക്കുന്ന സെല്ലുകളുടേയും 10 മുതൽ 20 വരെ തടവുപുള്ളികളെ പാർപ്പിക്കുന്ന ബാരക്കുകളുടെയും മാതൃക സ്റ്റാളിൽ കാണാനാകും. ഇതിനോടൊപ്പമാണ് കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന എ.കെ.ജിയെ തിരുവനന്തപുരം സെൻട്രൽ ജയിലിൽ പാർപ്പിച്ചപ്പോഴുള്ള സെല്ലിന്റെ മാതൃകയുള്ളത്.
മറ്റു സെല്ലുകളെ അപേക്ഷിച്ച് എ.കെ.ജിയെ പാർപ്പിച്ചിരിക്കുന്ന സെല്ലിന് അഴികൾക്ക് പുറമേ മറ്റൊരു വാതിലും ഉണ്ട്. ഈ വാതിലും പൂട്ടുന്നതോടെ പൂർണ്ണമായും ഇരുട്ടറയാണ് എ.കെ.ജി യുടെ സെൽ. ഇരുട്ടറയ്ക്കുള്ളിൽ ദേശാഭിമാനി പത്രവും കയ്യിൽ പിടിച്ചിരിക്കുന്ന എകെജിയുടെ പ്രതിമയും ജയിൽ വകുപ്പ് ഒരുക്കിയിട്ടുണ്ട്.
1947 ഡിസംബറിലാണ് എ.കെ.ജി ആദ്യമായി നിയമലംഘന പ്രസ്ഥാനത്തിൽ പങ്കെടുത്തതിന് ജയിലിലാകുന്നത്. 1962,1964,1965 എന്നീ വർഷങ്ങളിലാണ് എ.കെ.ജി തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ തടവിൽ കഴിഞ്ഞിരുന്നത്. ഇതിനെല്ലാം പുറമേ തിരുവനന്തപുരം സെൻട്രൽ ജയിലിന്റെ മാതൃകയും ജയിൽ വകുപ്പിലെ വിവിധ ആയുധങ്ങളും സ്റ്റാളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
ഇരട്ട കഴുമരത്തിൻ്റെ മാതൃകയും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കുറ്റവാളികളെ തൂക്കിലേറ്റുന്നതിന് ഉപയോഗിക്കുന്ന കയർ, തിരുവിതാംകൂറിൻ്റെ ഭരണകാലത്ത് ജയിൽ വകുപ്പിൽ ഉപയോഗിച്ചിരുന്ന വിവിധ ബാഡ്ജുകൾ തുടങ്ങിയവ സ്റ്റാളിലെ പ്രധാന ആകർഷണങ്ങളാണ്.