തിരുവനന്തപുരം: സംഘർഷവും സാങ്കേതിക തടസ്സങ്ങളും കാരണം മണൽ നീക്കം തടസ്സപ്പെട്ട മുതലപ്പൊഴിയിൽ ഒടുവിൽ പരിഹാരമായി. നാളെ മുതൽ ഇവിടെ ഡ്രഡ്ജിങ് പുനരാരംഭിക്കും. ഈ മാസം 30-ഓടെ മണൽ നീക്കൽ പൂർത്തീകരിക്കാൻ സാധിക്കുമെന്നാണ് ജില്ലാ കളക്ടർ സമരസമിതിക്ക് ഉറപ്പ് നൽകിയിരിക്കുന്നത്.
ഡ്രഡ്ജിങ് ജോലികൾ നാളെ പുനരാരംഭിക്കുമ്പോൾ യാതൊരുവിധ ബുദ്ധിമുട്ടുകളും സൃഷ്ടിക്കില്ലെന്ന് സമരസമിതി ഉറപ്പ് നൽകിയിട്ടുണ്ട്. അനുകൂല സാഹചര്യങ്ങൾ നിലനിൽക്കുകയാണെങ്കിൽ മെയ് 30-ഓടെ മണൽ നീക്കൽ പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.
തുടർച്ചയായി മൂന്ന് ദിവസത്തോളം മണൽ നീക്കം തടസ്സപ്പെട്ടതിനെ തുടർന്നാണ് മുതലപ്പൊഴിയിലെ മത്സ്യത്തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. അധികൃതർ നൽകുന്ന വാഗ്ദാനങ്ങൾ പാലിക്കുന്നില്ലെന്നും ഉദ്യോഗസ്ഥരുടെ ധാർഷ്ട്യമാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും സമരസമിതി വിമർശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇപ്പോൾ പ്രശ്നത്തിന് താൽക്കാലിക പരിഹാരമുണ്ടായിരിക്കുന്നത്.