Print this page

ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഇന്‍ ന്യൂറോസയന്‍സസ്, ഗ്ലോബല്‍ സെന്റര്‍ ഓഫ് എക്‌സലന്‍സായി വിപുലീകരിച്ചു

Astor Center of Excellence in Neurosciences at Medicity expands to Global Center of Excellence Astor Center of Excellence in Neurosciences at Medicity expands to Global Center of Excellence
കേരളത്തിലെ ആദ്യത്തെ ന്യൂറോ ക്രിട്ടിക്കല്‍ കെയര്‍ ഐസിയു ഉള്‍പ്പെടെ നാല് സുപ്രധാന വിഭാഗങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഗ്ലോബല്‍ സെന്റര്‍
കൊച്ചി: ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഇന്‍ ന്യൂറോസയന്‍സസിനെ ആസ്റ്റര്‍ ന്യൂറോസയന്‍സസ് ഗ്ലോബല്‍ സെന്റര്‍ ഓഫ് എക്‌സലന്‍സായി വിപുലീകരിച്ചു. ഗ്ലോബല്‍ സെന്ററിന്റെ ഉദ്ഘാടനം ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഓണ്‍ലൈനില്‍ നിര്‍വഹിച്ചു. സമയബന്ധിതമായി രോഗനിര്‍ണയവും നല്ല ചികിത്സയും ലഭ്യമാക്കുകയെന്നത് വളരെ പ്രധാനപ്പെട്ടതാണെന്ന് മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ ആസ്റ്റര്‍ മെഡ്‌സിറ്റി നടത്തുന്ന ശ്രമങ്ങളെ മന്ത്രി അഭിനന്ദിച്ചു. സമൂഹത്തിലെ എല്ലാ രോഗികള്‍ക്കും ഗ്ലോബല്‍ സെന്ററിലെ സൗകര്യങ്ങള്‍ പ്രയോജനപ്പെടട്ടെയെന്നും മന്ത്രി ആശംസിച്ചു.
കേരളത്തിലെ ആദ്യത്തെ ന്യൂറോ ക്രിട്ടിക്കല്‍ കെയര്‍ ഐസിയു ഉള്‍പ്പെടെ നാല് സുപ്രധാന വിഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ന്യൂറോസയന്‍സസ് വിഭാഗത്തെ ഗ്ലോബല്‍ സെന്റര്‍ ഓഫ് എക്സലന്‍സായി വിപൂലീകരിച്ചിരിക്കുന്നത്. ഐസിയു, ഹൈ ഡിപ്പെന്‍ഡന്‍സി യൂണിറ്റ് എന്നിവ ഉള്‍പ്പെടുന്ന ന്യൂറോ ക്രിട്ടിക്കല്‍ കെയര്‍ സെന്റര്‍, സ്ട്രോക്ക് സെന്റര്‍, പാര്‍ക്കിന്‍സണ്‍ ആന്റ് മൂവ്മെന്റ് ഡിസോര്‍ഡര്‍ സെന്റര്‍, എപിലെപ്സി സെന്റര്‍, സ്ലീപ് ലാബ് എന്നിവ കൂടി ഉള്‍പ്പെടുന്നതോടെ ന്യൂറോ സംബന്ധമായ എല്ലാ രോഗങ്ങള്‍ക്കും സമഗ്ര ചികിത്സ ലഭ്യമാക്കുന്ന കേന്ദ്രമായി ആസ്റ്റര്‍ മെഡ്സിറ്റി മാറുകയാണെന്ന് ആസ്റ്റര്‍ മെഡ്‌സിറ്റി ക്ലിനിക്കല്‍ എക്‌സലന്‍സ് മേധാവി ഡോ. ആശ കിഷോര്‍ അറിയിച്ചു. അത്യാധുനിക മെക്കാനിക്കല്‍ വെന്റിലേറ്ററുകള്‍, ന്യൂറോ ഇലക്ട്രോഫിസിയോളജി ഉപകരണങ്ങള്‍ എന്നീ സംവിധാനങ്ങളോടെയാണ് ക്രിട്ടിക്കല്‍ കെയര്‍ ഐസിയു സജ്ജമാക്കിയിട്ടുള്ളത്. ഇതിലൂടെ മാരക ഹൃദ്രോഗങ്ങള്‍, നട്ടെല്ലിലെ അണുബാധ, ന്യൂറോമസ്‌കുലര്‍ രോഗങ്ങള്‍ തുടങ്ങിയവയ്ക്ക് സമഗ്രവും രാജ്യാന്തര നിലവാരത്തിലുള്ളതുമായ ചികിത്സ ഉറപ്പാക്കാന്‍ കഴിയുമെന്നും ഡോ. ആശ വ്യക്തമാക്കി.
ഗുരുതര സ്‌ട്രോക് പരിപാലനം, സ്‌ട്രോക് പ്രതിരോധം, സ്‌ട്രോക് പുനരധിവാസ പ്രോഗ്രാമുകള്‍ തുടങ്ങിയ സവിശേഷ ചികിത്സകള്‍ നല്‍കാന്‍ പര്യാപ്തമായ അത്യാധുനിക സൗകര്യങ്ങള്‍ അടങ്ങുന്നതാണ് ഇവിടുത്തെ സ്‌ട്രോക് സെന്റര്‍.
പാര്‍ക്കിന്‍സണ്‍സ് ആന്‍ഡ് മൂവ്‌മെന്റ് ഡിസോര്‍ഡര്‍ സെന്ററില്‍ ഡീപ്പ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ പ്രോഗ്രാം, മൂവ്‌മെന്റ് ഡിസോര്‍ഡര്‍ ക്ലിനിക്, ഡിസ്‌റ്റോണിയ ആന്‍ഡ് ബോട്ടുലിനം ടോക്‌സിന്‍ ക്ലിനിക്, പീഡിയാട്രിക് മൂവ്‌മെന്റ് ഡിസോര്‍ഡര്‍ ക്ലിനിക് തുടങ്ങിയ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. അപസ്മാര ശസ്ത്രക്രിയയ്ക്ക് മുന്നോടിയായുള്ള പരിശോധനാ സൗകര്യങ്ങളോടെയാണ് എപിലെപ്‌സി സെന്റര്‍ സജ്ജമാക്കിയിരിക്കുന്നത്. എപിലെപ്‌സി ക്ലിനിക്കും ഇതിന്റെ ഭാഗമായി പ്രവര്‍ത്തിക്കുമെന്നും ഡോ. ആശ കിഷോര്‍ അറിയിച്ചു. സ്‌ട്രോക്, ചലന വൈകല്യങ്ങള്‍ എന്നിവയിലെ ന്യൂറോളജി സബ്‌സ്‌പെഷ്യാലിറ്റികളിലായി രണ്ട് പുതിയ ഫെലോഷിപ്പ് പ്രോഗ്രാമുകളും ഈ വര്‍ഷം നവംബറില്‍ ആരംഭിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സമൂഹത്തിലെ എല്ലാ വിഭാഗം ആളുകള്‍ക്കും താങ്ങാവുന്ന നിരക്കില്‍ മികച്ച ആരോഗ്യപരിപാലനം ലഭ്യമാക്കുകയെന്നതില്‍ ആസ്റ്റര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ആസ്റ്റര്‍ മെഡ്‌സിറ്റി സിഇഒ അമ്പിളി വിജയരാഘവന്‍ പറഞ്ഞു. അതുകൊണ്ട് തന്നെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സേവനം ലഭ്യമാകുന്ന രീതിയിലാണ് ന്യൂറോളജി ഗ്ലോബല്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് പ്രവര്‍ത്തിക്കുകയെന്നും അവര്‍ വ്യക്തമാക്കി.
ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍, കേരള ക്ലസ്റ്റര്‍, ഒമാന്‍ റീജിയണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന്‍, ആസ്റ്റര്‍ മെഡ്‌സിറ്റി ന്യൂറോസര്‍ജറി വിഭാഗം ലീഡ് കണ്‍സള്‍ട്ടന്റ് ഡോ. ദിലിപ് പണിക്കര്‍, ന്യൂറോളജി വിഭാഗം ലീഡ് കണ്‍സള്‍ട്ടന്റ് ഡോ. ബോബി വര്‍ക്കി തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam