Print this page

കോവിഡ് മരണ നിര്‍ണയം: സംസ്ഥാനത്ത് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍

Covid Mortality: New Guidelines in the State Covid Mortality: New Guidelines in the State
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 മരണങ്ങളുടെ നിര്‍ണയത്തിനായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സുപ്രീം കോടതിയുടെ നിര്‍ദേശ പ്രകാരം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റേയും ഐസിഎംആറിന്റേയും മാര്‍ഗനിര്‍ദേശങ്ങള്‍ അടിസ്ഥാനമാക്കിയാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങളിറക്കിയത്. മരണപ്പെട്ടവരുടെ അടുത്ത ബന്ധുക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയില്‍ കോവിഡ് മരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കത്തക്ക വിധമമാണ് മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കിയത്. അര്‍ഹരായ എല്ലാവര്‍ക്കും പ്രയോജനം ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കോവിഡ് 19 മരണ നിര്‍ണയ സമിതി (സി.ഡി.എ.സി) രൂപീകരിക്കുന്നതാണ്. അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് (അഡീഷണല്‍ ജില്ലാ കളക്ടര്‍), ജില്ലാ മെഡിക്കല്‍ ഓഫീസര്‍, അഡീഷണല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍/ ജില്ലാ സര്‍വൈലന്‍സ് മെഡിക്കല്‍ ഓഫീസര്‍ (കോവിഡ്), ജില്ലയിലെ ഒരു മെഡിക്കല്‍ കോളേജിലെ മെഡിസിന്‍ വിഭാഗം മേധാവി (ജില്ലയില്‍ മെഡിക്കല്‍ കോളേജ് ഇല്ലെങ്കില്‍ ഡിഎസ്ഒ (നോണ്‍ കോവിഡ്) പരിഗണിക്കും), സാംക്രമിക രോഗങ്ങളുടെ തലവനോ പൊതുജനാരോഗ്യ വിദഗ്ദ്ധനോ (ലഭ്യമാകുന്നിടത്തെല്ലാം) ഉള്‍പ്പെട്ട വിഷയ വിദഗ്ദ്ധന്‍ എന്നിവര്‍ ചേര്‍ന്നതാണ് ജില്ലാ മരണ നിര്‍ണയ സമിതി.
കോവിഡ് മരണം സബന്ധിച്ചുള്ള ആവശ്യത്തിനായി ഇ-ഹെല്‍ത്ത് ഡെത്ത് ഇന്‍ഫോ വെബ്‌സൈറ്റ് (https://covid19.kerala.gov.in/deathinfo/) സജ്ജീകരിച്ചിട്ടുണ്ട്. സംസ്ഥാനം പ്രഖ്യാപിക്കുന്ന കോവിഡ് മൂലം മരിച്ചവരുടെ പേര് വിവരം ഈ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഇതില്‍ ഉള്‍പ്പെടാത്തവര്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് ഓണ്‍ ലൈന്‍ മുഖേന അപേക്ഷിക്കാവുന്നതാണ്. മാത്രമല്ല ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക കോവിഡ് മരണ രേഖയില്‍ തിരുത്തലുകള്‍ വരുത്താനും സാധിക്കുന്നതാണ്. ഓണ്‍ലൈനിലൂടെ തന്നെയാണ് അപേക്ഷയിന്‍മേല്‍ തീരുമാനമെടുക്കുന്നതും. ഒക്‌ടോബര്‍ 10 മുതല്‍ പുതിയ സംവിധാനം നിലവില്‍ വരുന്നതാണ്.
നേരത്തെ മരണ സര്‍ട്ടിഫിക്കറ്റ് ലഭിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്കും ആവശ്യമെങ്കില്‍ പുതിയ രീതിയിലുള്ള കോവിഡ് 19 മരണ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കാം. തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കുന്ന മരണ രജിസ്‌ട്രേഷന്‍ നമ്പര്‍ അവര്‍ ഓണ്‍ലൈനായി നല്‍കണം.
ലഭിക്കുന്ന അപേക്ഷകള്‍ വിശദമായ പരിശോധനയ്ക്ക് ശേഷം ഔദ്യോഗിക കോവിഡ് 19 മരണ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ്. ഇത് സംസ്ഥാന ചീഫ് രജിസ്ട്രാര്‍, ജനന മരണ രജിസ്ട്രാര്‍ എന്നിവരെ അറിയിക്കും. ലഭിക്കുന്ന അപേക്ഷകള്‍ 30 ദിവസത്തിനുള്ളില്‍ തീര്‍പ്പാക്കുന്നതാണ്. സംസ്ഥാന മെഡിക്കല്‍ ബോര്‍ഡ് ജില്ലകള്‍ക്ക് ഇതുസംബന്ധിച്ച് പരിശീലനം നല്‍കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam