Print this page

ആശുപത്രികളെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയര്‍ത്താന്‍ കര്‍മ്മ പദ്ധതി: മന്ത്രി വീണാ ജോര്‍ജ്

Action Plan to Raise Hospitals to National Quality: Minister Veena George Action Plan to Raise Hospitals to National Quality: Minister Veena George
ഗുണനിലവാരം ഉറപ്പാക്കല്‍ എല്ലാ ജില്ലാ ആശുപത്രികളിലേക്കും
ആദ്യ ഘട്ടത്തില്‍ തെരഞ്ഞെടുത്തിരിക്കുന്നത് 42 ആശുപത്രികളെ
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളെ ദേശിയ ഗുണനിലവാരത്തിലേക്ക് ഉയര്‍ത്താന്‍ കര്‍മ്മ പദ്ധതി ആവിഷ്‌ക്കരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എല്ലാ ജില്ലാ ആശുപത്രികളിലും ഗുണനിലവാരം ഉറപ്പാക്കും. ഇതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. എംഎല്‍എമാരുടെയും മറ്റ് ജനപ്രതിനിധികളുടേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും സഹകരണത്തോടെ സര്‍ക്കാര്‍ ആശുപത്രികളെ ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യം. ആദ്യഘട്ടത്തില്‍ 42 ആശുപത്രികളെയാണ് ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്. സമയ ബന്ധിതമായി ആശുപത്രികളെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനും അതിലൂടെ നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്), ലക്ഷ്യ സ്റ്റാന്‍ഡേര്‍ഡ് എന്നിവ നേടിയെടുക്കുന്നതിനുമാണ് ലക്ഷ്യമിടുന്നത്. മികച്ച സംവിധാനങ്ങളൊരുക്കുന്നതിലൂടെ രോഗികള്‍ക്കും ജീവനക്കാര്‍ക്കും മികച്ച സൗകര്യങ്ങള്‍ ലഭിക്കുന്നു. മാത്രമല്ല മികച്ച സേവനങ്ങളും ലഭ്യമാകുന്നു. ഇതിലൂടെ സര്‍ക്കാര്‍ ആശുപത്രികളുടെ മുഖഛായ തന്നെ മാറുമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് നിലവില്‍ 148 ആശുപത്രികള്‍ക്കാണ് എന്‍.ക്യു.എ.എസ്. അംഗീകാരം നേടിയെടുക്കാനായത്. 5 ജില്ലാ ആശുപത്രികള്‍, 4 താലൂക്ക് ആശുപത്രികള്‍, 8 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 38 അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍, 93 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്നിങ്ങനെയാണ് എന്‍.ക്യു.എ.എസ്. അംഗീകാരം നേടിയിട്ടുള്ളത്. ഇതുകൂടാതെയാണ് പുതുതായി കൂടുതല്‍ ആശുപത്രികളെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയര്‍ത്തുന്നത്.
ദേശീയ ഗുണനിലവാരത്തിലേക്ക് ഒരാശുപത്രിയെ മാറ്റുന്നതിന് നിരവധി മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്. സര്‍വീസ് പ്രൊവിഷന്‍, പേഷ്യന്റ് റൈറ്റ്‌സ്, ഇന്‍പുട്‌സ്, സപ്പോര്‍ട്ടീവ് സര്‍വീസസ്, ക്ലിനിക്കല്‍ സര്‍വീസസ്, ഇന്‍ഫെക്ഷന്‍ കണ്ട്രോള്‍, ക്വാളിറ്റി മാനേജ്‌മെന്റ്, ഔട്ട്കം എന്നീ 8 വിഭാഗങ്ങളായി 6,500 ഓളം ചെക്ക് പോയിന്റുകള്‍ വിലയിരുത്തിയാണ് എന്‍.ക്യു.എ.എസ്. അംഗീകാരം നല്‍കുന്നത്. ജില്ലാതല, സംസ്ഥാനതല, ദേശീയതല പരിശോധനകള്‍ക്ക് ശേഷമാണ് ആശുപത്രികളുടെ ഗുണനിലവാര മാനദണ്ഡം ഉറപ്പാക്കുന്നത്. ഇവയില്‍ ഓരോ വിഭാഗത്തിലും 70 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടുന്ന സ്ഥാപനങ്ങള്‍ക്കാണ് എന്‍.ക്യു.എ.എസ്. അംഗീകാരം നല്‍കുന്നത്.
എന്‍.ക്യു.എ.എസ്. അംഗീകാരത്തിന് 3 വര്‍ഷ കാലാവധിയാണുളളത്. 3 വര്‍ഷത്തിന് ശേഷം ദേശീയതല സംഘത്തിന്റെ പുന:പരിശോധന ഉണ്ടാകും. കൂടാതെ വര്‍ഷാവര്‍ഷം സംസ്ഥാനതല പരിശോധനയുമുണ്ടാകും. എന്‍.ക്യു.എ.എസ്. അംഗീകാരം ലഭിക്കുന്ന പി.എച്ച്.സി.കള്‍ക്ക് 2 ലക്ഷം രൂപാ വീതവും മറ്റ് ആശുപത്രികള്‍ക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാര്‍ഷിക ഇന്‍സന്റീവ് ലഭിക്കും. ഇതും ആശുപത്രി വികസനത്തിന് ഏറെ സഹായിക്കും. പ്രസവം നടക്കുന്ന ആശുപത്രികളില്‍ ലക്ഷ്യ സ്റ്റാന്‍ഡേര്‍ഡ് പ്രകാരം മികച്ച സൗകര്യങ്ങളൊരുക്കാനും ലക്ഷ്യമിടുന്നു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam