Print this page

ലഹരിമുക്ത കാമ്പസ് ബോധവല്‍ക്കരണ പ്രചാരണവുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക്

With drug free campus awareness campaign   South Indian Bank With drug free campus awareness campaign South Indian Bank
തൃശൂര്‍: ലഹരി ഉപയോഗത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്താന്‍ ലഹരി മുക്ത കാമ്പസ് പ്രചാരണത്തിന് സൗത്ത് ഇന്ത്യന്‍ ബാങ്ക് തുടക്കമിട്ടു. പദ്ധതിയുടെ ഉല്‍ഘാടനം ചാലക്കുടി സികെഎംഎന്‍എസ്എസ് സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ എസ്‌ഐബി എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ഗ്രൂപ്പ് ബിസിനസ് ഹെഡുമായ തോമസ് ജോസഫ് കെ നിര്‍വഹിച്ചു. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അവബോധം വളര്‍ത്തുന്നതിന് ഇത്തരം കാമ്പെയ്നുകള്‍ വളരെ പ്രധാനമാണ്, കൂടാതെ സാമൂഹിക പ്രതിബദ്ധതയുള്ള ഇത്തരം സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് എപ്പോഴും പ്രതിജ്ഞാബദ്ധരാണ് എന്ന് അദ്ദേഹം പറഞ്ഞു.
വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗം ഒരു സാമൂഹിക വിപത്തായി മാറുന്നത് തടയാന്‍ സര്‍ക്കാര്‍ സംസ്ഥാന വ്യാപകമായി നടത്തിവരുന്ന ലഹരി വിരുദ്ധ പ്രചാരണത്തിന് പിന്തുണയുമായാണ് സൗത്ത് ഇന്ത്യന്‍ ബാങ്ക് കാമ്പസുകളില്‍ പ്രചാരണത്തിന് തുടക്കമിട്ടിരിക്കുന്നത്.
സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ സാമൂഹ്യ ഉത്തരവാദിത്ത പദ്ധതിയുടെ ഭാഗമായാണ് ലഹരി മുക്ത കാമ്പസ് പ്രചാരണം. തെരഞ്ഞെടുത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എക്‌സൈസ് വകുപ്പ്, നാര്‍ക്കോട്ടിക് സെല്‍ എന്നിവരുമായി സഹകരിച്ചാണ് സൗത്ത് ഇന്ത്യന്‍ ബാങ്ക് പദ്ധതി നടപ്പാക്കുന്നത്.
ചാലക്കുടിയില്‍ നടന്ന പരിപാടിയില്‍ എക്‌സൈസ് വകുപ്പ് പ്രിവന്റീവ് ഓഫീസര്‍ രാമചന്ദ്രന്‍ പി ബോധവല്‍ക്കരണ ക്ലാസിന് നേതൃത്വം നല്‍കി. സികെഎംഎന്‍എസ്എസ് സീനിയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷീല വര്‍ഗീസ്, എസ്‌ഐബി ഡെപ്യൂട്ടി ജനറല്‍ മാനേജരും റീജനല്‍ ഹെഡുമായ രാജേഷ് ഐ ആര്‍ എന്നിവര്‍ പങ്കെടുത്തു. സേഫ് ക്യാമ്പസ് ഹെല്‍ത്തി ക്യാമ്പസ് എന്ന പ്രമേയത്തില്‍ സികെഎംഎന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ പോസ്റ്റര്‍ നിര്‍മാണ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. വിദ്യാര്‍ത്ഥികളുടെ മൂകാഭിനയവും നടന്നു.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്കും പ്രചാരണം വ്യാപിപ്പിക്കാന്‍ ബാങ്ക് പദ്ധതിയിടുന്നുണ്ട്. ലഹരി മുക്ത കാമ്പസ് പ്രചരണത്തിന്റെ ഭാഗമായി പോസ്റ്റര്‍ മേക്കിങ് മത്സരം, മൂകാഭിനയം, തെരുവുനാടകം തുടങ്ങിയ പരിപാടികളും കാമ്പസുകളില്‍ സംഘടിപ്പിക്കും.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam