Print this page

സംസ്ഥാന കായകല്‍പ്പ് അവാര്‍ഡ് പ്രഖ്യാപിച്ചു

State Fitness Award announced State Fitness Award announced
തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന കായകല്‍പ്പ് അവാര്‍ഡ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി സര്‍ക്കാര്‍ ആവിഷ്‌കരിച്ച അവാര്‍ഡാണ് കായകല്‍പ്പ്. ജില്ലാതല ആശുപത്രികളില്‍ 92.75 ശതമാനം സ്‌കോര്‍ നേടി ജില്ലാ ആശുപത്രി കൊല്ലം, ജനറല്‍ ആശുപത്രി എറണാകുളം ഒന്നാം സ്ഥാനമായ 50 ലക്ഷം രൂപ പങ്കിട്ടു. ജില്ലാ തലത്തില്‍ 89.24 ശതമാനം സ്‌കോറോടെ രണ്ടാം സ്ഥാനമായ 20 ലക്ഷം രൂപ ജനറല്‍ ആശുപത്രി തൃശൂര്‍ കരസ്ഥമാക്കി. ജില്ലാതലത്തില്‍ 70 ശതമാനത്തില്‍ കൂടുതല്‍ സ്‌കോര്‍ നേടിയ 6 ആശുപത്രികള്‍ 3 ലക്ഷം രൂപ വീതം കമന്‍ഡേഷന്‍ അവാര്‍ഡുകളും നേടിയിട്ടുണ്ട്.
സബ് ജില്ലാ തലത്തില്‍ താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി പുനലൂര്‍, കൊല്ലം (91.06 ശതമാനം) ഒന്നാം സ്ഥാനമായ 15 ലക്ഷം രൂപയുടെ അവാര്‍ഡ് കരസ്ഥമാക്കി. രണ്ടാം സ്ഥാനമായ 10 ലക്ഷം രൂപ താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി താമരശേരി, കോഴിക്കോട് (89.95 ശതമാനം) കരസ്ഥമാക്കി. അതോടൊപ്പം തന്നെ സബ് ജില്ലാതലത്തില്‍ 70 ശതമാനത്തില്‍ കൂടുതല്‍ സ്‌കോര്‍ നേടിയ 7 ആശുപത്രികള്‍ക്ക് 1 ലക്ഷം രൂപ വീതം കമന്‍ഡേഷന്‍ അവാര്‍ഡുകള്‍ ലഭിക്കുന്നതാണ്.
സാമൂഹികാരോഗ്യ കേന്ദ്രങ്ങളില്‍ ഒന്നാം സ്ഥാനമായ 3 ലക്ഷം രൂപയ്ക്ക് സി.എച്ച്.സി പെരിഞ്ഞനം തൃശൂര്‍ (91.29 ശതമാനം) അര്‍ഹത നേടി. അതോടൊപ്പം തന്നെ സാമൂഹികാരോഗ്യ കേന്ദ്രങ്ങളില്‍ 70 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ 13 ആശുപത്രികള്‍ക്ക് 1 ലക്ഷം രൂപ വീതം കമന്‍ഡേഷന്‍ അവാര്‍ഡുകള്‍ ലഭിക്കുന്നതാണ്.
അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ വിഭാഗങ്ങളെ 3 ക്ലസ്റ്റര്‍ ആയി തിരിച്ചാണ് അവാര്‍ഡ് നല്‍കിയത്. അതില്‍ ഫസ്റ്റ് ക്ലസ്റ്ററില്‍ അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ തിരുവല്ല, പത്തനംതിട്ട (99.2 ശതമാനം) 2 ലക്ഷം രൂപ കരസ്ഥമാക്കി. രണ്ടാം സ്ഥാനമായ 1.5 ലക്ഷം രൂപ അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ മാമ്പഴക്കര, തിരുവനന്തപുരം (96.3 ശതമാനം) കരസ്ഥമാക്കി. അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ മുട്ടട, തിരുവനന്തപുരം (95.8 ശതമാനം) ഒരു ലക്ഷം രൂപയുടെ മൂന്നാം സ്ഥാനത്തിന് അര്‍ഹരായി.
സെക്കന്റ് ക്ലസ്റ്ററില്‍ അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ വി.ആര്‍. പുരം തൃശൂര്‍ (98.3 ശതമാനം) ഒന്നാം സ്ഥാനവും, അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ ഗോസായിക്കുന്ന്, തൃശൂര്‍ (97.9 ശതമാനം) രണ്ടാം സ്ഥാനവും, അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ എളമാന്‍തോപ്പ്, എറണാകുളം (96.3 ശതമാനം) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
തേര്‍ഡ് ക്ലസ്റ്ററില്‍ അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ വെട്ടേക്കോട്, മലപ്പുറം 92.9 ശതമാനത്തോടെ ഒന്നാം സ്ഥാനവും അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ പുളിങ്കുന്ന്, കാസര്‍ഗോഡ് 90 ശതമാനത്തോടെ രണ്ടാം സ്ഥാനവും അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ കല്‍പ്പറ്റ, വയനാട് 87.9 ശതമാനം മാര്‍ക്കോടെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
അതോടൊപ്പം തന്നെ നഗരപ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ 70 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ 9 ആശുപത്രികള്‍ക്ക് 50,000 രൂപ വീതം കമന്‍ഡേഷന്‍ അവാര്‍ഡുകള്‍ ലഭിക്കുന്നതാണ്.
പ്രാഥമികാരോഗ്യ കേന്ദ്ര വിഭാഗത്തില്‍ എല്ലാ ജില്ലകളില്‍ നിന്നും ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിച്ച പ്രാഥമികാരോഗ്യ കേന്ദ്രത്തിന് 2 ലക്ഷം രൂപ വീതവും ജില്ലയില്‍ തന്നെ 70 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ച രണ്ട് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്ക് 50,000 രൂപ വീതവും അവാര്‍ഡ് തുക ലഭിക്കുന്നതാണ്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam