കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിലൂടെ ലോകം തന്നെ ജിബ്ലി-സ്റ്റൈൽ ട്രെൻഡിന് പിന്നാലെയാണ്. ഈ ദിവസങ്ങളിൽ ഏറ്റവും ചുരുങ്ങിയത് ഒരു ഫോട്ടോയെങ്കിലും ഗിബ്ലി-സ്റ്റൈലിലേക്ക് മാറ്റാത്തവർ ചുരുക്കമായിരിക്കും. ഓപ്പൺ എഐയുടെ ഏറ്റവും പുതിയ ഇമേജ് - ജനറേഷൻ അപ്‌ഡേറ്റ് ആയ ജിബ്ലി - സ്റ്റൈൽ ഇന്‍റർനെറ്റ് ലോകത്തെ വലിയ ആവേശത്തിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. ഉപയോക്താക്കൾക്ക് അവരുടെ ചിത്രങ്ങളെ അതിശയിപ്പിക്കുന്ന സ്റ്റുഡിയോ ജിബ്ലി - സ്റ്റൈൽ പോർട്രെയ്‌റ്റുകളാക്കി മാറ്റാൻ ഇത് അനുവദിക്കുന്നു. പുതിയ ജിപിടി - 4o മോഡലാണ് ഈ സവിശേഷതയ്ക്ക് കരുത്ത് പകരുന്നത്.
ഉപയോക്താക്കൾ അവരുടെ എഐ - സൃഷ്ടികൾ സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഒന്നിച്ചുള്ള പ്രിയപ്പെട്ട ഫോട്ടോകൾ, സിനിമ കഥാപാത്രങ്ങൾ എന്നിവയെല്ലാം ജിബ്ലി സ്റ്റൈൽ പോർട്രേറ്റുകളാക്കി വ്യാപകമായി സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കു വച്ചതോടെ ഓപ്പൺ എഐ സിഇഒ സാം ആൾട്ട്മാന് പോലും ഇതിൽ ഇടപെടേണ്ടി വന്നു. തന്‍റെ ടീമിന് വിശ്രമം ആവശ്യമാണെന്നും ഉപയോക്താക്കളോട് അല്പം സാവധാനത്തിൽ കാര്യങ്ങൾ ചെയ്യാനുമായിരുന്നു അദ്ദേഹത്തിന്‍റെ അഭ്യർത്ഥന.
എന്നാൽ, ഈ ട്രെൻഡ് എപ്പോൾ എവിടെ എങ്ങനെ ആരംഭിച്ചുവെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? സിയാറ്റിൽ ആസ്ഥാനമായുള്ള സോഫ്റ്റ്‌വെയർ എഞ്ചിനീയർ ഗ്രാന്‍റ് സ്ലാട്ടൺ ആണ് ഈ ട്രെൻഡിനെ ഇത്രമാത്രം ജനപ്രിയമാക്കിയതിന് പിന്നിലെ ബുദ്ധി. ഓപ്പൺഎഐ അതിന്‍റെ ഇമേജ്-ജനറേറ്റർ അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെ, സ്ലാട്ടൺ തന്‍റെ ഭാര്യയും വളർത്തുനായയും ഉൾപ്പെടെയുള്ള കുടുംബത്തോടൊപ്പം ഗിബ്ലി-സ്റ്റൈൽ ചിത്രം എക്‌സിൽ (മുമ്പ് ട്വിറ്റർ എന്നറിയപ്പെട്ടിരുന്നു) പങ്കിട്ടു. ഒപ്പം സ്റ്റുഡിയോ ജിബ്ലി പരീക്ഷിച്ചു നോക്കുവാനുള്ള ആഹ്വാനവും നടത്തി.
താമസിയാതെ, സ്ലാട്ടന്‍റെ പോസ്റ്റ് ഇന്‍റർനെറ്റിൽ ഒരു ചർച്ചാ വിഷയമായി, ബിസിനസ് ഇൻസൈഡർ ലേഖനത്തിൽ പോലും ഇടം നേടി, ദശലക്ഷക്കണക്കിന് ആളുകൾ അദ്ദേഹത്തിന്‍റെ പോസ്റ്റ് അനുകരിച്ചു. ഇതുവരെ ഏകദേശം 50 ദശലക്ഷം കാഴ്ചകളും 45,000-ത്തിലധികം ലൈക്കുകളും ഇദ്ദേഹത്തിൻറെ പോസ്റ്റ് നേടി കഴിഞ്ഞു. തുടക്കത്തിൽ ചാറ്റ്ജിപിടിയുടെ പണമടച്ചുള്ള സബ്‌സ്‌ക്രൈബർമാർക്ക് വേണ്ടി പുറത്തിറക്കിയ ഈ ഫീച്ചർ ഇപ്പോൾ എല്ലാവർക്കും ലഭ്യമാണ്. എന്നിരുന്നാലും, സൗജന്യ ഉപയോക്താക്കൾക്ക് പരിമിതമായ ഉപയോഗം മാത്രമേ ലഭ്യമാകൂ. അതേസമയം ജിബ്ലി ചിത്രങ്ങൾ കൈ കൊണ്ട് വരച്ച് ആദ്യമായി ലോകത്തിന് കാണിച്ച് കൊടുത്ത ജിബ്ലി ചിത്രങ്ങളുടെ സ്രഷ്ടാവായ മിയാസാക്കി ഹയാവോ പുതിയ എഐ ജനറേറ്റഡ് ജിബ്ലി ചിത്രങ്ങൾക്കെതിരെ രംഗത്തെത്തിയിരുന്നു. അത് കാണുന്നത് തന്നെ അപമാനമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.