Print this page

വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യത്തിലേക്കടുക്കുന്നു- മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

Vizhinjam port is becoming a reality - Minister Ahmed Devarkovil Vizhinjam port is becoming a reality - Minister Ahmed Devarkovil
വിഴിഞ്ഞം തുറമുഖം അതിവേഗം യാഥാര്‍ഥ്യത്തിലേക്ക് അടുക്കുകയാണെന്ന് തുറമുഖ വകുപ്പു മന്ത്രി അഹമ്മദ് ദേവര്‍കോവല്‍. തിരുവനന്തപുരം പ്രസ്‌ക്ലബ്ബില്‍ സംഘടിപ്പിച്ച മാരിടൈം കസ്റ്റംസ് ആന്റ് ലോജിസ്റ്റിക് ലോയേഴ്സ് അസോസിയേഷന്റെ (എം-ക്ലാറ്റ്) രണ്ടാം വാര്‍ഷികാഘോഷവും മാരിടൈം ദിനാഘോഷവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. അടുത്തവര്‍ഷം അവസാനത്തോടെ തുറമുഖത്തുനിന്നുള്ള കപ്പല്‍ ഗതാഗതം ആരംഭിക്കാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. തുറമുഖ നിര്‍മ്മാണത്തില്‍ ഇപ്പോള്‍ തിരിച്ചടികളുണ്ടായിട്ടുണ്ട്. അത് താല്‍ക്കാലികമാണെന്ന് എല്ലാവര്‍ക്കുമറിയാം. വിഴിഞ്ഞം യാഥാര്‍ത്ഥ്യമാകുന്നതോടെ ഇന്ത്യയുടെ രാജ്യാന്തര കവാടമായി കേരളം മാറും. ഇന്ന് കൂറ്റന്‍ മദര്‍ഷിപ്പുകളാണ് രാജ്യാന്തര ചരക്കുകടത്തിന്റെ പ്രധാനമാര്‍ഗ്ഗം. മദര്‍ പോര്‍ട്ടുകള്‍ നിലവിലില്ലാത്തത് ഈ രംഗത്ത് ഇന്ത്യക്ക് ഗണ്യമായ നഷ്ടമുണ്ടാക്കിയിട്ടുണ്ട്. ലോകത്തില്‍ ഇപ്പോള്‍ സര്‍വ്വീസ് നടത്തുന്ന ഏറ്റവും വലിയ കപ്പലിനും അടുക്കുവാന്‍ കഴിയുന്ന തരത്തിലാണ് വിഴിഞ്ഞം തുറമുഖം വിഭാവനം ചെയ്തിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. വിഴിഞ്ഞം തുറമുഖം പൂര്‍ത്തിയാവുന്നതോടെ
കണ്ണൂര്‍ അഴീക്കലില്‍ 3000 കോടി രൂപ മുതല്‍ മുടക്കുള്ള ഒരു ചെറുകിട തുറമുഖം സ്ഥാപിക്കുന്നതിനുള്ള നടപടികളും ആരംഭിക്കും. ഇതിനുള്ള DPR തയ്യാറാക്കുന്ന നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം ആദ്യത്തോടെ ഈ തുറമുഖത്തിന് തറക്കല്ലിടാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഈ തുറമുഖം യാഥാര്‍ഥ്യമായാല്‍ സംസ്ഥാനത്തിന്റെ 600 കി.മി. തീരപ്രദേശവും ചരക്കു നീക്കത്തിന്റെ കേന്ദ്രമായി മാറുമെന്നും മന്ത്രി പറഞ്ഞു. മാരിടൈം, കസ്റ്റംസ്, ഇന്റര്‍ നാഷണല്‍ ട്രേഡ് രംഗങ്ങളില്‍ വിവിധ കോഴ്സുകള്‍ തുടങ്ങുതിന് എം-ക്ലാറ്റ് തയ്യാറാക്കിയ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് ചടങ്ങില്‍വച്ച് മന്ത്രിക്ക് കൈമാറി. റിപ്പോര്‍ട്ട് പഠിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. എം-ക്ലാറ്റ് സെക്രട്ടറി അഡ്വ കെ.ജെ. തോമസ് കല്ലംമ്പള്ളി രചിച്ച കടലും കപ്പലും എന്ന പുസ്തകത്തിന്റെ പ്രകാശനം കേരള മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍ എന്‍.എസ്.പിള്ളക്ക് നല്‍കിക്കൊണ്ട് മന്ത്രി നിര്‍വഹിച്ചു. എം-ക്ലാറ്റ് പ്രസിഡന്റ് അഡ്വ പരവൂര്‍ ശശിധരന്‍പിള്ള അധ്യക്ഷയി. തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍ പ്രസിഡന്റും കേരള ബാര്‍ കൗണ്‍സില്‍ വൈസ് പ്രസിഡന്റുമായ അഡ്വക്കേറ്റ് ആനയറ ഷാജി, എം-ക്ലാറ്റ് സെക്രട്ടറി അഡ്വ. കെ.ജെ.തോമസ് കല്ലംമ്പള്ളി, ജോയിന്റ് സെക്രട്ടറി അഡ്വ. വിജയകുമാരന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam