Print this page

സിംഗപ്പൂര്‍ മണ്ണില്‍ വിസ്മയങ്ങള്‍ വിരിയിച്ച് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികള്‍

Children of different abilities at the Different Art Center spreading wonders in the soil of Singapore Children of different abilities at the Different Art Center spreading wonders in the soil of Singapore
സിംഗപ്പൂര്‍: കലാവിസ്മയങ്ങള്‍ കൊണ്ട് സിംഗപ്പൂരിന്റെ മണ്ണില്‍ പുതുചരിത്രം എഴുതി ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികള്‍. സിംഗപ്പൂരിലെ ആയിരക്കണക്കിന് കാണികളുടെ മനസ്സിലാണ് ഭിന്നമായ കഴിവുകളുടെ പുതു അദ്ധ്യായം രചിച്ചത്. പരിമിതികളെ കാറ്റില്‍പ്പറത്തി ചുവടുകള്‍ പിഴയ്ക്കാതെ, താളവും സ്വരവും തെറ്റാതെ അവര്‍ പത്തരമാറ്റ് പ്രകടനങ്ങള്‍ നടത്തി കാണികളെ വിസ്മയിപ്പിച്ചു. കുട്ടികളുടെ പ്രകടനം കാണുവാൻ സിംഗപ്പൂര്‍ മിനിസ്ട്രി ഓഫ് കള്‍ച്ചര്‍, കമ്മ്യൂണിറ്റി ആന്റ് യൂത്ത്, സോഷ്യല്‍ ആന്റ് ഫാമിലി ഡെവലപ്മെന്റ് പാര്‍ലമെന്ററി സെക്രട്ടറി എറിക് ചുവയും എത്തിയിരുന്നു. കുട്ടികളുടെ പ്രകടനം കണ്ട് അമ്പരന്ന അദ്ദേഹം പരിപാടിക്കൊടുവില്‍ കുട്ടികളെ എല്ലാവരെയും അഭിനന്ദിച്ചു. ഡിഫറന്റ് ആര്‍ട് സെന്ററില്‍ നടപ്പിലാക്കിയ പ്രത്യേക മൊഡ്യൂളിനെ ആസ്പദമാക്കിയുള്ള പരിശീലന പരിപാടിയിലൂടെ കുട്ടികള്‍ക്ക് വന്ന മാറ്റങ്ങള്‍ സംബന്ധിച്ച് ഗവണ്‍മെന്റ് ഏജന്‍സികളായ ഐക്കണ്‍സ്, സി.ഡി.സി എന്നിവര്‍ സാക്ഷ്യപ്പെടുത്തിയ റിപ്പോര്‍ട്ട് സെക്രട്ടറിക്ക് മുമ്പില്‍ ഗോപിനാഥ് മുതുകാട് വിശദീകരിച്ചു. ഏറെ പ്രാധാന്യം കൊടുക്കേണ്ട ഒരു സമൂഹത്തെ തന്നെയാണ് ഗോപിനാഥ് മുതുകാട് ചേർത്തു നിർത്തിയിരിക്കുന്നതെന്നും മഹത്തരമായ ഈ പ്രവർത്തനം ഏറെ മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളുടെ ഓരോ പ്രകടനവും നിറഞ്ഞ മനസ്സോടെയാണ് കണ്ടിരുന്നത്. കലാപരമായ പ്രവര്‍ത്തനങ്ങളിലൂടെ കുട്ടികളില്‍ മാറ്റമുണ്ടാക്കുവാന്‍ കഴിയുന്ന ലോകമാതൃകയാണ് മുതുകാടിന്റെ നേതൃത്വത്തില്‍ നടപ്പില്‍വരുത്തിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടിൽ നിന്നും മനസ്സിലാകുന്നു. ഇത്തരം മൊഡ്യൂൾ സിംഗപ്പൂരിൽ പ്രാവർത്തികമാക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റിപ്പബ്ലിക് പോളിടെക്നിക് അഗോരാ ഹാളിനെ ഇളക്കിമറിച്ച ഓരോ പ്രകടനത്തിനൊടുവിലും കാണികള്‍ എഴുന്നേറ്റ് നിന്നാണ് കരഘോഷം മുഴക്കിയത്. പുതിയ രാജ്യവും പുതിയ സാഹചര്യവും പുതിയ വേദിയുമൊന്നും കുട്ടികളെ ബാധിച്ചതേയില്ല. അമ്പരപ്പോ അങ്കലാപ്പോ ഇല്ലാതെ മിന്നും പ്രകടനങ്ങള്‍ കാണികള്‍ക്ക് സമ്മാനിച്ചു. ഇതാദ്യമായാണ് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികള്‍ ഒരു വിദേശപരിപാടി അവതരിപ്പിക്കുന്നത്. ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിലുള്ള 25 അംഗ സംഘമാണ് പരിപാടി അവതരിപ്പിക്കാനായി സിംഗപ്പൂരിൽ എത്തിയത്.
ആദിയുഷ സന്ധ്യപൂത്തതിവിടെ എന്ന ഗാനത്തോടെയാണ് ഭിന്നശേഷിക്കുട്ടികളുടെ കലാപരിപാടികള്‍ ആരംഭിച്ചത്. തുടര്‍ന്ന് നൃത്തവും ഉപകരണ സംഗീത പ്രകടനവും ഹാസ്യവിരുന്നുമൊക്കെ കാണികളുടെ മുമ്പില്‍ പരിപൂര്‍ണതയോടെ അവർ അവതരിപ്പിച്ചു. അമല്‍ അജയകുമാര്‍ തന്റെ അമ്മയെ ചേർത്ത് നിർത്തി, അമ്മയ്ക്കായി പാടിയ അമ്മമഴക്കാറിന് കണ്‍ നനഞ്ഞു എന്ന ഗാനം നിറകണ്ണുകളോടെയാണ് ഏവരും സ്വീകരിച്ചത്. ഡിഫറന്റ് ആർട്ട് സെന്ററിലേയ്ക്ക് വരുമ്പോൾ തന്റെ മകന് വാക്കുകൾ കൃത്യമായി പറയുവാൻ കഴിയുമായിരുന്നില്ല. ഇന്ന് ഈ വേദിയിൽ ഒരു പിഴവു പോലും കൂടാതെ പാട്ടുപാടാൻ കഴിഞ്ഞത് അവന്റെയും എന്റെയും ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമാണെന്ന് അമലിന്റെ അമ്മ നിറകണ്ണുകളോടെ പറയുമ്പോൾ സദസ്സ് ഒന്നടങ്കം എഴുന്നേറ്റു നിന്ന് കയ്യടിച്ചു. റുക്‌സാനയുടെ വയലിന്‍ വാദനവും കാഴ്ച പരിമിതനായ ശ്രീകാന്തിന്റെ ശങ്കരാഭരണത്തിലെ ശങ്കരാ എന്ന സെമി ക്ലാസിക്കൽ ഗാനവും എല്‍ദോയുടെ ഫിഗര്‍ ഷോയുമൊക്കെ കാണികളുടെ മനം കവര്‍ന്നു. 23ന് സംഘം നാട്ടില്‍ തിരിച്ചെത്തും.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam